The Dark Night Interloper

Share

Date: Aug 15 /2020

NAD മുകൾ

എടത്തല പഞ്ചായത്ത്

ആലുവ

 

രാത്രി സ്ഥിരമായി വളരെ വൈകി ഉറങ്ങുന്നതിനാൽ സാധാരണ എണീക്കുന്നത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ്. സ്വാതന്ത്ര്യ ദിനം ആയതിനാൽ രാവിലെ മുതൽ വരുന്ന മെസേജുകളുടെ ശബ്ദം കേട്ട് ഉറക്കം ഒക്കെ പോയി ബെഡിൽ തന്നെ കിടക്കുകയാണ് ഞാൻ. അപ്പോളാണ് വാട്സാപ്പിൽ ശരണ്യയുടെ (Wife) കോൾ വന്നത്. അവളോട് സംസാരിച്ച് ബെഡിൽ നിന്ന് എണീക്കുമ്പോൾ പുറത്ത് എന്തോ ബഹളം കേൾക്കാമായിരുന്നു. ഞങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുന്നത്. 2 നിലയുള്ള വീടിന്റെ മുകളിൽ ഞങ്ങളും താഴെ വീട്ടുടമസ്ഥനായ വിപിൻ ചേട്ടനും കുടുംബവും. പപ്പയും മമ്മിയും താഴെ വിപിൻ ചേട്ടനോടും ഭാര്യയായ ശ്രീഭ ചേച്ചിയോടും സംസാരിക്കുന്ന ശബ്ദമാണ് ഞാൻ കേൾക്കുന്നത്. ഉച്ചത്തിലുള്ള സംസാരം ആയതിനാൽ എന്തോ പ്രധാനപ്പെട്ട കാര്യമാണ് സംസാരിക്കുന്നതെന്ന് മനസിലായി. കോൾ ഹോൾഡ് ചെയ്ത് അവരുടെ സംസാരം ശ്രദ്ധിച്ചപ്പോൾ കേട്ടത് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല..

പുലി! നാട്ടിൽ പുലി ഇറങ്ങി എന്ന്! ആരോ കഴിഞ്ഞ ദിവസം നേരിട്ട് പുലിയെ കണ്ടു പോലും!

എന്ത്! പുലിയോ? ഈ നാട്ടിലെങ്ങും പുലി ഇറങ്ങിയ ചരിത്രമില്ല, മാത്രമല്ല ഇവിടുന്ന് ഏറ്റവും അടുത്ത ഫോറസ്റ്റ് ഏരിയയിലേക്ക് ഏതാണ്ട് 35 കിലോമീറ്റർ ദൂരവുമുണ്ട്. അതിനിടയ്ക്ക് കുറഞ്ഞത് 2 സിറ്റിയും 5 ൽ അധികം ടൗണുകളുമുണ്ട്. ഇവിടെയെല്ലാം ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളുമാണ്. ഇതെല്ലാം കടന്ന് പുലി ഇവിടെ വരെ എത്താനുള്ള സാധ്യത വളരെ കുറവാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇറങ്ങിയത് പുലിയാണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. മാത്രമല്ല, ഏതാണ്ട് 4 വർഷങ്ങൾക്ക് മുൻപ് (13 June 2016) വീടിനടുത്ത് വച്ച് “പാക്കാൻ” (മാക്കാൻ, കാട്ടു മാക്കാൻ, വള്ളി പുലി ) എന്ന് അറിയപ്പെടുന്ന ഒരു തരം വലിയ കാട്ടു പൂച്ചയെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതുമാണ്. (ആ സംഭവത്തെ പറ്റി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click Here: THE GREY DEMON) ആദ്യമായി പാക്കാനെ കാണുന്ന ഒരാൾ അതിനെ പുലിയായി തെറ്റിദ്ധരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്റെ സ്വന്തം നാടായ കോട്ടയം ജില്ലയിലെ ഞീഴൂർ എന്ന സ്ഥലത്ത് ഒരു കാലത്ത് പാക്കാൻ ഒരു പാട്  ഉണ്ടായിരുന്നതിനാൽ ചെറുപ്പം മുതലേ ഞാനതിനെ പറ്റി കേട്ടിട്ടുണ്ടായിരുന്നു. പട്ടിയുടെതിനെക്കാൾ വലുപ്പവും പൂച്ചയുടെ രൂപവുമുള്ള ജീവി! കോഴി, ആട് പോലുള്ള നാട്ടിലെ വളർത്തു മൃഗങ്ങളെയും അണ്ണാൻ മുയൽ പോലുള്ള ചെറു കാട്ടു മൃഗങ്ങളെയും ഭക്ഷിച്ച് ഇടതൂർന്ന മരക്കൂട്ടത്തിലും തിങ്ങി നിറഞ്ഞ പച്ചിലക്കാട്ടിലും വസിക്കുന്ന ജീവി!

A Paakkan Look Alike

ഒരു പക്ഷേ പുലിയെ കണ്ടു എന്ന് അവകാശപ്പെടുന്ന ആൾ കണ്ടത് ഈ പാക്കാനെ ആവും! കവലയിലേക്ക് പോകുന്ന വഴിയിൽ തോടിന് കുറുകേയുള്ള ചെറിയ പാലത്തിൽ വച്ചാണ് തലേന്ന് രാത്രി (August 14 | 01:45 AM) അത് വഴി ഓട്ടോ ഓടിച്ച് വന്നയാൾ ഇതിനെ നേരിട്ട് കണ്ടു എന്ന് പറയുന്നത്! പാലത്തിനോട് ചേർന്നുള്ള ഒരു വീടിന്റെ CCTV ൽ പുലിയെ കിട്ടിയെന്നും അതിന്റെ ഫൂട്ടേജ് എനിക്ക് വാട്ട്സാപ്പ് ചെയ്തിട്ടുണ്ടെന്നും വിപിൻ ചേട്ടൻ താഴെ നിന്ന് വിളിച്ച് പറഞ്ഞു. കോളിൽ ആയിരുന്നതിനാൽ ഞാനത് അപ്പോൾ ശ്രദ്ധിച്ചില്ല. കോള് കഴിഞ്ഞ് പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് ഞാൻ അത് കണ്ടത്.

Video Footage of the creature from nearby apartment

കണ്ട വീഡിയോയിൽ ആ ജീവിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിരുന്നില്ല. പൂച്ചയെ പോലെ തോന്നിക്കുന്ന ശരീരവും പ്രകൃതവും. നിറം ഇരുണ്ട ചാരനിറം പോലെ തോന്നിച്ചു എങ്കിലും വ്യക്തമായിരുന്നില്ല. ദേഹത്ത് പുള്ളികളോ വരകളോ ഉളളതായി തിരിച്ചറിയാനും സാധിക്കുമായിരുന്നില്ല. അതിന് എന്ത് വലിപ്പം ഉണ്ടാവും എന്നതും മനസിലാക്കുക ബുദ്ധിമുട്ടായിരുന്നു. അത് കണ്ടതിന് ശേഷം ചെറിയൊരു പേടി എന്നെ പിടികൂടി എങ്കിലും ഇതേപ്പറ്റി അറിയാനുള്ള ആകാംക്ഷ എനിക്ക് കൂടി കൂടി വന്നു. ഈ ജീവി പ്രത്യക്ഷപ്പെട്ട സ്ഥലം ഇവിടുന്ന് തൊട്ടടുത്ത് (300 മീറ്റർ) ആയതിനാൽ അവിടെ വരെ ഒന്ന് പോയി നോക്കണം എന്ന് ഞാൻ തീരുമാനിച്ചു. എന്റെ ഫാമിലി ഫ്രണ്ട്‌ ആയ സാലിഹിനെ ഞാൻ വിളിച്ച് വരുത്തി. സാലിഹിന്റെ ജേഷ്ഠൻ സാമാണ് ഫൂട്ടേജ് പതിഞ്ഞ ക്യാമറ സിസ്റ്റം കുറച്ച് നാൾ മുൻപ് ആ വീട്ടിൽ വച്ച് കൊടുത്തത്. അവിടുന്ന് അധികം ദൂരെയല്ലാതെയാണ് സാലിഹും താമസിക്കുന്നത്.

പ്ലാൻ എന്താണെന്ന് വച്ചാൽ, ഫൂട്ടേജിലുള്ള മറ്റ് വസ്തുക്കളുടെ അളവെടുത്ത് അതിന് ആനുപാതികമായി ആ ജീവിയുടെ വലിപ്പം നിശ്ചയിക്കുക എന്നതാണ്. അതിനായി  പാലത്തിന്റെ കൈവരിയുടെ ഉയരവും അത് കെട്ടാൻ ഉപയോഗിച്ച കല്ലിന്റെ നീളവും എടുക്കാൻ തീരുമാനിച്ചു. പാലത്തിലൂടെ നടക്കുമ്പോൾ ആ ജീവിയുടെ നീളത്തിനൊത്ത് കൈവരി കെട്ടിയ കല്ലുകളുടെ അടുക്ക് കാണാം. ഏതാണ്ട് 4 കല്ലിനും 5 കല്ലിനും ഇടയിലാണ് ആ ജീവിയുടെ നീളം (വാല് ഒഴിവാക്കി). കൈവരിയുടെ ഉയരത്തെക്കാളും ഏതാണ്ട് ഒരടിയോളം ഉയരവും അതിനുണ്ട്. ഞങ്ങൾ അളക്കുവാനുള്ള ഒരു ടേപ്പും എടുത്ത് ആ ജീവി പ്രത്യക്ഷപ്പെട്ട സ്ഥലത്തെത്തി. പാലത്തിന്റെ കൈവരി കെട്ടാൻ ഉപയോഗിച്ച കല്ലിന്റെ നീളം അളന്നു – 25 Cm (ഇരുവശത്തും ഇട്ടിരിക്കുന്ന സിമന്റിന്റെ കനം ഉൾപ്പടെ). അത് പോലെ പാലത്തിന്റെ കൈവരിയുടെ ഉയരവും – 45 Cm.

The road where the creature was found

കൈവരി കെട്ടിയ കല്ലിന്റെ കട്ട – Close Up

എടുത്ത അളവുകളുടെ അടിസ്ഥാനത്തിൽ ആ ജീവിക്ക് 110 cm നും 120 cm നും ഇടയിലാണ് നീളം. ഉയരം തോൾ വരെ ഏതാണ്ട് 45 cm നും 55 cm നും ഇടയിലും. ഭാരമറിയാൻ മറ്റു വഴികൾ ഇല്ലങ്കിലും പാടത്തിന്റെ കരയിലെ ചെളിയിൽ കാൽപാടുകൾ പതിഞ്ഞത് ചിലർ കണ്ടിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 10 കിലോ എങ്കിലും വരുമെന്ന് കണക്കാക്കാം! ഇത്രയും വിശേഷണങ്ങൾ അവലോകനം ചെയ്തപ്പോൾ ആ ജീവി പാക്കാൻ തന്നെ ആയിരിക്കും എന്ന നിഗമനത്തിലാണ് ഞാൻ എത്തിയത്. പൂച്ച വർഗ്ഗത്തിലെ ഏതിനം ആണെന്ന് കൃത്യമായി എനിക്ക് അറിയില്ല എങ്കിലും “Caracal” പോലെ ഒന്നാവാൻ ആണ് സാധ്യത. അവരുടെ വാസത്തിന് യോജിച്ച ഭൂപ്രകൃതി ആണ് ഇവിടം. ഇടതൂർന്ന കുറ്റിക്കാടുകളും പുല്ലുകളും മരക്കൂട്ടങ്ങളും എല്ലായിടത്തുമുണ്ട്. മാത്രമല്ല ഇന്ത്യൻ നേവിയുടെ ആയുധ സംഭരണ ശാലയായ NAD യുടെ ആയിര കണക്കിന് ഏക്കർ വരുന്ന വിശാലമായ കാട്ടുപ്രദേശം ഇങ്ങനൊരു വർഗ്ഗം നില നിന്ന് പോരുന്നതിന് എല്ലാ പിന്തുണയും നൽകുന്നു. മുമ്പൊരിക്കൽ കണ്ട് പരിചയം ഉള്ളത് കൊണ്ട് തന്നെ ഇതും പാക്കാൻ ആണെന്ന് ഞാൻ മനസിൽ ഉറപ്പിച്ചു.

പക്ഷേ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വൈകുന്നേരം ആയപ്പോൾ പത്രം ഇടുന്ന ഹരിച്ചേട്ടൻ ഈ മാസത്തെ വരിസംഖ്യ വാങ്ങിക്കാനെത്തി. നാട്ടിലെ പ്രധാന ചർച്ചാ വിഷയം ആയത് കൊണ്ട് തന്നെ ഞങ്ങൾ ” ആ ജീവിയെ” പറ്റി സംസാരിച്ചു. ഹരിച്ചേട്ടൻ പറഞ്ഞതനുസരിച്ച് ഈ ഏരിയയിലെ പട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. രാവിലെ 4 മണിക്ക് പത്രം എടുക്കാൻ പോകുന്ന സമയം മുതൽ ഇട്ടു തീരുന്ന സമയത്തിനിടയ്ക്ക് ഇവിടെ കണ്ട് വന്നിരുന്ന നായ്ക്കുട്ടത്തിലെ കൂടുതൽ അംഗങ്ങളും അപ്രത്യക്ഷമായിരിക്കുന്നു! ചേട്ടൻ പറഞ്ഞത് സത്യമാണ് , ഇവിടെ ഒരു പാട് നായ്ക്കൾ ഉണ്ടായിരുന്നു. അവ കൂട്ടമായി വല്ലപ്പോഴുമൊക്കെ പറമ്പിലൂടെ സഞ്ചരിക്കുന്നത് കാണാമായിരുന്നു. മിക്ക രാത്രികളിലും അവയുടെ ഓരിയിടൽ കേൾക്കാമായിരുന്നു. ഈ ഇടയായി ഓരിയിടലിന്റെ ശക്തി കുറഞ്ഞിരിക്കുന്നതായി എനിക്കും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി എപ്പോളോ ഏതാനും പട്ടികളുടെ കുരച്ചിൽ ഞാൻ കേട്ടതുമാണ്. ഒരു പക്ഷേ ആ നായ്ക്കളെ ഈ ജീവി കൊന്ന് ഭക്ഷിച്ചതായിരിക്കുമോ?

അങ്ങനെയെങ്കിൽ ആ ജീവി പാക്കാൻ ആണെന്ന് തറപ്പിച്ച് പറയാൻ പറ്റില്ല. പാക്കാൻ പട്ടികളെ അക്രമിക്കാറില്ല. പ്രത്യേകിച്ച് കൂട്ടം കൂടി നടക്കുന്ന പട്ടികളെ. പട്ടികളെ കൊല്ലുന്ന, ഞാൻ കണ്ടെത്തിയ അളവുകളോട് ചേർന്ന് നിൽക്കുന്ന മറ്റൊരു മാർജ്ജാര വർഗ്ഗമാണ് Leopard എന്ന പുലി. നീളം 100 മുതൽ 190 cm വരെ, ഉയരം (തോൾ വരെ) 60 തൊട്ട് 70 വരെ. ഭാരം 25 മുതൽ 35 വരെ! അളവുകളിൽ സാമ്യത ഉണ്ടെന്നതും പുലി ഇവിടെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതും  പ്രശ്നം സങ്കീർണമാക്കുന്നു.  Covid 19 ന്റെ Lock Down തുടങ്ങിയ കാലം മുതൽ ആളുകളുടെ രാത്രി സഞ്ചാരം നന്നേ കുറഞ്ഞിരിക്കുന്നു. അത് കൊണ്ട് സിറ്റികളും, പ്രത്യേകിച്ച് ടൗണുകളും നേരത്തേ തന്നെ നിശ്ശബ്ദമാകും. ഏറ്റവും അടുത്ത കാടുള്ള കോതമംഗലത്ത് നിന്ന് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഒരു പുലിക്ക് ഇവിടെ എത്താനാകും. ഒരു ദിവസം കൊണ്ട് തന്നെ ജീവി ഇവിടെ എത്തണം എന്നില്ല. ഏതാനും ഇടത്താവളങ്ങൾ കഴിഞ്ഞ് എത്തിപ്പെട്ട സ്ഥലമായിരിക്കാം ഇത്. ഇവിടെ നില നിന്ന് പോകാനുള്ള ചുറ്റുപാടും സാഹചര്യവും ഉണ്ടെന്ന് മനസിലാക്കിയത് കൊണ്ടാവാം പുലി ഇവിടെ തന്നെ നിലയുറപ്പിച്ചതും. ധാരാളം ഭക്ഷണവും, ഒളിച്ച് ജീവിക്കാൻ പറ്റിയ പ്രകൃതിയും! കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കാട്ടിൽ നിന്നും പെരിയാറിലൂടെ ഒഴുകി വന്നതാണോ എന്ന സാധ്യതയും തള്ളിക്കളയാനാവില്ല, കാരണം പലപ്പോഴും വലിയ മലമ്പാമ്പും മറ്റും ഇങ്ങനെ ഒഴുകി വന്നിട്ടുള്ളതാണ് ആലുവയിലും സമീപ പ്രദേശങ്ങളിലും.

ഇത് വരെ ലഭിച്ച വിവരം അനുസരിച്ച് വൈകിട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് ഫൂട്ടേജ് പരിശോധിച്ചതായാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അവരത് പാക്കാൻ ആവന്നാണ് സാധ്യത എന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നിരുന്നാലും ആ “ജീവി” ഇതിനോടകം നാട്ടുകാരുടെ ഉള്ളിൽ ഭീതിയുടെ വിത്ത് വിതച്ച് കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഇരുളും മുന്നേ വീട്ടിൽ ചെന്ന് ചേരാനുള്ള വ്യഗ്രതയിലാണ്. മേയാൻ വിട്ടിരുന്ന വളർത്തു മൃഗങ്ങളെ പതിവിലും നേരത്തേ പലരും കൂട്ടിലാക്കി. അന്തിയോളം പറമ്പിൽ പണിയെടുത്തിരുന്ന പപ്പ വരെ വെയിൽ തീരും മുന്നേ വീട്ടിൽ കയറി.

ഭീഷണി ഉണ്ടെന്ന് തോന്നിയാൽ പൊടുന്നനേ അടുത്ത പ്രദേശത്തേക്ക് മാറാൻ പ്രവണത കാണിക്കുന്ന ജീവിയാണ് പുലി. എന്നാൽ പാക്കാൻ ഒരു പ്രദേശം വിട്ട് പോവുക വിരളമാണ്. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ആ ഇരുളിലെ അഥിതിയെ പറ്റി കൂടുതൽ അറിയാനാവും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു എല്ലാവരും, കൂടെ തെല്ലു ഭയത്തോടെ ഞാനും.


Share