നഗരത്തിൽ നിന്നും ഞാൻ ജനിച്ചു വളർന്ന എന്റെ ഗ്രാമത്തിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചു നാൾ ആയി എങ്കിലും ഇപ്പൊളും ഒരു അപരിചിതത്വം വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷേ കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങൾ നഗരത്തിന്റെ സൗകര്യങ്ങളിൽ ജീവിച്ചതിന്റെയായിരിക്കാം.. ! ആ രണ്ട് ജീവിതങ്ങളും തമ്മിൽ വളരെ വലിയ വ്യത്യാസങ്ങളാണ് ഉള്ളത്. അതിൽ എടുത്ത് പറയണ്ടത് ഗതാഗത സൗകര്യവും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയുമാണ്. എന്റെ ഗ്രാമത്തിലെ ഗതാഗത സൗകര്യം വളരെ പരിതാപകരമാണ് എന്ന് വേണം പറയാൻ. അടുത്തുള്ള ടൗണിനെ ബന്ധിപ്പിച്ച് ഓടുന്ന ബസുകൾ മണിക്കൂറിൽ ഒരെണ്ണമേ ഉള്ളൂ. ഒരു ബസ് അൽപം നേരത്തേ പോയാലോ അല്ലങ്കിൽ ഏതെങ്കിലും കാരണത്താൽ അത് ഓടാതെ വന്നാലോ നമ്മൾ പെട്ട് പോകും. പിന്നെ ഓട്ടോറിക്ഷ പിടിച്ചോ 8 മുതൽ 10 കിലോമീറ്റർ വരെ നടന്നോ വേണം തിരികെ വീട്ടിലെത്താൻ. ഇത് കൊണ്ടു തന്നെ നാട്ടിലെ മിക്ക വീടുകളിലും ഏതെങ്കിലും വാഹനങ്ങളുണ്ട്. പിന്നെ ഗ്രാമത്തിലെ ജനസംഖ്യയും നന്നേ കുറവാണ്. അങ്ങനെ ബസിൽ കയറാൻ ആളില്ലാതെ വന്നതും, ഉള്ള ആളുകളൊക്കെ യാത്രയ്ക്ക് സ്വന്തമായി വണ്ടി വാങ്ങിയതും ബസുകളുടെ എണ്ണം കുറയാനുള്ള കാരണങ്ങളായി. എനിക്ക് സ്വന്തമായി വണ്ടിയില്ലാത്തതിനാൽ ബസാണ് ശരണം!
നിത്യോപയോഗ സാമഗ്രികൾ മിക്കതും ഗ്രാമത്തിൽ തന്നെ കിട്ടുമെങ്കിലും മരുന്നുകട പോലുള്ള സ്ഥാപനങ്ങൾ ഇല്ലാത്തത് ഒരു ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെയാണ് ഇപ്പോൾ ആ ആവശ്യത്തിന് എനിക്ക് ടൗണിലേക്ക് വരേണ്ടി വന്നതും ! മരുന്നും മറ്റു സാധനങ്ങളും വാങ്ങി തിരിയെ പോകാൻ ബസ് കിട്ടുന്നിടത്തേക്ക് നടക്കുന്നതിനിടെയാണ് ഞാൻ ആ വാർത്ത കേൾക്കുന്നത്.. ബസുകളെല്ലാം ഇനിയുള്ള ഓട്ടം നിർത്തി വച്ചിരിക്കുകയാണ്! യഥാർത്ഥ കാരണം അവ്യക്തമാണെങ്കിലും എന്തോ ഗുരുതര പ്രശ്നം ആണെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ വിളിച്ച് കാര്യം പറയാൻ കൈയ്യിലെ ഫോണിൽ ചാർജും ഉണ്ടായിരുന്നില്ല. വാർത്ത പടർന്നതോടെ ആളുകളെല്ലാം ഓട്ടോറിക്ഷ പിടിച്ചും, മറ്റു മാർഗ്ഗങ്ങളിലൂടെയും ഒക്കെ വീട്ടിൽ ചെന്ന് പറ്റാൻ ധൃതി കൂട്ടി. ഓട്ടോക്കാർക്ക് ഇത് ഒരു ചാകരയാണ്. സമയം സന്ധ്യ യാവുന്നതേയുള്ളൂ , ആവശ്യത്തിന് സമയമുണ്ട്, അതുകൊണ്ട് ഓട്ടോറിക്ഷ പിടിച്ച് വീട്ടിൽ ചെല്ലണ്ട, പകരം അൽപം നടത്തമായാലോ എന്ന് ഞാൻ ആലോചിച്ചു. വീട്ടിലേക്ക് ഏതാണ്ട് 8 – 10 കിലോമീറ്റർ ദൂരം ഉണ്ട്. എങ്കിലും മിക്കവാറും വന്നുപോകുന്ന സ്ഥലമായതിനാൽ വഴി ഏറെക്കുറെ തിട്ടമുണ്ട്. അങ്ങനെ, തിരിച്ചു പോകാനുള്ള വഴി അറിയാം എന്ന ധൈര്യത്തോടെ ഞാൻ എന്റെ ഗ്രാമത്തിലേക്ക് യാത്ര ആരംഭിച്ചു!
വാങ്ങിച്ച സാധനങ്ങൾക്ക് ഒരുപാട് ഭാരം ഉണ്ടായിരുന്നില്ല എങ്കിലും ടാറിട്ട റോഡിലൂടെയുള്ള ഉള്ള യാത്ര എനിക്ക് പെട്ടെന്ന് തന്നെ മടുത്തു തുടങ്ങി. പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം അക്ഷരാർഥത്തിൽ ശ്വാസം മുട്ടിക്കുന്നത് പോലെ.. പണ്ട് കാലത്ത്, വാഹനങ്ങൾ ഒക്കെ പ്രചാരത്തിൽ ആകുന്നതിനു മുൻപ് ഗ്രാമത്തിലെ ആളുകൾ ടൗണിലേക്ക് കാൽനട ആയാണ് യാത്ര ചെയ്തിരുന്നത്. അന്നത്തെ ആ നടപ്പാത ഒരു കുറുക്കു വഴി (ഷോർട്ട് കട്ട്) കൂടിയാണ്. റോഡിലൂടെ നടക്കുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം നടന്നാൽ മതിയാകും. ആ കുറുക്കു വഴി എനിക്ക് വലിയ ബോധ്യം ഇല്ലെങ്കിലും യാത്രാമധ്യേ കാണുന്ന ആളുകളോട് ചോദിച്ചു വഴി കണ്ടുപിടിച്ച് മുന്നോട്ടുപോകാം എന്ന് ഞാൻ തീരുമാനിച്ചു. വേഗത്തിൽ വീട്ടിൽ എത്തുകയും ചെയ്യാം, എനിക്ക് ഒരുപാട് ദൂരം നടക്കുകയും വേണ്ട. അങ്ങനെ, വഴിയിൽ കണ്ട പ്രായമുള്ള കുറച്ച് ആളുകളോട് ചോദിച്ച് പഴയ വഴിയുടെ ഏകദേശധാരണ ഞാൻ മനസ്സിലാക്കി. അങ്ങനെ അപരിചിതമായ ആ പുതിയ വഴിയിലൂടെ ഞാൻ യാത്ര തുടർന്നു…
യാത്രയുടെ തുടക്കത്തിൽ ടാറിട്ട റോഡ് തന്നെ ആയിരുന്നു അധികവും. അതിലൂടെ ഏതാനും വണ്ടികളും ഇടയ്ക്കിടെ ഓടിക്കൊണ്ടിരുന്നു. എങ്കിലും അല്പം നടന്നു കഴിഞ്ഞപ്പോൾ റോഡുകളുടെ സ്ഥിതി മാറിക്കൊണ്ടിരുന്നു. അപ്പോഴും വഴിയിൽ വച്ച് കണ്ടിരുന്ന ആളുകളോട് ഞാൻ മുന്നോട്ടുള്ള വഴി ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. കുറെയേറെ നടന്നു കഴിഞ്ഞപ്പോൾ വഴിയുടെ അവസ്ഥ നന്നേ മോശമായി. വീതികുറഞ്ഞ, മൺവഴികളിലൂടെ ആയി പിന്നിടുള്ള എൻറെ നടത്തം. കുറേ നേരമായി വാഹനങ്ങളും കാണുന്നുണ്ടായിരുന്നില്ല. യാത്രയുടെ തുടക്കത്തിൽ വഴിയുടെ വശങ്ങളിൽ ധാരാളമായി കണ്ടിരുന്ന വലിയ വീടുകൾ ഇപ്പോൾ കാണാനില്ല, പകരം വലിപ്പം കുറഞ്ഞ, കാണാൻ അത്ര ഭംഗിയില്ലാത്ത പഴക്കം തോന്നിക്കുന്ന വീടുകളാണ് വല്ലപ്പൊഴുമായി കാണുന്നത്.. ആളുകളുടെ എണ്ണവും നന്നേ കുറഞ്ഞിരിക്കുന്നു… ഇടയ്ക്ക് കണ്ടു മുട്ടുന്നവർ വഴി പറഞ്ഞു തരുന്നതിനെക്കാളും എന്നെ അൽഭുതത്തോടും സംശയത്തോടും കൂടി നോക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷേ ” എന്ത് സാഹസമാണ് ഇയാൾ ഈ കാണിക്കുന്നത് ” എന്ന് ചിന്തിച്ചിട്ടാവാം!! പുരോഗമനം ഇല്ലാത്ത ജീവിതവും ചിന്തകളും ഉള്ള ഒരു പറ്റം ആളുകൾ.. ഉൾ പ്രദേശങ്ങളിലെ ജീവിതങ്ങൾ ഇങ്ങന്നെയായിരിക്കാം. ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് യാത്ര തുടർന്നു..
എത്ര ദൂരം പിന്നിട്ടു എന്നറിയില്ല, സന്ധ്യയാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. വഴിയിൽ വച്ച് കണ്ടിരുന്ന ആളുകൾ ഏതാണ്ട് ഇല്ലാതായിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം. ആളുകൾക്ക് മാത്രമല്ല വഴിക്കും ചുറ്റുപാടുകൾക്കും ഉണ്ടായിരുന്നു ഗണ്യമായ മാറ്റം. പുല്ലു കയറിയ വീതി കുറഞ്ഞ മൺവഴികൾ.. ഇരുവശങ്ങളിലുമായി മരങ്ങളും കുറ്റിക്കാടുകളും! വീടുകൾ ഇപ്പോൾ ഒന്നും തന്നെ കാണുന്നില്ല. ഉള്ളത് വല്ലപ്പൊഴുമൊരിക്കൽ കാണുന്ന ഭിത്തികൾ തേക്കാത്ത ഓടിട്ട പഴയ വീടുകളാണ്… കുറേ കാലം കൂടി നടക്കുന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും അസ്തമയം അടുത്തതിനാൽ സൂര്യൻറെ വെയിലിന് കാഠിന്യം തോന്നിയില്ല. ചെറിയ കാറ്റ് വീശുന്നതിനാൽ യാത്ര രസകരമായി തോന്നി. വെളിച്ചം കുറഞ്ഞു വരുന്നതിനാൽ ഞാൻ യാത്രയുടെ വേഗത കൂട്ടി. എനിക്കിതെല്ലാം ഒരു പുതിയ അനുഭവമായിരുന്നു! അല്പദൂരം കൂടി പിന്നിട്ടപ്പോൾ പുല്ലു കയറിയ മൺ വഴികൾ വീതി കുറഞ്ഞ വഴിച്ചാലുകളായി മാറി. വഴിച്ചാലിന് ഇരുവശവും നിൽക്കുന്ന ഇടതൂർന്ന മരങ്ങൾ കാട് പോലെ തോന്നിച്ചു. മെല്ലെ മെല്ലെ യാത്ര ദുഷ്കരമായി മാറികൊണ്ടിരുന്നു. അല്പം ദൂരെയായി പുല്ലു കൊണ്ട് മേഞ്ഞ മൺകട്ട കൊണ്ട് കിട്ടിയ ഏതാനും കുടിലുകൾ കാണാമായിരുന്നു എങ്കിലും അവിടെ എങ്ങും ആരെയും കാണാൻ ഉണ്ടായിരുന്നില്ല. സ്വാഭാവികമായി ടൗണിൽ നിന്നും മാറി ഉള്ളിലേക്ക് ഇരിക്കുന്ന പ്രദേശങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കും എന്ന് എനിക്ക് അറിയാം എങ്കിലും ഇത് കുറച്ചു കൂടി പ്രാകൃതമായി തോന്നി. വഴിയോ വഴിച്ചാലോ എങ്ങും വെച്ച് രണ്ടായി പിരിഞ്ഞിട്ടില്ലാത്തതിനാൽ വഴിതെറ്റി എന്നുള്ള ഒരു തോന്നൽ ഉണ്ടായില്ല. കുറേയേറെ നേരമായി ഒരു മനുഷ്യനെ പോലും കാണാത്തത് കൊണ്ടാവും വഴിയിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു, ഏതാനും സമയത്തിനുള്ളിൽ സൂര്യൻറെ അവസാന വെളിച്ചവും ഇവിടെനിന്ന് അപ്രത്യക്ഷമാകും. ഞാൻ ഇപ്പോൾ ഒരുപാട് നടന്നു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ നേരെ വഴിയെ തന്നെ നടന്നിരുന്നെങ്കിൽ ഇപ്പോൾ ഞാൻ എൻറെ ഗ്രാമത്തിൽ എത്തിയേനെ എന്ന് എനിക്ക് തോന്നി. കാറ്റിന് അൽപം കൂടി ശക്തിയേറി. ഇരുവശത്തുമുള്ള വന്മരക്കൂട്ടത്തിന്റെ പ്രായം ചെന്ന ദുർബ്ബലമായ ഇലകളെ അത് പറത്തിക്കൊണ്ട് കടന്ന് പോകുന്നു. ആയിരമായിരം ഇലകൾ… ഒരു മനുഷ്യ ജീവിയെ പോലും കാണാൻ കഴിയാത്തതിൽ ശങ്കിക്കുന്നതിനെക്കാൾ ഞാൻ ശരിക്കും അത്ഭുതപ്പെടുകയാണ് ഉണ്ടായത്. ഇതിനിടയിൽ മരങ്ങൾക്കിടയിലൂടെ അങ്ങ് ദൂരെ ഒരു ചെറിയ തീനാളം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒറ്റനോട്ടത്തിൽ അത് എന്നെ ഭയപ്പെടുത്തി കളഞ്ഞെങ്കിലും നടന്നടുത്തപ്പോൾ അതൊരു കാവിൽ കത്തിച്ചു വെച്ചിരുന്ന ദീപമാണെന്ന് മനസ്സിലായി. സമാധാനം! ഏതായാലും മനുഷ്യവാസം ഉള്ള സ്ഥലം എത്തിയെന്നും ഉടനെ തന്നെ ആരെയെങ്കിലും കാണാൻ സാധിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു. കാവിനു മുന്നിലൂടെ കടന്നു പോയപ്പോൾ എന്തോ ഒരുതരം പരിചയഭാവം. ഈ സ്ഥലവും കാവും ഒക്കെ എവിടെയോ കണ്ടു മറന്നത് പോലെ. ഇതിനുമുമ്പും ഒരുപാട് കാവുകൾ കണ്ടിട്ടുള്ളതിനാലാവും ഈ പരിചയഭാവം. എല്ലാ കാവുകളും ഏതാണ്ട് ഒരുപോലെ തന്നെയാണല്ലോ! നഗരത്തിൽ ഞാൻ താമസിച്ചിരുന്നതിനടുത്ത് തന്നെ ഉണ്ടായിരുന്നു ഒരു സർപ്പക്കാവ്.
ഏതാനും സമയം കൂടി ഞാൻ അതേ നടപ്പ് തുടർന്നു. പ്രതീക്ഷിച്ച പോലെ വഴിയിൽ വീടുകളോ മനുഷ്യരെയോ ഒന്നും കാണുന്നും ഇല്ല! സ്വാഭാവികമായും കാവിനടുത്ത് മനുഷ്യവാസം ഉണ്ടാവണ്ടതാണ്. വഴിക്കും ചുറ്റുപാടിനും കുറേ നേരമായി യാതൊരു തരത്തിലുള്ള വ്യത്യാസവും കാണാത്തതിനാൽ എനിക്ക് വഴി തെറ്റിയതാണോ എന്നും ഞാൻ സംശയിച്ചു. കാറ്റിൽ ഉലയുന്ന മരങ്ങളുടെ ശബ്ദവും ചീവീടുകളുടെ കരച്ചിലും പൊഴിഞ്ഞു വീടുന്ന ഇലകളും അന്തരീക്ഷത്തെ കൂടുതൽ ഭയാനകമാക്കി. ധൈര്യം സംഭരിച്ച് മനസിനെ പരമാവധി ഏകാഗ്രമാക്കി ഞാൻ ആഞ്ഞു നടന്നു എങ്കിലും മെല്ലെ മെല്ലെ ഭയം എന്നെ പിടികൂടി. ഒരു മനുഷ്യജീവിയെ കണ്ടുമുട്ടാൻ എൻറെ ഹൃദയം വെമ്പൽ കൊണ്ടു. അൽപ സമയത്തിനകം എൻറെ ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തി കൊണ്ട് ആ നടച്ചാൽ വീതിയുള്ള ഒരു മൺ വഴിയിലേക്ക് പ്രവേശിച്ചു. വളഞ്ഞ് താഴേക്ക് ഇറങ്ങുന്ന ആ മൺ വഴി ചെന്നുനിൽക്കുന്നത് ഇത് പോലെ തന്നെ മറ്റു രണ്ട് വലിയ വഴികളുള്ള ഒരു കവലയിൽ ആണ്. വെളിച്ചം കുറവായതിനാൽ ഒന്നും വ്യക്തമായല്ല കാണുന്നത്. ദൂരെ കവലയിൽ നിന്ന് ആളുകളുടെ സംസാരം കേട്ട് തുടങ്ങി. അത് എനിക്ക് കുറച്ചൊന്നും അല്ല ആശ്വാസം തന്നത്. എൻറെ നടത്തത്തിന് വേഗത കൂടി. എത്രയും വേഗം ആളുകളുടെ ഇടയിലെത്താൻ ഞാൻ കൊതിച്ചു. താഴെ കവലയിലെ ആൽത്തറയുടെ മുകളിൽ രണ്ട് മനുഷ്യരൂപം ഞാൻ ദൂരെ നിന്ന് അവ്യക്തമായി കണ്ടു. അവർ എന്തോ സംസാരിച്ച് ആർത്ത് ചിരിക്കുകയാണ്. അവരുടെ ചിരി എനിക്ക് ആശ്വാസമായി തോന്നി. അവരുടെ പക്കലേക്ക് നടന്നടുക്കും തോറും അവിടുത്തെ ചുറ്റുപാടുകളും എന്റെ ശ്രദ്ധയിൽപ്പെട്ടു. മണ്ണു കൊണ്ട് ഉണ്ടാക്കി ഓല മേഞ്ഞ ഏതാനും നിർമ്മിതികൾ ദൂരെ വഴിയുടെ വശങ്ങളിൽ. കാറ്റിൽ ഇലകൾ പറന്ന് കളിക്കുന്നു, വഴികളിൽ കരിയിലകൾ ചിതറിക്കിടക്കുന്നു… സൂര്യന്റെ അവസാനത്തെ വെളിച്ചവും ഉൾവലിഞ്ഞിരിക്കുന്നു. ഞാൻ ആൽത്തറയുടെ അടുത്തെത്തി. എന്നെ കണ്ടിട്ടാവണം അവർ സംസാരവും ചിരിയും നിർത്തി എന്നെ തന്നെ സൂക്ഷിച്ചു നോക്കി. ആകാശത്തിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യന്റെ വെളിച്ചത്തിൽ ഞാനവരെ കണ്ടു. വെളുത്ത മുണ്ടുടുത്ത, മേൽമുണ്ട് ധരിച്ച, പൂണൂലും കുടുമിയുമുള്ള , തടിച്ച രണ്ട് മധ്യവയസ്കരെ! മുണ്ടുകൊണ്ട് കാലുകൾ മറച്ച് ആൽത്തറയിൽ ചമ്രം പടഞ്ഞിരിക്കുന്ന അവരെന്നെ അൽഭുതത്തോടെ “നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ” എന്ന ഭാവത്തിൽ സൂക്ഷിച്ച് നോക്കി പരസ്പരം എന്തോ പിറുപിറുത്ത് നിൽക്കവേ ഞാനവരോട് എന്റെ ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചു…
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ചിരിച്ചു കൊണ്ട് അവരിൽ ഒരാൾ പറഞ്ഞു ” ഇത് തന്നെയാണ് ആ ഗ്രാമം” !!!
അവരുടെ പരിഹാസത്തോടെയുള്ള ആ മറുപടി കേട്ട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അൽപസമയത്തേക്കെങ്കിലും, ഇവിടെ വരെയെത്താൻ ഞാൻ അനുഭവിച്ച മാനസിക വ്യഥ അവർക്കറിയില്ലല്ലോ! ഞാൻ ഒരു പാട് ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയതെന്നും, ഈ അവസരത്തിൽ തമാശ പറഞ്ഞ് രസിക്കാതെ ഗ്രാമത്തിലേക്കുള്ള വഴി പറഞ്ഞ് തന്ന് സഹായിക്കാനും ഞാനൽപം ശബ്ദം കടുപ്പിച്ച് അവരോട് ആവശ്യപ്പെട്ടു. എന്റെ പെരുമാറ്റം കണ്ട് അവരുടെ ഭാവം മാറി.. ഞാൻ വഴി ചോദിച്ച ഗ്രാമം ഇത് തന്നെയാണെന്നും, ഇത് അവരുടെ നാടാണെന്നും ഇവിടെ വരണ്ട ആവശ്യം എന്താണെന്നും, ഞാൻ ആരാണെന്നും അൽപ്പം ക്രോധത്തോടെ അവർ തിരിച്ച് ചോദിച്ചു…!! അവരുടെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് സ്തബ്ധനായി നിന്ന എന്നെ അവർ സംശയാലുക്കളെപ്പോലെ ഒരു തരം ക്രൂര ഭാവത്തിൽ തുറിച്ച് നോക്കി!
ഒരു നിമിഷം! എന്റെ തലച്ചോറിലേക്ക് രക്തം ഇരച്ച് കയറി. ഞാൻ പകച്ച് ചുറ്റും നോക്കി… കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല. എന്റെ നാടിന്റെ പ്രധാന കവലയുടെ അതേ രൂപം, അതേ വഴികൾ, ആൽത്തറയും ആൽമരവും എന്തിനേറെ, ആദ്യം കണ്ട കാവ് പോലും അത് പോലെ തന്നെയാണ്! എന്നാൽ അവയൊന്നും ഞാൻ കണ്ട് പരിചയിച്ച ഭാവത്തിൽ ആയിരുന്നില്ല, പകരം ഏതാനും നൂറ്റാണ്ടുകൾ പിന്നോട്ട് പോയത് പോലെ.. അവിടെ ഞാൻ കണ്ട സിമന്റ് കെട്ടിടങ്ങളില്ല, വീടുകളില്ല, ടാറിട്ട റോഡില്ല, വാഹനങ്ങളില്ല, പരിഷ്കാരികളായ മനുഷ്യരില്ല… ആകെയുള്ളത് മണ്ണ് കെട്ടി പൊക്കി ഓല മറച്ച ഏതാനും നിർമ്മിതികളും, ഈ ആൽത്തറയും, രണ്ട് പ്രാകൃത മനുഷ്യരും ! മനുഷ്യരോ അതോ…. ?!
ചീവീടുകളുടെ ശബ്ദം എന്റെ ബോധമണ്ഡലത്തിൽ തുളച്ചു കയറി. ഞാൻ ഇത്രയും ദൂരം നടന്നത് ഭൂതകാലത്തിലേക്കായിരുന്നു എന്നത് ഭീതിയോടെ ഞാൻ മനസിലാക്കി. എന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മനസിൽ മിന്നി മറഞ്ഞു.. ഇനി ഒരിക്കൽ കൂടി അവരെ നേരിൽ കാണാൻ കഴിയില്ലേ എന്ന വ്യഗ്രത എന്നെ ഭ്രാന്തനാക്കി. അവർക്കായി ഞാൻ വാങ്ങിയ സാധനങ്ങൾ മുറുകെ പിടിച്ച് , കൈവിട്ട് പോയ വർത്തമാനകാലത്തിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിൽ വന്ന വഴിയെ തിരിഞ്ഞ് ഓടാൻ ഒരുങ്ങുമ്പോൾ എന്റെ മുന്നിലുള്ളത് ഇരുട്ട് മാത്രമായിരുന്നു…