Ouija

Share

2009 ന്റെ തുടക്കം… ബാംഗ്ലൂരിലെ “അംബിഗാര ചൗദേയ” നഴ്സിംഗ് കോളേജിലെ 3 ആം വർഷത്തിലെ ക്ലാസുകൾ തുടങ്ങി ഏതാനും മാസങ്ങളായ കാലം. പതിവ് പോലെ കോളേജിൽ അലമ്പുണ്ടാക്കിയതിന്റെ പേരിൽ സസ്പെൻഷൻ വാങ്ങി കാമ്പസിൽ കയറാൻ പറ്റാതെ റൂമിൽ വെറുതേ ഇരിക്കുകയാണ് ഞാൻ. റൂമെന്ന് പറയുമ്പോൾ അത് എന്റെ റൂമല്ല, എന്റെ സുഹൃത്തുക്കൾ കോളേജിൽ നിന്ന് കുറച്ച് മാറി ഹെഗ്ഡേ നഗർ എന്ന സ്ഥലത്തിനടുത്ത് വാടകയ്ക്ക് എടുത്തിട്ടിരിക്കുന്ന റൂമാണ്. അക്കാലത്തെ എന്റെ റൂം കോളേജിന് അടുത്ത് തന്നെയുള്ള ചൊക്കനഹള്ളി എന്ന ഗ്രാമത്തിലാണ്. കോളേജിന് അടുത്തായതിനാൽ കൂടുതൽ വിദ്യാർഥികളും ആ ഗ്രാമത്തിലാണ് റൂമെടുത്ത് താമസിക്കുന്നത്.. പ്രത്യേകിച്ച് സീനിയേഴ്സ്. അതിൽ ഒരു സീനിയറുമായി വഴക്കായി അടിയായത് കൊണ്ടാണ് ഇപ്പോഴത്തെ സസ്പെൻഷൻ. അതും അടിച്ചത് “ആന” എന്ന് വിളിപ്പേരുള്ള കുട്ടികളുടെ പേടിസ്വപ്നമായ പ്രിൻസിപ്പാൾ  രാജേശ്വരി മാഡത്തിന്റെ പ്രിയപ്പെട്ട വിദ്യാർഥിയെ! ആ സീനിയറും അവരുടെ സഹപാഠികളും താമസിക്കുന്നത് എന്റെ റൂമിനടുത്തും! പകരം വീട്ടലിനുള്ള ഇടി ഏത് നിമിഷവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാമെന്ന സാധ്യത ഉള്ളതിനാൽ ഞാനും എന്റെ സന്തത സഹചാരിയായ ലിജോയും ഞാൻ ആദ്യം പറഞ്ഞ കുറച്ചകലെയുള്ള സുഹൃത്തുക്കളുടെ റൂമിലാണ് താമസിക്കുന്നത്. ആ ഏരിയ മുഴുവൻ ഞങ്ങളുടെ ബാച്ചിലെ കുട്ടികൾ ആയതിനാലും വർഷങ്ങളായി അവിടെ താമസിച്ചു വന്നതിന്റെ പരിചയം ഉള്ളതിനാലും എന്ത് കൊണ്ടും സേഫ് ആയ ഒരിടം ആയിരുന്നു അത്.

അങ്ങനെ സുഹൃത്തുക്കൾ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ചും ഏതെങ്കിലുമൊരു മൂലയ്ക്ക് കിടന്നുറങ്ങിയും അല്ലലില്ലാതെ കഴിഞ്ഞ് പോകുന്ന ഒളിവ് കാലം! കയ്യിൽ നയാ പൈസ ഇല്ല അത് കൊണ്ട് വേറേ പ്രത്യേകിച്ച് ചെയ്യാനും ഒന്നുമില്ല.. ആകെ ബോറടിച്ച് തുടങ്ങിയിരുന്നു. ഒരേയൊരു നേരം പോക്ക് വൈകുന്നേരം കോളേജിൽ നിന്നും സുഹൃത്തുക്കൾ വന്നു കഴിഞ്ഞിട്ടുള്ള ചീട്ട് കളിയും, വിശേഷം പറച്ചിലും മറ്റു സംസാരങ്ങളുമായിരുന്നു. മറ്റ് സംസാരങ്ങൾ എന്ന് പറയുമ്പോൾ പെൺ വിഷയം മാത്രമല്ല, ആകാശത്തിന് താഴെയും അതിനപ്പുറവുമുള്ള ഒരു മാതിരി എല്ലാ വിഷയങ്ങളും അതിൽ ഉൾപ്പെടുമായിരുന്നു. അതിൽ ഏറ്റവും പ്രഗൽഭമായ വിഷയം ഭൂതപ്രേതാതികളും ആത്മാക്കളും തന്നെയായിരുന്നു. എല്ലാവരും തങ്ങൾക്ക് ഉണ്ടായ അനുഭവങ്ങളും കേട്ടറിവുകളും പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുന്നത് രസകരമായിരുന്നു. ഇത്തരം ചർച്ചകൾ മിക്കപ്പോഴും അർദ്ധരാത്രി കഴിഞ്ഞും നീണ്ട് നിന്നിരുന്നു.

അങ്ങനെ ഇരിക്കേ ഒരിക്കൽ ചർച്ചക്കിടയിൽ “ഓജോ ബോർഡ്” എന്ന വിഷയം ആരോ എടുത്തിട്ടു! ആരാണെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല എങ്കിലും അതിനെ പറ്റി ആധികാരികമായി ഞാൻ സംസാരിച്ചു. അതേ പറ്റി കേട്ടറിഞ്ഞതും, ഇന്റർനെറ്റിൽ പിച്ച വച്ച് തുടങ്ങിയ കാലത്ത് ഗൂഗിളിൽ തിരഞ്ഞ് പിടിച്ച് വായിച്ച ബ്ലോഗുകളിൽ നിന്നു മനസിലാക്കിയതുമായ കാര്യങ്ങൾ ഞാൻ അവർക്ക് മുന്നിൽ അവതരിപ്പിച്ചു. അത് പോലെ ഓരോരുത്തരും ഓജോ ബോർഡിനെ പറ്റി അവർക്കറിയാവുന്ന കാര്യങ്ങൾ പങ്ക് വച്ചു. ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങൾ ബാക്കി വച്ച ഒരു വിഷയമായിരുന്നു അത്! ഒരു കൂട്ടം ആളുകൾ ( ഞാൻ ഉൾപ്പെടുന്ന ) അത് തട്ടിപ്പാണെന്നും വിശ്വസിക്കാനാവാത്തതാണെന്നും പറഞ്ഞപ്പോൾ മറു കൂട്ടർ അതിൽ എന്തോ നിഗൂഡമായ രഹസ്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാനാണ് താൽപര്യം കാണിച്ചത്.. സ്വാഭാവികം ! എന്തായാലും നമുക്കെല്ലാം ജീവനുണ്ടെന്നും മരണശേഷം ശരീരത്തിൽ നിന്നും വേർപെടുന്ന ജീവൻ എന്ന ആ അൽഭുത ഊർജ രൂപത്തിന് എന്ത് സംഭവിക്കുന്നു എന്നും ആർക്കും ഉത്തരമില്ലല്ലോ! മരണശേഷം നമ്മുടെ ആത്മാവ് ശരീരം വിട്ട് പോയാലും അത് ഇവിടെ തന്നെ മറ്റൊരു ഭാവത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് എങ്കിലും, ഓജോ ബോർഡ് വച്ച് ആത്മാക്കളുമായി സംസാരിക്കാൻ പറ്റും എന്നത് അംഗീകരിക്കാനാവുമായിരുന്നില്ല.

അങ്ങനെ ചർച്ച കൊടുമ്പിരി കൊണ്ടിരിക്കേ, “നമുക്ക് ഓജോ ബോർഡ്” കളിച്ചാലോ എന്ന് ആരോ അഭിപ്രായപ്പെട്ടു! അതിനെ പറ്റിയുള്ള അറിവ് ആർക്കും ഇല്ലാത്തതിനാൽ ആദ്യം വേണ്ടെന്ന് വച്ചെങ്കിലും പിന്നീട് ഒന്ന് പരീക്ഷിച്ചാലോ എന്ന് പലർക്കും തോന്നി. എല്ലാവരും ഇൻറർനെറ്റെടുത്ത് ഗൂഗിളിൽ സെർച്ച് ചെയ്തു. ഒരിടത്തും ഇതിന് വ്യക്തമായ ചട്ടങ്ങളില്ല എന്നതാണ് വാസ്തവം. പലയിടത്തും പല രീതിയിലാണ് വ്യാഖ്യാനങ്ങൾ. എന്നിരുന്നാലും ഞങ്ങൾ അവിടെയും ഇവിടെയുമായി കണ്ട പൊതുവായ കളിരീതികൾ വച്ച് സ്വന്തമായി ഒരു പ്രക്രിയ രൂപപ്പെടുത്തി.

സംഗതി നിസാരം! ആദ്യമായി വേണ്ടത് ഇംഗ്ലീഷ് അക്ഷരങ്ങൾ നിരത്തിവയ്ക്കാൻ ആവശ്യത്തിന് വലിപ്പമുള്ള ഒരു ബോർഡ്, പിന്നെ വേണ്ടത് ഒരു വിളക്കും ലോഹത്തിന്റെ ചെറിയ ഒരു ഉപകരണവും (ലോഹ നാണയമോ, ഗ്ലാസോ പോലെ ഒന്ന് ). അത്ര മാത്രം! അത് പോലെ, ഓജോ ബോർഡ് രാത്രിയിൽ കളിക്കുന്നതാണ് ഫലപ്രദമെന്നും, കളിക്കുന്ന സ്ഥലത്ത് ആത്മീയതയുമായി ബന്ധപ്പെട്ട യാതൊരു വസ്തുക്കളും ഉണ്ടാവാൻ പാടില്ല എന്നും തീരുമാനിച്ചു.

അങ്ങനെ രൂപപ്പെടുത്തിയെടുത്ത ചിട്ട പ്രകാരം ഞങ്ങൾ സാധനങ്ങൾ സംഘടിപ്പിക്കാൻ ആരംഭിച്ചു. കളിക്കാൻ വാങ്ങിയ ക്യാരംസിന്റെ ബോർഡ് ഓജോ ബോർഡാക്കി. വെള്ള പേപ്പറിൽ ഇംഗ്ലീഷ് അക്ഷരങ്ങളും കണക്കിന്റെ 0 മുതൽ 9 വരെയുള്ള അക്കങ്ങളും എഴുതി ഓരോന്നും മുറിച്ചെടുത്തു. ഒപ്പം “Yes”, “No”, “Good bye” എന്നീ വാക്കുകളും. കറണ്ട് പോവുമ്പോൾ കത്തിക്കാൻ വാങ്ങിയ മെഴുകുതിരിയും, വെള്ളം കുടിക്കാൻ വാങ്ങിയ സ്റ്റീൽ ഗ്ലാസും കൊണ്ട് വന്നു. ആകെയുള്ള 2 ബെഡ് റൂമുകളിൽ 1 എണ്ണം ഓജോ കളിക്കാനുള്ള സ്ഥലമാക്കാൻ തീരുമാനിച്ചു. അവിടെ നിന്ന് കൊന്ത, കുരിശ്, ബൈബിൾ, ഖുറാൻ, ഗീത മുതലായ മുഴുവൻ ആത്മീയ വസ്തുക്കളും സ്ഥലം മാറ്റി വച്ചു. എന്തിന് അവിടെയുണ്ടായിരുന്ന ലോഹനിർമ്മിതമായ എല്ലാ വസ്തുക്കളും ഒഴിപ്പിച്ചു (ധരിച്ചിരുന്ന ആഭരണങ്ങൾ ഉൾപ്പടെ). അക്കാലത്ത് എന്റെ കഴുത്തിൽ യേശു ക്രിസ്തു ചുമന്നത്ര വലുപ്പമുള്ള ഒരു കുരിശ് കെട്ടിയ ചരടു മാല ഉണ്ടായിരുന്നു. എന്റെ ട്രേഡ് മാർക്ക് മാല.. അതും ഊരി മാറ്റി ! റൂമിൽ കിടക്കാറുള്ളവരോടെല്ലാം തൽക്കാലത്തേക്ക് രണ്ടാമത്തെ ബെഡ് റൂമിലേക്ക് മാറാൻ അഭ്യർഥിച്ചു. മിക്കവരും ഇതൊരു വ്യത്യസ്തതയുള്ള കാര്യമായതിനാൽ നന്നായി തന്നെ സഹകരിച്ചു. എങ്കിലും ചില കാരണങ്ങളാൽ ഇതിനെ എതിർത്തവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒടുവിലത്തെ പ്രശ്നം എത്ര പേർ ഇത് കളിക്കാൻ ഉണ്ടാവും എന്നതായിരുന്നു. റൂമിൽ ഏതാണ്ട് പന്ത്രണ്ട് പേരുണ്ടായിരുന്നതിൽ പകുതിയോളം ആൾക്കാരും ഇതിനോട് താൽപര്യം പ്രകടിപ്പിച്ചവരായിരുന്നു എങ്കിലും ഒടുവിൽ അത് 4 പേരായി ചുരുങ്ങി.

അങ്ങനെ ഞാനും വൈക്കംകാരൻ വിപിൻ സി സി യും, പത്തനംതിട്ടക്കാരൻ ലിജോ സ്കറിയയും, തൃശൂർകാരൻ   കിൽവിഷ് കിൽക്കറും രാത്രി 12 മണിയാവാൻ തയ്യാറായി നിന്നു. അത് വരെ ഓജോ ബോർഡ് കളിച്ച മറ്റു പലരുടെയും അനുഭവങ്ങൾ ഇന്റർനെറ്റിൽ നിന്ന് വായിച്ചറിഞ്ഞു. മിക്ക കഥകളും അവസാനം ദുരന്തത്തിൽ അവസാനിക്കുന്നതായിരുന്നു.. അതിൽ തന്നെ പലർക്കും പേടിച്ച് മാനസിക നില തെറ്റിയതായും,  മരണം വരെ സംഭവിച്ചതായും പറയപ്പെടുന്നു. അതൊക്കെ വെറും തള്ളാണെന്നും വായനക്കാരെ രസിപ്പിക്കാൻ ഓരോ ആളുകൾ പടച്ച് വിടുന്ന കെട്ടുകഥകളാണെന്നുമാണ് ഞാൻ വിശ്വസിക്കാൻ ആഗ്രഹിച്ചത്! ചരിത്രാതീത കാലം മുതലേ ആത്മാക്കളുമായി ആശയവിനിമയം ചെയ്യാൻ പല സൂത്രങ്ങളും മനുഷ്യർ ശീലിച്ചിരുന്നു. അതിലെ ഏറ്റവും നൂതനമായ ആശയമായാണ് ഓജോ ബോർഡിനെ ഈ മേഘലയിലുള്ളവർ കണക്കാക്കുന്നത്. പക്ഷേ അതിന്റെയൊക്കെ യാഥാർഥ്യം അജ്ഞമാണ്!

ഞങ്ങൾ 4 പേരും ഓജോ ബോർഡ് കളിക്കാൻ ഒരുക്കിയ  മുറിയിൽ പ്രവേശിച്ചു.  ക്യാരം ബോർഡിൽ വെട്ടിയെടുത്ത അക്കങ്ങളും അക്ഷരങ്ങളും ഏറ്റവും മൂലയിലായി അടുക്കി അടുക്കി വച്ചു. സ്റ്റീലിന്റെ ഗ്ലാസെടുത്ത് ബോർഡിന്റെ ഒത്ത നടുക്ക് കമഴ്ത്തി വച്ചു.  റൂമിന്റെ ഒരു വശത്തുള്ള 3 പാളി ജനലും തുറന്നിട്ടിട്ട് ലൈറ്റ് ഓഫാക്കി. വെളിച്ചത്തിനായി അൽപം മാറി ഒരു മെഴുകുതിരിയും കത്തിച്ച് വച്ചു. ശേഷം 4 പേരും ബോർഡിന് 4 വശത്തുമായി സ്ഥാനം പിടിച്ച് പരസ്പരം മുഖത്ത് നോക്കി “ഇനിയെന്ത്” എന്ന ഭാവത്തിലിരുന്നു. ഞങ്ങളുടെ പ്ലാൻ അനുസരിച്ച്   4 പേരും കൂടി വലത് കൈയുടെ  ചൂണ്ടുവിരൽ സ്റ്റീൽ ഗ്ലാസിൽ തൊടും, എന്നിട്ട് മരണപ്പെട്ട ഏതെങ്കിലും ആത്മാവിനെ വിളിക്കും! ആത്മാവ് വന്നാൽ ഗ്ലാസ് അനങ്ങി ആദ്യം “Yes” എന്നെഴുതിയിരിക്കുന്ന പേപ്പറിനുത്തെത്തും. അതിൽ നിന്നും ആത്മാവ് നമ്മോട് സംസാരിക്കാൻ തയ്യാറാണ് എന്ന് മനസിലാക്കാം. ശേഷം നമുക്ക് അറിയാൻ ആഗ്രഹമുള്ള ചോദ്യങ്ങൾ ആത്മാവിനോട് ചോദിക്കാം. ആത്മാവ് അതിനുള്ള ഉത്തരം ഗ്ലാസ് അനക്കി ഓരോ അക്ഷരങ്ങളിലേക്കും എത്തിച്ച് പറഞ്ഞു തരും! ഒടുവിൽ ആവശ്യം കഴിഞ്ഞിട്ട് ആത്മാവിന് നന്ദി അർപ്പിച്ച് പറഞ്ഞു വിടുക. അപ്പോൾ ആത്മാവ് ഗ്ലാസ് അനക്കി “Good Bye” എന്ന വാക്കിൽ എത്തിച്ച് സ്ഥലം വിടും! ഇതാണ് ഓജോ ബോർഡിന്റെ യൂനിവേഴ്സൽ രീതി. ഇത് കിൽവിഷിന്റെ പ്ലാനാണ്. ഇതിനൊരു ചിട്ട ഉണ്ടാക്കിയത് അവനാണെന്നാണ് എന്റെ ഓർമ്മ. പക്ഷേ പ്രശ്നം എന്തെന്നാൽ ആത്മാവ് വന്നിട്ട് നമ്മൾ മോശമായി പെരുമാറുകയോ അല്ലങ്കിൽ ആത്മാവ് പോകാൻ കൂട്ടാക്കാതിരിക്കുകയോ ചെയ്താൽ നമുക്ക് പണിയാവും. ആ ആത്മാവ് നമ്മളെ ശല്യം ചെയ്യും… ഉപദ്രവിക്കും! നമ്മുടെ ഭയത്തിൽ പിടുത്തമിട്ട് ശരീരത്തിൽ പ്രവേശിക്കും. ഒടുവിൽ പ്രേതബാധയേറ്റ് ബോധം നശിച്ച് മനോരോഗിയായി മാറുകയോ മരിക്കുകയോ ചെയ്യും! അത് കൊണ്ട് ആത്മാവ് വന്നു എന്ന് തോന്നിയാൽ അതിനെ Good Bye പറഞ്ഞ് വിടാതെ ഒരിക്കലും കളി നിർത്തരുത് എന്നാണ് പറയപ്പെടുന്നത്!

മണ്ണാങ്കട്ട…

മനസിൽ ചിരിച്ചു കൊണ്ട് ഞാൻ നിലത്ത് കുത്തിയിരുന്നു. ഇത് വല്ലതും നടക്കാൻ പോണ കാര്യമാണോ? എവിടുന്ന്! ചുമ്മാ കുറേ നേരം പേടിപ്പിക്കുന്ന കഥയും പറഞ്ഞ് ഈ പ്രത്യേക അന്തരീക്ഷത്തിന്റെ അനുഭവം ആസ്വദിച്ച് ഇരിക്കുക. പറ്റുമെങ്കിൽ ഗ്ലാസ് അനക്കി ലവന്മാരെ ഒന്ന് പേടിപ്പിക്കുക. ഉറക്കം വരുമ്പൊ “Good Bye” ൽ കൊണ്ട് ഗ്ലാസ് വച്ച് പരിപാടി നിർത്തി കിടന്നുറങ്ങുക. ഇതാണ് എന്റെ മനസിൽ. ഒരു പക്ഷേ അവിടെ ഉണ്ടായിരുന്ന ഞങ്ങൾ 4 പേരുടെ മനസ്സിലും ഇത് തന്നെ ആയിരുന്നിരിക്കാം പ്ലാൻ. ഇതിനെ ഒരു തമാശ ആയി മാത്രമേ എല്ലാവരും കാണുന്നുള്ളൂ എന്നായിരുന്നു എന്റെ വിശ്വാസം എങ്കിലും ജീവിതത്തിൽ ആദ്യമായി ഓജോ ബോർഡ് കളിക്കുവാൻ പോകുന്നതിന്റെ ആകാംക്ഷയും എനിക്കുണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്തുമാവട്ടെ, “കളി തുടങ്ങാം” എന്ന് തീരുമാനിച്ച്  4 പേരും ചൂണ്ടുവിരൽ ഗ്ലാസിൽ തൊട്ടു കൊണ്ട് ആരെ വിളിക്കണം എന്ന ചർച്ചയിലായി!

മരിച്ചു പോയ ഏതെകിലും സിനിമ നടിമാരെ വിളിച്ചാലോ? അല്ലങ്കിൽ മരണപ്പെട്ട മറ്റു പ്രശസ്തരായവരെ? വേണ്ട.. അതിൽ വലിയ ത്രില്ലില്ല. ഇവിടെ ഇപ്പൊ ആരുടെയെങ്കിലും ആത്മാവ് ഉണ്ടകിൽ അവരെ വിളിക്കാം എന്നായി. അതാവുമ്പൊ അൽപം കൂടി പേടിയും തോന്നും. നല്ല രസമായിരിക്കും. അങ്ങനെ ഞങ്ങൾ “Good Spirit Please come” എന്ന ക്ലാസിക്ക് ഓജോ മന്ത്രം തന്നെ ഉരുവിടാൻ തീരുമാനിച്ചു. എന്ന് വച്ചാൽ ഏറ്റവും അടുത്തുള്ള, അത്ര അലമ്പൊന്നും ഇല്ലാത്ത ഒരു നല്ല ആത്മാവ്  കടന്ന് വരിക എന്ന് സാരം! ഇതിനൊക്കെ വേറെ എന്തെങ്കിലും പ്രത്യേക ചിട്ടകൾ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയാതെയാണ് എല്ലാവരും ഇതിന് ഇരിക്കുന്നത്. 4 പേരും ശബ്ദം കുറച്ച് “Good Spirit Please come” “Good Spirit Please come”എന്ന് ഉരുവിട്ട് കൊണ്ടേയിരുന്നു. ചിലപ്പോൾ കണ്ണ് തുറന്നും ചിലപ്പോൾ കണ്ണടച്ചും ആണ് എല്ലാവരും ആത്മാവിനെ വിളിക്കുന്നത്. എല്ലാവരുടെയും വട്ടം കൂടിയുള്ള ഇരിപ്പ് കണ്ട് ഉള്ളിൽ ചിരി വന്നെങ്കിലും ഞാനും ഗൗരവം കൈവിടാതെ ഇരുന്ന് മന്ത്രം ചൊല്ലി.. ഇടയ്ക്ക് കണ്ണ് തുറക്കുന്നവർ പരസ്പരം നോക്കുമ്പോൾ പെട്ടന്ന് ചുണ്ടത്ത് ചിരി പടരുന്നു! എല്ലാവരും ഒരു തമാശയുടെ ഭാഗമായിരിക്കുന്നത് പോലെ..

കുറച്ചധികം സമയം അങ്ങനെ തന്നെ കഴിഞ്ഞു പോയി. “എന്ത് നട്ട പ്രാന്താണ് 4 മണ്ടന്മാരും കൂടിയിരുന്ന് പാതിരാത്രിയിൽ കാണിക്കുന്നത്?” എന്ന തിരിച്ചറിവ്  വന്നത് പോലെ ഓരോരുത്തരായി മന്ത്രം നിർത്തി. ആരോ ചിരിച്ചു കൊണ്ട് ഇതൊന്നും നടക്കാൻ പോണ കാര്യമല്ലന്നൊ മറ്റൊ പറയുന്നുണ്ട്. കുറച്ച് നേരം എന്നൊക്കെയോ പരസ്പരം പിറുപിറുത്തുകൊണ്ടിരുന്ന ഞങ്ങൾ പരുപാടി ഏതാണ്ട് നിർത്തുവാനുള്ള ഒരുക്കം കൂട്ടി. വിപിനും കൽവിഷും പറഞ്ഞു നമ്മൾ ആരും സീരിയസായല്ല ഇതിനെ എടുത്തത്, അത് കൊണ്ടായിരിക്കാം സംഗതി പാളി പോയത് എന്ന്. എന്തായാലും എല്ലാവരുടെയും സമ്മതപ്രകാരം ഒരിക്കൽ കൂടി ഇത് പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്തായാലും രാത്രി ഇത്രയും മെനക്കെട്ട് ഇരിക്കുന്നതല്ലേ, ഒന്നുകൂടി നോക്കാം.. പക്ഷേ ഇത്തവണ അൽപം കൂടി ഗൗരവത്തോടെയും അത് പോലെ ആത്മാർഥതയോടെയും ആത്മാവിനെ വിളിക്കണമെന്ന് എല്ലാവരും പരസ്പരം ശട്ടം കെട്ടി. തമ്മിൽ കാണുമ്പോൾ ചിരി വരുന്നതാണ് ഇത് സീരിയസായി തോന്നാത്തത് എന്നതിനാൽ കത്തിച്ച് വച്ച മെഴുകുതിരി കെടുത്തി തീപ്പെട്ടി വിപിൻ കൈയ്യിൽ വച്ചു.

ഇരുട്ട്…

അൽപ സമയത്തേക്ക് കുറ്റാക്കുറ്റിരുട്ട് നിറഞ്ഞു എങ്കിലും മെല്ലെ മെല്ലെ കണ്ണുകൾ അതുമായി പൊരുത്തപ്പെട്ടു. പുറത്ത് കുറച്ച് മാറി കത്തി നിന്നിരുന്ന വഴിവിളക്കിന്റെ വെളിച്ചം എവിടെയോ തട്ടി പ്രതിഫലിക്കുന്നതിന്റെ ചെറിയ തെളിച്ചം റൂമിൽ. എങ്കിലും നിഴലുകൾ പോലെ മാത്രമേ പരസ്പരം കാണുവാൻ സാധിച്ചിരുന്നുള്ളൂ. ബാംഗ്ലൂരിൽ രാത്രി കാലങ്ങളിൽ നല്ല തണുപ്പായിരിക്കും..  ഇടയ്ക്ക് നല്ല കാറ്റും കൂടി വീശുന്നതിനാൽ റൂമിലും നല്ല തണുപ്പ് ഉണ്ട്. ആരോ അപ്പോൾ ഒരു  അഭിപ്രായം പറഞ്ഞു.. ഒരു പരിചയവും ഇല്ലാത്ത ഏതോ ആത്മാവിനെ വിളിക്കുന്നതിന് പകരം നമുക്ക് ആർക്കെങ്കിലും പരിചയം ഉള്ള അകാലത്തിൽ മരണപ്പെട്ട ആരെയെങ്കിലും വിളിക്കാം എന്നായിരുന്നു ആ അഭിപ്രായം. “അത് കൊള്ളാം” അതാവുമ്പൊ നമുക്ക് കുറച്ച് താൽപര്യവും കൗതുകവും തോന്നും.. കളി ഒന്നുകൂടി രസമാവും. ഹൈസ്കൂളിൽ പഠിക്കുമ്പോൾ രക്താർബുധം ബാധിച്ച് മരണപ്പെട്ട എന്റെ പ്രിയ കളിക്കൂട്ടുകാരൻ സിറിളിന്റെ മുഖം എന്റെ മനസിൽ തെളിഞ്ഞു. അവന്റെ കാര്യം അവതരിപ്പിക്കാൻ തുടങ്ങും മുന്നേ വിപിൻ സി സി യുടെ ശബ്ദം മുഴങ്ങി..

നമുക്ക് നയന യെ വിളിക്കാം !

നയന! ആരാണത്? എല്ലാവരും വിപിൻ നയന യെ പറ്റി പറയുന്നതിന് കാതോർത്തു.. അവന്റെ കൂടെ പ്ലസ് വൺ പ്ലസ് ടു ക്ലാസിൽ പഠിക്കവേ ആത്മഹത്യ ചെയ്ത കുട്ടിയാണവൾ എന്നും എന്തോ അജ്ഞാതമായ കാരണത്താൽ അവൾ ആത്മഹത്യ ചെയ്തതാണെന്നും അവളുമായി അടുത്ത സുഹൃദ് ബന്ധം അവനുണ്ടായിരുന്നു എന്നും എല്ലാവർക്കും അവളുടെ മരണവാർത്ത ഒരു ഷോക്ക് അയിരുന്നു എന്നും മറ്റും വിപിൻ പറഞ്ഞ് നിർത്തി. ആർക്കും എതിരഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. നയന യെ തന്നെ വിളിക്കാനുറച്ച് ഒരു നിഴൽ പോലെ കണ്ട സ്റ്റീൽ ഗ്ലാസിൽ 4 പേരും കൂടി ചൂണ്ടുവിരൽ ചേർത്ത് വച്ചു, ഒരിക്കൽ കൂടി.

ഇത്തവണ എല്ലാവരും അൽപം സീരിയസ് ആയത് പോലെ തോന്നി.. പിൻതിരിപ്പൻ ഡയലോഗുകളില്ല, ചിരിയില്ല, അലസതയില്ല. എന്തിനേറെ, ഞാൻ പോലും  ആത്മാർഥമായി തന്നെ നയന എന്ന ഞാൻ ഇത് വരെ കാണാത്ത, അറിയാത്ത ആ കൂട്ടുകാരിയെ നിശ്ശബ്ദമായി മനസിൽ വിളിച്ചു. എല്ലാവരും മനസിലാണ് വിളിക്കുന്നത്. ആ വിളിക്ക് ആത്മാർഥത കൂടുമല്ലോ! അൽപ നേരം റൂമിൽ മുറ്റി നിന്ന നിശ്ശബ്ദതക്ക് വിരാമമിട്ട് പുറത്ത് വഴിയിൽ പട്ടികളുടെ ഓലിയിടൽ. അതിനെ യാദൃശ്ചികം എന്ന് പറയാനാവില്ല, സാധാരണം എന്നേ പറയാനാവൂ.. കാരണം കർണാടക പട്ടികളുടെ നാട് കൂടിയാണ്. അവരുടെ സംസ്ഥാന മൃഗമാണ് പട്ടി. അത് കൊണ്ട് തന്നെ ഓരോ മുക്കിലും മൂലയിലും കാണും അര ഡസനിലേറെ പട്ടികൾ. ഞങ്ങളുടെ തെരുവിലും ഉണ്ടായിരുന്നു കുറേ പട്ടികൾ. മിക്ക രാത്രികളിലും അവറ്റകളുടെ ബഹളം കേൾക്കാമായിരുന്നു, പ്രത്യേകിച്ച് ഓലിയിടൽ.. കാലൻ കൂവുക എന്നൊക്കെ നമ്മുടെ നാട്ടിൻ പുറത്ത് ഈ പ്രതിഭാസത്തെ വിളിച്ച് വരുന്നു. പട്ടിക്ക് മനുഷ്യർക്കില്ലാത്ത അതീന്ദ്രിയ ജ്ഞാനം ഉണ്ടെന്നും ആത്മാക്കളെ കാണുമ്പോൾ അത് ഓലിയിടുമെന്നും പഴമക്കാരും ചില പുതു തലമുറക്കാരും വിശ്വസിച്ചു വരുന്നു. അങ്ങനെ പട്ടിയുടെ ഓലിയിടൽ ഞങ്ങളുടെ സ്ഥലത്ത് സാധാരണമായിരുന്നു എന്നിരുന്നാലും ഇപ്പോൾ ഈ അവസരത്തിൽ പട്ടി കാലൻ കൂവിയതിന് മറ്റെന്തോ അർഥമുണ്ടെന്ന് എനിക്ക് തോന്നി.. അല്ലങ്കിൽ അങ്ങനെ വിശ്വസിക്കാൻ ആയിരുന്നു എനിക്കിഷ്ടം.

ലിജോ യാണ്  പറഞ്ഞത് അവന് ഗ്ലാസിൽ എന്തോ അനക്കം തോന്നി എന്ന്. അനങ്ങുന്ന ശബ്ദമൊന്നും ആരും കേട്ടിരുന്നില്ല എങ്കിലും വളരെ പെട്ടന്ന് തന്നെ എല്ലാവരും ജാഗരൂകരായി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ കേട്ടു ഗ്ലാസ് തടി ബോർഡിൽ ഉരയുന്ന ശബ്ദം.. കൈയ്യിൽ ഒരു തരം ചലനം അനുഭവപ്പെടുന്നു. അക്ഷരാർഥത്തിൽ ഞാൻ ഒന്ന് ഞെട്ടി.. ഇത് യാഥാർഥ്യമാണോ അതോ എന്റെ തോന്നലാണോ? പെട്ടന്ന് തന്നെ എല്ലാവരും ശബ്ദിച്ചു തുടങ്ങി. എന്തോ സംഭവിക്കുന്നുണ്ട്, ഗ്ലാസ് അനങ്ങുന്നുണ്ട് എന്നൊക്കെ! ഒന്നും കാണാൻ കഴിയുന്നില്ല .. വിപിൻ വേഗം തീപ്പെട്ടി കത്തിച്ച് മെഴുകുതിരി തെളിച്ചു. ബോർഡിലേക്ക് വെളിച്ചം വന്ന് വീണപ്പോൾ ഞങ്ങൾ കണ്ടത്, ആദ്യമിരുന്ന സ്ഥാനത്ത് നിന്നും ഗ്ലാസ് നിരങ്ങി ” Yes ” എന്നെഴുതിയിരിക്കുന്നതിന് തൊട്ടടുത്ത് എത്തിയിരിക്കുന്നതാണ്. മെഴുകുതിരി കത്തിക്കാൻ കൈയ്യെടുത്ത വിപിൻ വീണ്ടും വന്ന് ഗ്ലാസിൽ തൊട്ടു.. ഞങ്ങൾ 4 പേരും നോക്കി നിൽക്കേ അത് “Yes” ൽ തൊട്ട് ചലനമറ്റ് നിന്നു.

ഒരു നിമിഷം.. ആരും ശബ്ദിക്കുന്നില്ല

എല്ലാവരും സ്ഥബ്ധരായത് പോലെ! അതോ അങ്ങനെ അഭിനയിക്കുന്നതാണോ?മറ്റുള്ള ആരുടെയും ഫീലിംഗ് എന്തായിരുന്നു എന്നെനിക്കറിയില്ല. എന്റെ മനസിൽ  നിഴലിച്ചത് മുഴുവൻ സംശയമാണ്. അതിന്റെ കൊടുമുടിയിൽ ലിജോയും! ലിജോ നെ എനിക്ക് നന്നായി അറിയാം. ക്ലാസിലെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് അവനാണ്. ഞങ്ങൾ ഒന്നിച്ചാണ് എല്ലാ ഉടായിപ്പുകളും പ്ലാൻ ചെയ്യുന്നതും നടത്തുന്നതും. ഓജോ ബോർഡ് കളിക്കാൻ ഞാൻ ഉള്ളത് കൊണ്ടാണ് അവൻ കൂടിയത്. കളിക്കുന്നതിനിടയിൽ എന്റെ കൂടെ ചേർന്ന് ഗ്ലാസനക്കി ചെറിയൊരു തമാശ ഒപ്പിക്കാൻ ആണ് അവൻ കൂടിയതെന്ന് വരെ ഞാൻ ആദ്യം വിചാരിച്ചിരുന്നു. പക്ഷേ അങ്ങനെ ഒരു കാര്യം എന്നോട് അവൻ സൂചിപ്പിച്ചതേ ഇല്ല. ഒരു പക്ഷേ എല്ലാവരെയും ഞെട്ടിക്കാൻ അവൻ ഒറ്റയ്ക്ക് തന്നെ ഉടായിപ്പ് കാണിക്കാൻ തീരുമാനിച്ചതാവുമോ? എല്ലാവരും ഇപ്പൊ നടന്ന അൽഭുതത്തെ പറ്റി അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.. അപ്പോളും എന്റെ സംശയത്തിന്റെ നിഴലുകൾ ലിജോയുടെ മുകളിലായിരുന്നു. പക്ഷേ ആ സംശയം എന്റെ ഉള്ളിൽ ഒതുക്കി ഞാൻ മെല്ലെ ആ അൽഭുത പ്രതിഭാസത്തിലേക്ക്  ഇറങ്ങി ചെന്നു..

ആത്മാവ് വന്നു എന്നതിന്റെ ലക്ഷണമാണ് ഗ്ലാസ് “Yes” ൽ എത്തുക എന്നത്. ഇനി വന്ന ആത്മാവ് നമ്മൾ ഉദ്ദേശിച്ച ആൾ തന്നെയാണോ എന്നത് ഉറപ്പിക്കണം. അതിന് ആത്മാവിനോട് തന്നെയാണ് ചോദിക്കേണ്ടതും. ആ ഉത്തരവാദിത്വം കിൽവിഷും വിപിനും കൂടി ഏറ്റെടുത്തു. വളരെ സൗമ്യമായി മാന്യതയോട് കൂടി അവർ ആത്മാവിനോട് പേര് ചോദിച്ചു. സംശയം അവരുടെ ഉള്ളിലും ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല എങ്കിലും ഇനി എങ്ങാനും വന്നത് യഥാർഥ ആത്മാവ് തന്നെയാണെങ്കിലോ എന്ന സംശയം കൊണ്ട് തന്നെയാണ് മാന്യമായി സംഭാഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്തായാലും ആരുടെയും മുഖത്ത് ചിരിയില്ല എന്നത് തന്നെ അൽഭുതമായി എനിക്ക് തോന്നി.

പട്ടികളുടെ ഓലിയിടലും തുടർന്ന് കൊണ്ടേയിരുന്നു. പെട്ടന്ന്, പേര് ചോദിച്ചതിനുള്ള മറുപടി എന്നവണ്ണം ഗ്ലാസ് വീണ്ടും ചലിച്ച് തുടങ്ങി.. പിന്നെ നടന്നത് എന്താണെന്ന് ഏറെക്കുറേ എല്ലാവർക്കും ഊഹിക്കാൻ പറ്റുന്ന കാര്യമായിരുന്നു. ഗ്ലാസ് യഥാവിധി നയന എന്ന പേരിന്റെ ഇംഗ്ലീഷ് പതിപ്പായ N, A, Y, A, N, A  എന്നീ അക്ഷരങ്ങളിലേക്ക് മാറി മാറി സഞ്ചരിച്ചു. ഇത്തവണ ആർക്കും ഞെട്ടൽ ഉണ്ടായില്ല.. എന്തോ തരികിട ഇതിൽ നടക്കുന്നതായി എല്ലാവർക്കും തോന്നിത്തുടങ്ങി.  പരസ്പരം സംശയിക്കുന്നത് പോലെ എല്ലാവരും മാറി മാറി അങ്ങോട്ടും ഇങ്ങോട്ടും നെറ്റി ചുളിച്ച് നോക്കി.. എന്നെയും അവന്മാർ സംശയിക്കുന്നുണ്ട് എന്ന് മനസിലായപ്പോൾ എനിക്ക് അരിശം വന്നു. ഞാൻ എങ്ങനെ എന്റെ നിരപരാധിത്വം തെളിയിക്കും? ലിജോ യോട് പച്ചയ്ക്ക് ” നീയല്ലേ ഈ ചെയ്തത് ” എന്ന് തുറന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് വച്ചു. ഇനി അവനല്ല , മറ്റാരെങ്കിലും ആണെങ്കിലോ? NAYANA എന്ന അക്ഷരങ്ങൾ മുഴുവൻ ആയപ്പോൾ ലിജോ ഗ്ലാസിൽ നിന്ന് വിരൽ എടുത്ത് ഗ്ലാസ് പോയ വഴിയേ വിരലുകൾ കൊണ്ട് കൂട്ടി വരച്ച് നയന എന്ന് പറയുന്നത് ഞാൻ ഓർത്തു. അവന്റെ മുഖത്തെ അപ്പോളുള്ള ഭാവങ്ങൾ കണ്ടപ്പോളെ എനിക്കറിയാമായിരുന്നു ഇത് അവന്റെ കളിയാണെന്ന്. കാരണം നയന യുടെ ഇംഗ്ലീഷിലെ സ്പെല്ലിംഗ് “NAYANA” എന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ! ഈസിയായി കണ്ടെത്താൻ പറ്റുന്ന പേരാണത്. അത് കൊണ്ട് തന്നെയാണ് എല്ലാവരും പരസ്പരം സംശയിക്കുന്നതും.

ഒടുവിൽ എല്ലാ ഊഹാപോഹങ്ങൾക്കും അറുതി വരുത്തിക്കൊണ്ട്  ഞാൻ എന്റെ സംശയം തുറന്ന് പ്രകടിപ്പിച്ചു. ഞാൻ ലിജോ യോട് ചോദിച്ചു നീ അനക്കിയതല്ലേ എന്ന്. അവൻ എന്നെ തെറി വിളിച്ചിട്ട് അവനല്ല എന്ന് ആണയിട്ട് പറഞ്ഞു. അതേ ചോദ്യം കൽവിഷ് എന്നോടും ലിജോ കിൽവിഷിനോടും ചോദിച്ചു. ആകെ ഇടങ്ങേറായി.. എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും സംശയം. വിപിൻ മാത്രം നിശബ്ദനായി എല്ലാം കേട്ടു കൊണ്ടിരുന്നു. ഒടുവിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു നിസാര കാര്യം വിപിൻ അവതരിപ്പിച്ചു. നയന വിപിന്റെ കൂട്ടുകാരിയാണ് .. അത് കൊണ്ട് തന്നെ, അവളുടെ  കാര്യങ്ങളെല്ലാം വിപിന് മാത്രമേ ഈ കൂട്ടത്തിൽ അറിയുകയുള്ളൂ. കാരണം ബാക്കി 3 പേർക്കും നയന യെ അറിയില്ലല്ലോ! അങ്ങനെ ഇതിൽ തരികിട നടന്നിട്ടുണ്ടോ, അതോ വന്നത് നയന തന്നെയാണോ എന്നറിയാൻ വിപിൻ കണ്ടെത്തിയ മാർഗം ഇതാണ്. വിപിൻ ഗ്ലാസിൽ നിന്നും വിരൽ എടുക്കുന്നു. എന്നിട്ട് ബാക്കി 3 പേർ മാത്രം ഗ്ലാസിൽ പിടിക്കുന്നു. എന്നിട്ട് വിപിൻ അവനും നയനക്കും മാത്രം അറിയാവുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. വളരെ ലളിതമായ പരിഹാരം.

വിപിന്റെ ആശയം കുറ്റമറ്റതായിരുന്നു. ഞങ്ങൾ അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു. ഞാനും ലിജോയും കിൽവിഷും ഗ്ലാസിൽ വീണ്ടും തൊട്ടു. ഞാൻ വളരെ മൃദുലമായാണ് ഇത്തവണ തൊട്ടത്. കാരണം എനിക്ക് മറ്റൊരു സംശയം കൂടി ഉണ്ടായിരുന്നു. ഇനി ഞാൻ പോലും അറിയാതെ ഞാൻ തന്നെയാണോ ഗ്ലാസ് നീക്കുന്നത് എന്ന്. ഇത് സംഭവിച്ചത് നമ്മുടെ Sub Conscious Mind ന്റെ ഇടപെടൽ കൊണ്ട് ആയിരിക്കാനും സാധ്യതയുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ, അരണ്ട വെളിച്ചത്തിൽ, തണുത്ത അന്തരീക്ഷത്തിൽ, പട്ടികളുടെ കാലൻ കൂവലും കേട്ട് നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസ് ഒരു തരം ഹിപ്നോട്ടിക് അവസ്ഥയിലാവാൻ സാധ്യതയുണ്ട്. അങ്ങനെ നമ്മുടെ ബോധ മണ്ഡലം ശിഥിലമായിരിക്കവേ ഇത്തരം ചോദ്യങ്ങളുടെ ഉത്തരം അറിയാവുന്ന Sub Conscious Mind ശരീരത്തിൽ സ്വാധീനം ചെലുത്തി നാം അറിയാതെ തന്നെ വിരലിൽ ശക്തി കൊടുത്ത് ഗ്ലാസ് അനക്കി ഉദ്ദിഷ്ട സ്ഥാനത്ത് കൊണ്ടു ചെല്ലുന്നതാണെങ്കിലോ? ഒന്നും തള്ളിക്കളയാനാവില്ല. അങ്ങനെ എത്രത്തോളം മൃദുവായി തൊടാമോ അത്രയും മൃദുവായി ആണ് ഞാൻ കമഴ്ത്തി വച്ചിരിക്കുന്ന ഗ്ലാസിന്റെ മൂട്ടിൽ വിരൽ വച്ചിരിക്കുന്നത്. അങ്ങനെ ഒരിക്കൽ കൂടി സജ്ജമായി ഞങ്ങൾ മൂന്നും വിപിന്റെ ആ ചോദ്യത്തിനായി കാതോർത്തു.

ബോർഡി ന്റെ നാലാമത്തെ വശത്ത് ചമ്രം പടഞ്ഞ് രണ്ട് കൈമുട്ടും തുടയിൽ കുത്തി, കൈ വിരലുകൾ പരസ്പരം കൂട്ടിപ്പിണച്ച് വച്ച് താടിയും വായും മറച്ച് എന്തോ ആഴത്തിലുള്ള ആലോചനയിലാണ് വിപിൻ! അൽപ നേരത്തിന് ശേഷം എന്തോ ചിന്തിച്ചുറപ്പിച്ച വണ്ണം അവൻ ചോദ്യത്തിന് തയ്യാറായി. ഞങ്ങളും..

“വന്നത് നയന തന്നെ ആണങ്കിൽ നമ്മൾ പഠിച്ച സ്കൂളിന്റെ പേരെന്താണെന്ന് പറയ് ”

വിപിൻ വളരെ മാന്യമായി ഇത്രയും ചോദിച്ച് ബോർഡിലേക്ക് നോക്കിയിരുന്നു. ” അടിപൊളി” ഞാൻ ലിജോയെ നോക്കി! ഇനി നീ എങ്ങോട്ട് ഗ്ലാസ് അനക്കും എന്നൊന്ന് കാണണം! ഞാൻ പല കുറി അതിന് മുന്നിലൂടെ ബസിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് പോലും അറിയില്ല ആ സ്കൂളിന്റെ പേര്. പിന്നെങ്ങനെ പത്തനംതിട്ടയിൽ കിടക്കുന്ന ലിജോയോ തൃശ്ശൂർ കാരനായ കൽവിഷോ അറിയും?

അങ്ങനെ കാര്യത്തിന് ഏതാണ്ട് തീരുമാനം ആവാറായി.. ഗ്ലാസ് അതേ പടി ഇരിക്കുന്നു. ഉത്തരത്തിന്റെ എന്തെങ്കിലും തുമ്പെങ്കിലും കിട്ടിയാലല്ലേ ലിജോയ്ക്ക് എവിടെങ്കിലും ഒന്ന് ഗ്ലാസ് തള്ളി കൊണ്ട് ചെല്ലാൻ പറ്റൂ! എനിക്ക് ചിരി വന്ന് തുടങ്ങി .. എന്തൊക്കെയയിരുന്നു കുറച്ച് മുന്നേ വരേ! പെട്ടന്ന് വിപിൻ അനങ്ങരുതെന്ന് കൈ പൊക്കി കാണിച്ചു എന്നിട്ട് ഗ്ലാസിലേക്ക് തുറിച്ച് നോക്കി നിന്നു. ഞങ്ങൾ നോക്കി നിൽക്കേ ഗ്ലാസ് വീണ്ടും അനങ്ങി തുടങ്ങി. ഇത്തവണ നല്ല വേഗതയിൽ.. മെല്ലെ തൊട്ടിരിക്കുന്ന എന്റെ കൈ ഗ്ലാസിന്റെ കൂടെയാണ് നീങ്ങുന്നത്. ഞാൻ ലിജോയെയും കൽവിഷിനെയും നോക്കി. ഇവന്മാർ ഇതെങ്ങോട്ടാണ് കൊണ്ട് പോകുന്നത്? ഒടുക്കത്തെ അഭിനയം, എല്ലാവരും അൽഭുതപ്പെട്ട് നോക്കുകയാണ് ഗ്ലാസിന്റെ അനക്കം. ഗ്ലാസ് ആണെകിൽ ചിട്ടയില്ലാതെ ഏതൊക്കെയോ അക്ഷരങ്ങളിൽ ചെന്ന് മുട്ടുന്ന പോലെ എനിക്ക് തോന്നി അങ്ങനെ അത് S, N, D, P, U വരെ എത്തി അടുത്ത അക്ഷരത്തിലേക്ക് നീങ്ങാൻ തുടങ്ങവേ അത് വരെ നിശബ്ദനായി ബോർഡിലേക്ക് നോക്കിയിരുന്ന വിപിൻ സി സി ചാടിയെണീറ്റു.

“ഞാനിനി ഇല്ലടാ, ഞാൻ നിർത്തി ” എന്ന് പറഞ്ഞ് അവൻ എണീറ്റ് നിന്നു!

ഞങ്ങൾ ഗ്ലാസിൽ നിന്ന് കൈയ്യെടുത്തു . അവന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ടിട്ട് എനിക്കൊന്നും മനസിലായില്ല. സമയം ഒരു പാട് ആയത് കൊണ്ട് അവൻ നിർത്തി പോവാൻ എണീച്ചതാണോ! ഞങ്ങൾ അവനോട് കാര്യം തിരക്കി! കുറച്ച് സംശയത്തോടെ പക്ഷേ പരിഭ്രമത്തോടെ വിപിൻ മറുപടി പറഞ്ഞു… ഞങ്ങൾ പഠിച്ച സ്കൂളിന്റെ പേര് SNDP Udayamperoor എന്നാണെന്ന്!!

എന്ത്??!! ഇത് തന്നെയല്ലേ ഗ്ലാസ് കാണിച്ച് തന്നത്?!

ഇത്തവണ അക്ഷരാർഥത്തിൽ ഞെട്ടിയത് ഞാനാണ്. അതെങ്ങനെ സംഭവിക്കും? ഇത് ഇങ്ങനെ വരാൻ ഒരു വഴിയുമില്ല. ഞാൻ ലിജോയെ നോക്കി. അവന്റെ മുഖത്ത് അൽഭുതം ഒന്നും കാണാനില്ലങ്കിലും ഇവിടെ സംഭവിക്കുന്നത് ഒന്നും മനസിലാകാത്തത് പോലെയാണ് നിൽക്കുന്നത്. കിൽവിഷ് ഏറെക്കുറേ എല്ലാം വിശ്വസിച്ചു എന്ന മട്ടാണ്. വന്നത് നയന തന്നെ എന്ന കാര്യത്തിൽ അവനും വിപിനും ഒരു സംശയവും ഉണ്ടായിരുന്നില്ല! വിപിൻ കുറച്ച് നേരം വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു. അവനെ ഞങ്ങൾ നിർബന്ധിച്ച് പിടിച്ചിരുത്തി. കാരണം ഇനി വന്നത് നയനയുടെ ആത്മാവ് തന്നെയാണെങ്കിൽ കളി മുഴുമിക്കാതെ പോവുന്നത് ദോഷം ചെയ്യും എന്നാണല്ലോ പറയുന്നത്. അത് കൊണ്ട് കളി തുടരാൻ ഞങ്ങൾ തീരുമാനിച്ചു.

അതിന് ശേഷം ഞങ്ങൾ ഏതെങ്കിലും ചോദ്യം ചോദിച്ചോ ഇല്ലയോ എന്നത് വ്യക്തമല്ല എങ്കിലും ഇനി സംസാരം നിർത്താം ബാക്കി പിന്നീടൊരിക്കലാവാം എന്ന ഞങ്ങളുടെ അഭ്യർഥനക്ക് ഫലം കണ്ടില്ല. 4 പേരും കൂടി പിടിച്ച ഗ്ലാസ് എങ്ങോട്ടൊകെയോ ചലിച്ചുകൊണ്ടിരുന്നു. വീണ്ടും കളി തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞിട്ടും ഗ്ലാസ് ” Good Bye” എന്ന വാക്കിൽ എത്തിയില്ല. ആ സമയത്തെ ഞങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഒരു തരം നിസ്സഹായാവസ്ഥ. എല്ലാവരിലും ഒരു അങ്കലാപ്പ്. ബാലിശമാണെങ്കിലും , പണി പാളിയോ , ഇനി ഒരിക്കലും നയന നമ്മളെ വിട്ട് പോകില്ലേ എന്ന് പോലും തോന്നിത്തുടങ്ങി. ബലം പ്രയോഗിച്ച് ഗ്ലാസനക്കി “Good Bye” ൽ കൊണ്ടെത്തിക്കാൻ മനസ് പറഞ്ഞെങ്കിലും സാധിക്കുന്നില്ല. ഇതെന്ത് പണ്ടാരമാണെന്ന് എത്തും പിടിയും കിട്ടുന്നില്ല. ഒടുവിൽ ഏതാനും നേരത്തേ ശ്രമത്തിന് ശേഷം ഗ്ലാസ് ” Good Bye” ൽ എത്തി ചലനമറ്റ് നിന്നു. അതോ ഞങ്ങൾ കൊണ്ട് നിർത്തിയതോ? സ്വയം, ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാവുമോ? അറിയില്ല!

അതിന് ശേഷം രഹസ്യമായും അല്ലാതെയും ഞാൻ മറ്റു 3 പേരോടും ഇതേ പറ്റി ചോദിച്ചപ്പോൾ ഒരു കള്ളത്തരവും നടന്നിട്ടില്ല എന്ന് തന്നെയാണ് എനിക്ക് കിട്ടിയ മറുപടി ! അന്നും, അത് കഴിഞ്ഞ് 12 വർഷങ്ങൾക്ക് ശേഷം ഇന്നും ആ ഉത്തരങ്ങൾക്ക് മാറ്റമില്ല! അത് കൊണ്ട് തന്നെ ഇനി എന്റെ സുഹൃത്തുക്കളെ അവിശ്വസിക്കാനും എനിക്ക് കഴിയില്ല. കാരണം വിപിന്റെ അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം അവന് അല്ലാതെ മറ്റാർക്കും അറിയില്ല എന്ന ആത്മവിശ്വാസം അവനുണ്ടായിരുന്നു. ഒന്നു ചിന്തിച്ചാൽ അത് സത്യവുമാണ്. ആദ്യ ചോദ്യങ്ങളുടെ ഉത്തരത്തിൻ കള്ളക്കളി നടന്നിട്ടുണ്ടാവാമെങ്കിൽ പോലും അവസാനത്തെ ചോദ്യത്തിൽ അത് നടക്കില്ല എന്ന് എനിക്കും ഉറപ്പാണ്. വിപിൻ നയന യെ തിരഞ്ഞെടുത്തത് തന്നെ യാദൃശ്ചികമായാണ്! അത് കൊണ്ട് തന്നെ, അവന്റെ വായിൽ നിന്ന് നയനയുടെ വിശേഷങ്ങൾ ഓജോ ബോർഡ് കളിക്ക് മുമ്പ് ആരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

പിന്നീട് എപ്പോളൊക്കെയോ മറ്റ് ചിലരുടെ ഒക്കെ കൂടെ  ഓജോ ബോർഡ് കളിക്കാൻ അവസരം കിട്ടിയിരുന്നു എങ്കിലും, മനസിനെ ഇത്രത്തോളം സ്പർശിച്ച, അല്ലങ്കിൽ അത്രയും വിശ്വസനീയമായ ഒരു അനുഭവം പിന്നീട് ഉണ്ടായിട്ടില്ല. 2009 ലെ ആ രാത്രിയിൽ  ഞങ്ങളെ തേടിയെത്തിയത് നയന എന്ന അകാലത്തിൽ മരണപ്പെട്ട ആ കൂട്ടുകാരിയുടെ ആത്മാവാണന്ന് വിശ്വസിക്കാൻ എനിക്ക് താൽപര്യമില്ലങ്കിലും ലഭിച്ച തെളിവുകളും നേരിട്ടറിഞ്ഞ അനുഭവവും എന്നെ മറിച്ച് ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. ഒരു പക്ഷേ എന്റെ ജീവിതത്തിലെ ചുരുൾ അഴിയാത്ത ഒരു രഹസ്യമായി അത് എന്നെന്നേക്കുമായി അവശേഷിച്ചേക്കാം!

Special thanks to Vipin CC, Lijo Skariah & Kilwish Kilker for testifying the incident.


Share