Date: 13 June 2016
Place: Aluva: Edathala
രാത്രി
സമയം ഏതാണ്ട് 11:45 കഴിഞ്ഞിരുന്നു. ഞാൻ ഇപ്പോൾ വീട്ടിലെ അടുക്കളയിലാണ് നിൽക്കുന്നത്. ഞങ്ങൾ വാടകയ്ക്ക് ആണ് ഇവിടെ വാസം. 2 നിലകൾ ഉള്ള വീട്ടിൽ താഴെ house owner ഉം മുകളിൽ ഞങ്ങളും. റൂമിന്റെ മുൻ വശത്താണ് അടുക്കള. കൃത്യമായി പറഞ്ഞാൽ താഴെ നിന്നും ഞങ്ങൾ താമസിക്കുന്നിടത്തേക്ക് കയറി വരുന്ന Stair തീരുന്നിടത്ത്. സത്യത്തിൽ അകത്ത് അടുക്കള ഉണ്ടാക്കിയിട്ടില്ലാത്തത് കൊണ്ട് terrace ന്റെ മുൻ ഭാഗം 4 വശവും ഗ്രിൽ ചെയ്താണ് ഈ അടുക്കള ഉണ്ടാക്കിയിരിക്കുന്നത്. ഒരു attached അടുക്കളയെക്കാളും എന്ത് കൊണ്ടും മെച്ചമാണ് ഈ set up. നല്ല വായു സഞ്ചാരം, കുക്ക് ചെയ്യുമ്പോൾ പുക ശല്യം ഇല്ല, രാത്രി നല്ല തണുപ്പ് ആയിരിക്കും, അങ്ങനെ പല ഗുണങ്ങളും ഉണ്ട്. ആകെയുള്ള പ്രശ്നം ഉറങ്ങും മുമ്പ് എന്നും അടുക്കളയുടെ വാതിൽ താഴും താക്കോലും വച്ച് പൂട്ടണം എന്നത് മാത്രം!
കിടക്കും മുന്നേ പല്ല് തേക്കുന്ന ഒരു ദുശ്ശീലം ഉണ്ടെനിക്ക്. അടുക്കളയിൽ നിന്നാണ് പല്ല് തേപ്പ്. അങ്ങനെ അടുക്കള പൂട്ടാൻ തുടങ്ങും മുന്നേ പല്ല് തേക്കാൻ മമ്മി അകത്ത് നിന്ന് വിളിച്ച് വരുത്തിയതാണ് എന്നെ. ഞാൻ Whats app ൽ ഒരു പുതിയ Profile Picture ഇടാനായി ഫോണിൽ കുറേ selfie എടുത്തിട്ട് അതിൽ നിന്നും നല്ലൊരെണ്ണം തിരഞ്ഞെടുത്ത് Pics Art ൽ edit ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അത് നിർത്തി വച്ച് ബ്രഷ് എടുത്ത് പല്ല് തേയ്ക്കാൻ തുടങ്ങിയപ്പോളാണ് ഞാൻ ഒരു കാര്യം ഓർത്തത്: രാത്രി ഞാൻ ഒന്നും കഴിച്ചിട്ടില്ല! പെട്ടന്ന് തന്നെ ബ്രഷ് ഒക്കെ മാറ്റി മമ്മിയോട് കഞ്ഞി എടുത്ത് വയ്ക്കാൻ പറഞ്ഞു. മമ്മി കഞ്ഞി എടുക്കാൻ പോയ gap ൽ പുറത്ത് അലക്കിയിട്ട തുണി ഞാൻ എടുത്ത് അടുക്കളക്കുള്ളിലെ അഴയിൽ തൂക്കിയിട്ടു കൊണ്ടിരുന്നു.
പണി പെട്ടന്ന് തീർന്നു. അതിനിടക്ക് മമ്മി പപ്പ കൊണ്ട് വന്ന വെജ് സമൂസ ഒരു പ്ലേറ്റിലാക്കി കൊണ്ട് വന്നു. ആഹാ കൊള്ളാം. ഞാൻ ഈ കാര്യം മറന്നിരിക്കുകയായിരുന്നു. പെരുന്നാളിന്റെ നോമ്പ് തുടങ്ങിയത് കൊണ്ട് വൈകിട്ടത്തെ ബാങ്ക് വിളിയോട് കൂടി ഉപവാസം അവസാനിപ്പിക്കുന്ന മുസ്ലീം വിശ്വാസികൾക്ക് കൊടുക്കാൻ കച്ചവടക്കാർ ഉണ്ടാക്കി വയ്ക്കുന്ന പലഹാരങ്ങൾ ചെറിയ വിലക്ക് കിട്ടുമായിരുന്നു. അതാണ് പപ്പ വാങ്ങി കൊണ്ട് വന്നിരിക്കുന്നത്. വില തുഛവും ഗുണം മെച്ചവും ആയിരുന്നു. 1 1/2 സമൂസയും അൽപം കോഴിക്കറിയും കഴിച്ചപ്പോൾ എന്റെ വിശപ്പടങ്ങി. ഇനി കഞ്ഞി എടുക്കണ്ടന്ന് മമ്മിയോട് പറഞ്ഞ് ഞാൻ പല്ല് തേക്കാൻ വട്ടം കൂട്ടി.
പല്ല് തേച്ച് വായ് കഴുകി വന്ന എന്നോട് മമ്മി പറഞ്ഞു “ഇന്ന് ഉച്ചക്ക് കഴുത്തിൽ ചങ്ങലയുമായി ഒരു പട്ടി Stair കയറി അടുക്കള വരെ വന്നു ന്ന് ” മമ്മി പട്ടിക്ക് താഴെ പറമ്പിൽ ആഹാരം ഇട്ട് കൊടുത്തു എന്നും പറഞ്ഞു. ഇത് കേട്ടപ്പോളാണ് കഴിഞ്ഞ ദിവസം എന്നോ പത്രത്തിൽ വായിച്ച ഒരു വാർത്ത എന്റെ മനസിലേക്ക് വന്നത്. അത് മറ്റൊന്നുമല്ല “പട്ടിക്കടുവ” എന്ന് പേരുള്ള ഒരു ഭീകര ജന്തുവിനെ കേരളത്തിൽ പലയിടത്തും കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തയായിരുന്നു. വെറുതേ ഒരു രസത്തിന് ആ വാർത്തയുടെ ഉള്ളടക്കം ഞാൻ മമ്മിക്ക് വിശദീകരിച്ച് കൊടുത്തു. അത് ഞാൻ ഇവിടെ ചുരുക്കി പറയാം: “പണ്ട് നമ്മുടെ കാട്ടിൽ സമൃദ്ധമായി ഉണ്ടായിരുന്ന ഒരു ജീവിയാണ് പട്ടിക്കടുവ. ഒരു നായയെക്കാൾ വലിപ്പവും പൂച്ചവർഗ്ഗത്തിന്റെ തലയും ഉടലുമുള്ള അൽഭുത ജീവിയാണത്. അതിന്റെ കാൽനഖങ്ങൾ പട്ടിയുടേത് പോലെ ഉള്ളിലേക്ക് മടക്കാൻ പറ്റാത്തവയായിരുന്നു. ഈ ഇടയായി കേരളത്തിൽ നായകളെയും മറ്റു വളർത്ത് മൃഗങ്ങളെയും കാണാതായ സ്ഥലങ്ങളിൽ പട്ടിക്കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കാൽപ്പാടുകളായും ചിലപ്പോൾ നേരിട്ട് കണ്ടതായും പലയിടത്തും റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. നായകളെ കൊന്ന് ഭക്ഷിക്കുകയാണ് നാട്ടിലിറങ്ങിയാൽ അവയുടെ പ്രധാന രീതി.” വളരെ അൽഭുതത്തോടെ എല്ലാം കേട്ട് നിന്ന മമ്മി “പേടിയാവുന്നു” എന്ന് പറഞ്ഞ് വേഗം തന്നെ അടുക്കളയിലെ പണി എല്ലാം ഒതുക്കി വാതിൽ പൂട്ടി റൂമിലേക്ക് പോവാൻ വട്ടം കൂട്ടി. ” ഇന്ന് രാവിലെ കൂടി പട്ടി ഇതിനകം വരെ കയറി വന്നതേ ഉള്ളു, അപ്പോളാ ഒരു പട്ടിക്കടുവ കൂടി ” മമ്മി വീണ്ടും എന്തൊക്കെയോ പിറ്പിറുത്ത് കൊണ്ടിരുന്നു. ഞാൻ മനസിൽ ചിരിച്ച് കൊണ്ട് മെല്ലെ അടുക്കളക്ക് പുറത്തിറങ്ങി Stair ന്റെ സൈഡിലെ balcony പോലുള്ള സ്ഥലത്ത് വന്ന് നിന്നു.
Hang out ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇത്. ഇവിടെ നിന്നാൽ ആകാശം തെളിഞ്ഞ് കാണാം. ചന്ദ്രൻ വലിപ്പത്തിലായിരുന്നത് കൊണ്ട് അത്യാവശ്യം നിലാവ് ഉണ്ടായിരുന്നു. താഴെ പറമ്പിൽ പപ്പയുടെയും അനിയത്തിയുടെയും കൃഷിയിടം. ചെടികളൊക്കെ നന്നായി തന്നെ വളരുന്നുണ്ട്. പറമ്പിന്റെ മൂലക്ക് വീട്ടിലെ Waste ഇട്ട് കത്തിക്കുന്ന സ്ഥലവുമുണ്ട്. അരണ്ട വെളിച്ചത്തിൽ Waste കൂനയ്ക്ക് അരികിൽ ഞാൻ എന്തോ കണ്ടത് പോലെ. സൂക്ഷിച്ച് നോക്കിയപ്പോൾ അസ്വാഭാവികമായ ഒരു കാഴ്ച കണ്ടു. ഒരു പട്ടി, Waste കൂനയുടെ അരികിൽ നിൽക്കുന്നു. പുറം തിരിഞ്ഞാണ് ഇരിക്കുന്നത്. ഇരുണ്ട ചാര നിറമായതിനാലാണ് പെട്ടന്ന് കാണാൻ പറ്റാണ്ട് പോയത്. മുഖം തിരിഞ്ഞാണ് ഇരിപ്പ്. Waste കൂനയിൽ ആഹാരത്തിന്റെ അവശിഷ്ടം വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയാവും അത്. ഞാൻ മെല്ലെ മമ്മിയെ വിളിച്ച് ചോദിച്ചു “ഇതാണോ മമ്മീ ഇന്ന് അടുക്കളയിൽ കയറി വന്ന പട്ടി” എന്ന്! മമ്മി വന്ന് ഒരു നോട്ടം നോക്കി “അല്ല” എന്ന് പറഞ്ഞ് തിരിയെ നടന്നു. “പാവം അത് Waste തിന്നാൻ വന്നതാവും, വല്ലതും കൊടുക്കാൻ ഉണ്ടോന്ന് നോക്കട്ടെ” മമ്മി തിരിഞ്ഞ് നടക്കുന്ന വഴിക്ക് വിളിച്ച് പറഞ്ഞു. ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് ആ ജന്തു പെട്ടന്ന് തിരിഞ്ഞ് എന്റെ നേരേ നോക്കി!
ഞെട്ടൽ !!
ആ ജീവിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ നടുങ്ങി. അത് ഒരു പട്ടി അല്ല !? പൂച്ചയുടെ മുഖം!!! ഒരു പട്ടിയുടെ അത്ര തന്നെ വലിപ്പം. കണ്ണുകൾ ലൈറ്റിന് നേരേ വന്നപ്പോൾ തിളങ്ങുന്നു, ഞാൻ മമ്മിയോട് അങ്ങോട്ട് നോക്കാൻ പറഞ്ഞു. മമ്മി ആ കാഴ്ച കണ്ട് ഞെട്ടി ഒച്ച വച്ചു. ഞാൻ മമ്മിയോട് റൂമിന്റെ അകത്തേക്ക് പൊയ്ക്കൊളാൻ പറഞ്ഞ് അടുക്കളയിൽ ചെന്ന് മൊബൈൽ ഫോൺ Fridge ന്റെ മുകളിൽ വച്ചിട്ട് ഒരു കയ്യിൽ വെട്ട് കത്തിയും മറ്റേ കയ്യിൽ കറിക്കത്തിയും എടുത്ത് Stair ന് മുന്നിൽ വന്ന് നിന്ന് താഴേക്ക് നോക്കി. ഇത് കണ്ട് മമ്മി എന്നോട് താഴോട്ട് പോവണ്ട കേറി വരാൻ പറഞ്ഞ് ബഹളം വച്ചു. ആ ബഹളം കേട്ട് ആ ജീവി ഇരുന്നിടത്ത് നിന്ന് എണീറ്റ് എന്റെ നേരേ നോക്കി നിന്നു. ഞാൻ പകുതി Step ഇറങ്ങി മമ്മിയോട് അകത്ത് ചെന്ന് ഉറങ്ങി കിടക്കുന്ന Tony (My Brother) യെ വിളിച്ചിട്ട് വരാൻ പറഞ്ഞു. ആ ജന്തുവിന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് എന്തോ വശപ്പിശക് തോന്നി. അവൻ ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയാണോ എന്ന് ഞാൻ സത്യമായും സംശയിച്ചു. എത് നിമിഷവും ആ ജീവി Stair ഓടിക്കയറി വന്നേക്കാം എന്ന് തോന്നി. ഒരു Situation ഞാൻ ശരിക്കും പ്രതീക്ഷിച്ചു. ആ ജന്തു വളരെ കൂൾ ആയിരുന്നു. സംശയമില്ല. ആ മുഖം കണ്ടാൽ അറിയാം. യാതൊരു പേടിയും കൂടാതെ വളരെ കൗതുകത്തോട് കൂടി ഞങ്ങൾ ചെയ്യുന്നത് നോക്കുകയാണ് ആ ജീവി. എന്ത് ചെയ്യണം എന്നറിയാതെ തരിച്ച് നിന്ന എന്നെ പുച്ഛത്തോടെ ഒരു നോട്ടം നോക്കി ആ ജീവി ഒരു പരിഭ്രമവും കൂടാതെ മെല്ലെ മുന്നോട്ട് നടന്ന് അതിർത്തിയിലുള്ള കയ്യാല ചാടിക്കടന്ന് അടുത്ത പറമ്പിലേക്ക് പോയ് മറഞ്ഞു.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ മമ്മി ടോണിയെയും, പപ്പയെയും വിളിച്ച് കൊണ്ട് വന്നു. ടോണി കൊണ്ട് വന്ന ഫോണിന്റെ ഫ്ലാഷ് ഓണാക്കി ഞാൻ താഴെ ഇറങ്ങി പറമ്പിലേക്ക് അടിച്ച് നോക്കി എങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഫ്ലാഷിന് പവറും വളരെ കുറവായിരുന്നു. ടോണിയും പപ്പയും ഉറക്കച്ചടവോട് കൂടി മുകളിൽ വന്ന് നിൽക്കുകയാണ്. അവർ എന്താ സംഭവം എന്ന് ചോദിക്കുന്നുണ്ട്. ഞാൻ അവരോട് ആ ജീവിയുടെ ഏകദേശ രൂപം വിശദീകരിച്ച് കൊടുത്തു. പപ്പ പറഞ്ഞു അത് പണ്ട് നാട്ടിലൊക്കെ സാധാരണയായി കാണപ്പെടുന്ന “പാക്കാൻ ” എന്ന ജീവി ആയിരിക്കും എന്ന്. മമ്മി എന്തൊക്കെയോ തനിയെ പറഞ്ഞുകൊണ്ടിരിക്കുകയാണ് ” വീട്ടിലെ പൂച്ചയെ ഇത്രയും നേരമായും കാണുന്നില്ല. ഇനി ഈ ജീവിയെങ്ങാൻ പിടിച്ച് തിന്നതാവുമോ?” എന്നൊക്കെ! എനിക്കും സംശയം തോന്നാതിരുന്നില്ല. എന്ത് ജീവി ആയിരിക്കും അത്? ഇത് വരെ ഞാൻ ജീവിതത്തിൽ കാണാത്ത ഒരു സാധനം. പാക്കാൻ ആണോ അതോ…. ഇനി ഇത് തന്നെയായിരിക്കുമോ “പട്ടിക്കടുവ” ?
ആദ്യ നോട്ടത്തിൽ പട്ടിയെ പോലെയും പിന്നീട് പൂച്ചയെ പോലെയും തോന്നിച്ച ആ ജീവി, എല്ലാ രഹസ്യങ്ങളും ബാക്കി വച്ച് ഇരുളിൽ മറഞ്ഞു. അൽപ നേരത്തിന് ശേഷം എല്ലാവരും തിരിയെ പോയി. ഞാൻ വീണ്ടും കുറേയേറെ സമയം അവിടെ നിന്നു. ആ സമയമത്രയും ദൂരെ നിന്നും വിചിത്രമായ ഒരു തരം കരച്ചിൽ കേൾക്കാമായിരുന്നു. ഒരു പൂച്ചയുടേതിന് സമാനമായ ശബ്ദം, എന്നാൽ വളരെ ഉയർന്ന ആവൃത്തിയിലുള്ളതായിരുന്നു അത്. മമ്മി പറഞ്ഞു ഒരു കുഞ്ഞ് നിലവിളിക്കുന്ന ശബ്ദത്തിനോട് സാമ്യം തോന്നുന്നു എന്ന്. പക്ഷേ എനിക്ക് തോന്നിയത് കണ്ടൻ പൂച്ച സങ്കടം വരുമ്പോൾ അല്ലങ്കിൽ കാമം മൂക്കുമ്പോൾ കരയുന്ന ശബ്ദത്തിന്റെ ഒരു ഉയർന്ന രൂപം പോലെയാണ്. പിന്നീട് എപ്പോളോ ആ ശബ്ദം നിലച്ചു.
ആ ജീവിയുടെ രഹസ്യം തേടി നടക്കാൻ ഒന്നും ഞാൻ മെനക്കെട്ടില്ല. പേടി തന്നെ കാരണം. അത് പട്ടിക്കടുവ ആണോ എന്ന സംശയം എന്റെ ഉള്ളിൽ ശക്തമായി തന്നെ അവശേഷിച്ചു. പട്ടിക്കടുവ ഉയിരുള്ള ജന്തുവാണെന്നും മനുഷ്യനെ പോലും ആക്രമിച്ച് കീഴ്പ്പെടുത്താൻ തന്റേടവും തടിമിടുക്കും ഉള്ളതാണെന്നും എവിടെയോ കേട്ടത് ഞാൻ ഓർത്തു. ആ ജീവിയെ അതിന്റെ വഴിക്ക് വിട്ട് തൽക്കാലം പിൻവലിയാൻ ഞാൻ തീരുമാനിച്ചു. നാളെ രാവിലെ Waste കൂനയ്ക്ക് അരികിൽ നിന്ന് കിട്ടിയേക്കാവുന്ന കാൽപ്പാടുകൾ തന്നെ അവന്റെ രഹസ്യം വിളിച്ചറിയിക്കട്ടെ. അപ്പോളേക്കും ഞാൻ പാതി വഴിക്ക് നിർത്തി പോന്ന എന്റെ ജോലി മുഴുമിപ്പിക്കാം – Whats App ൽ ഇടാനുള്ള പുതിയ Profile Picture എഡിറ്റ് ചെയ്ത് കഴിഞ്ഞിട്ടില്ല.
(നിർഭാഗ്യവശാൽ പിറ്റേന്ന് Waste കൂനയ്ക്ക് അരികിൽ കാൽപ്പാടുകൾ ഒന്നും തന്നെ കാണുവാൻ സാധിച്ചില്ല. പപ്പ പറഞ്ഞത് പോലെ അത് “പാക്കാൻ” ആവാനാണ് സാധ്യത. പല നാട്ടിലും പല പേരാണ് അതിന്. തിരുവനന്തപുരം ഭാഗത്ത് അതിനെ “വള്ളിപ്പുലി ” എന്നു വിളിക്കുന്നു. പക്ഷേ House Owner ടെ വീട്ടിൽ നടത്തിയ സർവ്വേയിൽ ഇങ്ങനൊരു ജീവിയെ മുമ്പ് ഇവിടെ കണ്ടിട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്. “പാക്കാൻ ” പോലുള്ള ജന്തുക്കളെ മുമ്പ് ആരും ഇവിടെ കണ്ടതായി പറഞ്ഞ് കേട്ടിട്ടില്ല എന്നും അവർ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിന് ശേഷം ഏതാണ്ട് 10 മാസത്തോളമായി എങ്കിലും ഒരിക്കൽ കൂടി അതിനെ ഇവിടെങ്ങും കാണുവാനും സാധിച്ചിട്ടില്ല. ആ ജീവി എന്തായിരുന്നു എന്നത് ഇപ്പോഴും വ്യക്തമായ ഒരു വിശദീകരണം ഇല്ലാതെ തുടരുന്നു.)