Legend of The Water Wrestler – നീർ മല്ലൻ

Share

ഇത്, ഒരു കാലത്ത് മധ്യകേരളത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലെ നീർത്തടങ്ങളും നീർചാലുകളും അടക്കി വാണിരുന്ന നീർ മല്ലന്റെ കഥയാണ്. സത്യമോ മിഥ്യയോ എന്ന് തീർച്ചപ്പെടുത്താനാവാതെ ഇന്നും പ്രദേശ നിവാസികൾക്ക് പിടികൊടുക്കാത്ത ജല മനുഷ്യന്റെ കഥ. വിശദാംശങ്ങളിലേക്ക്..

നീർ മല്ലനെ പറ്റിയുള്ള സംസാരം നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രചരിച്ചിരുന്നു. മനുഷ്യന്റെ രൂപത്തോട് സാദൃശ്യമുള്ള എന്നാൽ പൂർണ്ണമായും ജല നിർമ്മിതമായ ശരീരത്തോട് കൂടിയ നീർ മല്ലൻ, ജലവിതാനത്തിന് മുകളിൽ വിഹരിക്കുന്ന കാഴ്ച കണ്ടിട്ടുള്ളതായി അന്നത്തെ മനുഷ്യർ അവകാശപ്പെട്ടിരുന്നു. മനുഷ്യന്റെ സാമിപ്യം തിരിച്ചറിഞ്ഞാൽ പൊടുന്നനെ വെള്ളത്തിലേക്ക് ഊളിയിട്ട് മറയുന്ന പതിവുള്ള നീർ മല്ലനെ നേരിട്ട് കാണുന്ന സന്ദർഭം വിരളമാണെങ്കിലും വെള്ളത്തിൽ ഊളിയിടുമ്പോൾ ഉണ്ടാവുന്ന ശബ്ദവും വലിയ ഓളങ്ങളും കണ്ടതായി അവകാശപ്പെടുന്നവരും, നീർ മല്ലന്റെ അതിക്രമത്തിന് ഇരയായവരും അനവധിയാണ്.

പണ്ട് കാലത്തെ കേരളത്തിന്റെ ഉൾ നാടുകൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്മായിരുന്നു. ജനസംഖ്യ നന്നേ കുറഞ്ഞ, യാതൊരു തരത്തിലുള്ള വികസനങ്ങളും എത്തിപ്പെടാത്ത, വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള സാഹചര്യങ്ങളിൽ മനുഷ്യർ ജീവിച്ചിരുന്ന കാലം. വൈദ്യുതിയോ ജലവിതരണ സംവിധാനങ്ങളോ ഇല്ലാത്ത വീടുകളായിരുന്നു ഭൂരിഭാഗവും. വളരെ ചുരുക്കം ചില വീട്ടുകാർക്ക് മാത്രമാണ് സ്വന്തമായി കിണറുകൾ പോലും ഉണ്ടായിരുന്നത്. അല്ലാത്തവരെല്ലാം കുളിക്കുന്നതിനും, തുണി അലക്കുന്നതിനും, പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും കഴുകുന്നതിനും അടുത്തുള്ള കുളമോ, തോടോ, നദിയോ പോലുള്ള ജലസ്രോതസ്സുകളെയാണ് ആശ്രയിച്ചിരുന്നത്. വർഷത്തിൽ 2 3 തവണയായി പെയ്യുന്ന മഴ ഇടവിട്ട് ഈ ജലസ്രോതസുകളെ ജലനിബിഡമാക്കി നിലനിർത്തി വന്നിരുന്നു.

അക്കാലത്ത് യാത്രയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല! റോഡുകളൊന്നും എത്തിപ്പെടാത്ത ഉൾ നാടുകളിൽ പലപ്പോഴും മനുഷ്യർക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിപ്പെടണമെങ്കിൽ ഒന്നിലധികം ജലസ്രോതസുകൾ മുറിച്ചു കടക്കണ്ടതായി വന്നിരുന്നു. ചെറിയ തോടുകൾക്ക് കുറുകേ മരത്തടികൾ കൊണ്ടുള്ള പാലമാണ് ഉപയോഗിച്ചിരുന്നത്. വീതി കൂടിയ നദികളും, ആറുകളും, കായലുകളും പോലെയുള്ള സ്ഥലമാണെങ്കിൽ കടത്തും (വള്ളം) ആയിരുന്നു ആശ്രയം. മരപ്പാലവും, കടത്തും ഇല്ലാത്ത ഭാഗങ്ങളിൽ കൂടി യാത്ര ചെയ്യുന്നവർ, വെള്ളം അധികമില്ലാത്ത ഭാഗം നോക്കി മുറിച്ച് കടക്കുകയോ, നീന്തി കടക്കുകയോ ആയിരുന്നു പതിവ്. അന്നത്തെ ആളുകൾക്ക് അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

അങ്ങനെ, മനുഷ്യൻ ജലസ്രോതസുകളുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുന്ന കാലത്ത് അതുമായി ബന്ധപ്പെട്ട അനേകം സംഭവവികാസങ്ങളും അരങ്ങേറിയിരുന്നു. അതിൽ ഏറ്റവും പേടിപ്പെടുത്തുന്ന ഒന്നായിരുന്നു നീർ മല്ലൻ എന്ന ജല മനുഷ്യൻ. ഒറ്റയ്ക്ക് കുളത്തിലോ തോട്ടിലോ നദിയിലോ ഇറങ്ങുന്നവരെയാണ് നീർ മല്ലൻ പ്രധാനമായും നോട്ടമിടുന്നത് എങ്കിലും ഇടയ്ക്ക് കൂട്ടമായി യാത്ര ചെയ്യുന്നവരെയും ശല്യപ്പെടുത്തിയിട്ടുള്ളതായി പറയപ്പെടുന്നു. അത് പോലെ തന്നെ കരയോട് ചേർന്ന് നിന്ന് അലക്കുന്നവർക്ക് നേരേ വെള്ളം തെറുപ്പിക്കുകയും, ഓളമുണ്ടാക്കി ശ്രദ്ധ ആകർഷിക്കുകയും വെള്ളത്തിൽ ഊളിയിട്ട് ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയും ചെയ്തിരുന്നു നീർ മല്ലൻ. അനുഭവസ്ഥർ പറയുന്നത് വെള്ളത്തിൽ എന്തോ ഭാരമുള്ള വസ്തു വന്ന് വീഴും പോലുള്ള ശബ്ദം കേൾക്കുന്നതായും, ചിലപ്പോൾ ശബ്ദം ഒന്നും ഉണ്ടാവാതെ പൊടുന്നനെ വലിയ ഓളങ്ങൾ കരയിൽ അടിക്കുന്നതായും, മറ്റ് ചിലപ്പോൾ ആരോ തെറുപ്പിക്കുന്നത് പോലെ വെള്ളം ദേഹത്ത് വന്ന് വീഴുന്നതായും, തിരിഞ്ഞ് നോക്കുമ്പോൾ അവിടെയെങ്ങും മറ്റ് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വസ്തുക്കളുടെയോ സാന്നിധ്യം ഉണ്ടാവാറില്ല എന്നുമാണ്. ഈ പ്രതിഭാസങ്ങൾ തന്നെയാണ് നീർ മല്ലൻ എന്ന നിഗൂഢതയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നതും.

വെള്ളത്തിൽ ഇറങ്ങുന്നവർക്കുണ്ടാകുന്ന അനുഭവം ഇതിൽ നിന്ന് തികച്ച് വ്യത്യസ്തവും ഭീകരവുമാണ്. യാത്രയ്ക്കിടെ തോടുകൾ നീന്തി കടക്കുന്നവർക്കും, കുളിക്കാൻ ഇറങ്ങുന്നവർക്കുമാണ് അത്തരം അനുഭവം ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നത്. വെള്ളത്തിൽ കുളിക്കാൻ ഇറങ്ങി നിൽക്കുമ്പോൾ ആരോ കാലിൽ പിടിച്ച് വലിക്കുന്നതായാണ് കൂടുതൽ ആളുകളും പറയുന്നത് . അങ്ങനെ നില തെറ്റി വീഴുകയും വെള്ളത്തിൽ മുങ്ങിപ്പോവുകയും ഒഴുക്കുള്ള സ്ഥലമാണെങ്കിൽ നിയന്ത്രണം തിരിച്ച് കിട്ടുന്നത് വരെ ഒഴുക്കിൽ പെട്ട് പോവുകയും ചെയ്തവർ അനവധിയാണ്‌. ചിലരെ പെട്ടന്ന് വലിച്ച് മറിച്ചിടുമ്പോൾ മറ്റ് ചിലരെ വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ട് പോവുകയാണ് ചെയ്യുന്നത് . പണ്ട് കോട്ടയത്ത് മീനച്ചിലാറിന് കുറുകേ പാലം വരുന്നതിന് മുൻപ് മീനച്ചിലാർ നീന്തിക്കടക്കുന്നതിനിടയിൽ ചായക്കടക്കാരനായ ഒരു മനുഷ്യന് ഉണ്ടായ അനുഭവം അന്നത്തെ കാലത്ത് വൻ ചർച്ചാ വിഷയം ആയിരുന്നു. ചായക്കട പൂട്ടി ഇറങ്ങാൻ വൈകിയ അദ്ദേഹത്തിന് അവസാനത്തെ കടത്തുവഞ്ചിയും നഷ്ടമായി. വീട്ടിലേക്ക് കൊണ്ട് പോകാൻ എടുത്ത, കടയിൽ മിച്ചം വന്ന ഭക്ഷണ സാധനങ്ങൾ ഒരു പാത്രത്തിലാക്കി തലയിൽ കെട്ടിവച്ച് മീനച്ചിലാർ നീന്തിക്കടക്കവേ അദ്ദേഹത്തിനെ ആരോ കാലിൽ പിടുത്തമിട്ട് ആഴങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയി. നീന്താൻ വിദഗ്ധനായിരുന്നതിനാലും, അപാരമായ മനോധൈര്യം ഉണ്ടായിരുന്നതിനാലും എങ്ങിനെയോ അദ്ദേഹം പിടി വിടുവിച്ച് ജലനിരപ്പിലെത്തി മറുകരയ്ക്ക് നീന്തിയെത്തി. തലയിൽ കെട്ടിവച്ച പാത്രവും അതിനുള്ളിലെ ഭക്ഷണവും പിടിവലിയിൽ നഷ്ടമായി എങ്കിലും ജീവനോടെ അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. മറ്റുള്ളവർക്ക് ഒരു കരുതലായിരിക്കട്ടെ എന്ന് വിചാരിച്ച് തന്റെ അനുഭവം അദ്ദേഹം മറ്റുള്ളവരോട് പങ്ക് വയ്ക്കുകയും ചെയ്തു.

ആളുകളെ ഇങ്ങനെയൊക്കെ പേടിപ്പിക്കുമെങ്കിലും, നീർമല്ലൻ ആളുകളുടെ ജീവൻ കവർന്നതായി പറഞ്ഞു കേട്ടിട്ടില്ല. കുളങ്ങളിലും തോടുകളിലും ഒരു പാട് ആളുകൾ മരണപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം സ്വാഭാവിക കാരണങ്ങളാലാൽ സംഭവിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദാഹരണത്തിന് : വെള്ളത്തിൽ വച്ച് മരണപ്പെടുന്നത് കയത്തിൽ പെട്ടോ ഒഴുക്കിൽ പെട്ടോ ഉള്ള മുങ്ങി മരണങ്ങളായും, കരയിൽ വച്ച് സംഭവിക്കുന്നത് പാമ്പ് കടി പോലുള്ള അപകടമോ, ഹൃദയസ്തംഭനം, ചുഴലി പോലുള്ള രോഗാവസ്ഥകൾ മൂലമോ ആണെന്നാണ് കരുതപ്പെടുന്നത്. എന്തായിരുന്നാലും പല മരണങ്ങളുടെയും കാരണം അവ്യക്തമാണ്. വിദഗ്ധ നീന്തൽകാരായ ചെറുപ്പക്കാർ 10 അടി പോലും ആഴമില്ലാത്ത സ്ഥലത്ത് മുങ്ങി മരിക്കുന്നതും, ആരോഗ്യമുള്ള, മറ്റ് രോഗാവസ്ഥകൾ ഏതുമില്ലാത്ത മനുഷ്യർ ഹൃദയ സ്തംഭനവും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളും മൂലം പെട്ടന്ന് മരണപ്പെടുന്നതും എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് പലരും ആരോപണം ഉന്നയിക്കുന്നുണ്ട്.

നേരം ഇരുണ്ട് തുടങ്ങിയതിന് ശേഷം, ആളനക്കമില്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് നീർ മല്ലന്റെ സാന്നിധ്യം ഉണ്ടാകുന്നത് എന്നതിനാൽ ഇതിൽ മറ്റൊരു വ്യാഖ്യാനം ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. പണ്ട് കാലത്തെ കാരണവന്മാർ, അശ്രദ്ധ മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സന്ധ്യ മയങ്ങിയതിന് ശേഷം ആളുകളോട് പുറത്തിറങ്ങരുതെന്നും പ്രത്യേകിച്ച് കുളവും തോടും പോലുള്ള ജലത്രോതസുകളിൽ അലക്കാനോ കുളിക്കാനോ പോകരുതെന്നും കർശനമായി താക്കീത് ചെയ്തിരുന്നു. അതിന് ആക്കം കൂട്ടാൻ അവർ ആദ്യകാലങ്ങളിൽ പറഞ്ഞ് പരത്തിയ ഭീതിജനകമായ കഥകളിൽ ഒന്നാണ് നീർ മല്ലൻ പോലെയുള്ള സാങ്കൽപ്പിക കഥാപാത്രങ്ങൾ എന്ന് അക്കൂട്ടർ വാദിക്കുന്നു. കാരണവന്മാരെ ധിക്കരിക്കുമെങ്കിലും ഭൂതപ്രേത പിശാചുക്കളെയും മറ്റ് പ്രതിഭാസങ്ങളെയും ആളുകൾ ഭീതിയോടെ കണ്ടിരുന്ന കാലഘട്ടമാകയാൽ ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും സന്ധ്യക്ക് മുൻപ് തന്നെ കുളിയും നനയും മറ്റ് ആവശ്യങ്ങളും കഴിച്ചിരുന്നു. തന്മൂലം ക്ഷുദ്രജീവികളാലുണ്ടാവുന്ന അപകടങ്ങളിൽ നിന്നും, സാമൂഹ്യ വിരുദ്ധരുടെ ആക്രമണങ്ങളിൽ നിന്നും ഒരു പരിധി വരെ അവർ സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ, ഇത് പോലെയുള്ള ചില കഥകൾ അന്നത്തെ മനുഷ്യരുടെ സുരക്ഷയ്ക്ക് വേണ്ടി കാരണവന്മാർ ഉണ്ടാക്കിയതാണെന്ന് അവർ കരുതുന്നു.

സന്ധ്യക്ക് ശേഷം പുറത്തിറങ്ങുന്നവരാണ് കൂടുതലും നീർ മല്ലന്റെ ഇരകളാവുന്നതെന്നാണ് പറയപ്പെടുന്നത്! അതേ പറ്റി ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ചിലർ വിശദീകരിക്കുന്നത് ഇങ്ങനെയാണ് : നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ വായ് മൊഴിയായി പറഞ്ഞു കേട്ട ഇത്തരം അറിവുകൾ നിമിത്തം ആളുകൾക്ക് സ്വതവേ മനസിൽ ഒരു പേടിയുണ്ടായിട്ടുണ്ട്. ആ പേടി മനസിൽ വച്ച് ഇറങ്ങി നടക്കുന്നതിനാൽ എന്തെങ്കിലും സ്വാഭാവികമായ ഒരു ചെറിയ കാര്യം ഉണ്ടായാലും അത് നീർ മല്ലനുമായി ബന്ധപ്പെടുത്താനുള്ള പ്രവണത ആളുകളിൽ ഉണ്ടാവുന്നു. അങ്ങനെ, വെള്ളത്തിൽ വീണ തേങ്ങ പോലുള്ള വസ്തുക്കളെ നീർ മല്ലൻ ഊളിയിടുന്നതായും, കുളിക്കുന്നതിനിടയിൽ ശക്തമായ അടിയൊഴുക്കിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെടുന്നതിനെ നീർ മല്ലൻ കാലിൽ പിടിച്ച് വലിക്കുന്നതായും ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അത് പോലെ മാസസിക നില ഒരു നിമിഷത്തേക്കെങ്കിലും തെറ്റിയാൽ എത്ര ധൈര്യശാലികളും അടി പതറും! ആ സമയത്ത് ഇല്ലാത്ത രൂപത്തെ കണ്ടു എന്നും അതിന്റെ അക്രമണം നേരിട്ടു എന്നുമൊക്കെ ആളുകൾക്ക് തോന്നാൻ സാധ്യതയുണ്ട്. അതിനെ ഹാലൂസിനേഷന്റെ മറ്റൊരു പതിപ്പായാണ് കണക്കാക്കുന്നത്. അതിനെ പറഞ്ഞ് പെരുപ്പിച്ചും, ചിലത് കൂട്ടിച്ചേർത്തും ഇന്നത്തെ പരുവത്തിൽ എത്തിച്ചിരിക്കുന്നു എന്ന് മാത്രം. അങ്ങനെ നീർ മല്ലൻ എന്ന പ്രതിഭാസത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല എന്ന് അവർ വിശദീകരിക്കുന്നു.

അത് പോലെ തന്നെ നിയപാലകരും സമാന മേഘലകളിലുള്ള ആളുകളും തരുന്ന മറ്റൊരു വിശദീകരണം പണ്ട് കാലത്ത് നാട്ടിൻ പുറങ്ങളിൽ അരങ്ങേറിക്കൊണ്ടിരുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ ആധാരമാക്കിയുള്ളതാണ് ! രാത്രി കാലങ്ങളിൽ കൂട്ടം ചേർന്നുള്ള കുൽസിത പ്രവൃത്തികളും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്താൻ ആളുകൾ ഇത്തരം അന്ധവിശ്വാസങ്ങൾ പറഞ്ഞ് പൊലിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നാട്ടിൽ ഒരാൾക്ക് നീർ മല്ലന്റെ അക്രമണം ഉണ്ടായി എന്നറിഞ്ഞാൽ പിന്നെ മറ്റാരും അസമയത്ത് പുറത്തിറങ്ങില്ല എന്നത് സ്വാഭാവികമാണ്! അത് മറയാക്കി ചിലർ അവരുടെ കാര്യങ്ങൾ സാധിക്കുന്നു. നീർ മല്ലന്റെ മറവിൽ കവർച്ചയും കൊലപാതകങ്ങളും വരെ നടന്നിട്ടുള്ളതായും പറയപ്പെടുന്നു. അതിനായി കൂട്ടത്തിലൊരാൾ നീർ മല്ലൻറ അക്രമണം നേരിട്ടു എന്ന് കള്ളം പറഞ്ഞ് ഫലിപ്പിക്കുകയോ, ഒരു ഇരയെ കണ്ടെത്തി നീർ മല്ലൻ എന്ന വ്യാജേന ഭയപ്പെടുത്തുകയോ ചെയ്യും. പിന്നീട് ഇരയുടെ വായിൽ നിന്ന് തന്നെ ഈ കഥ നാട്ടിലെങ്ങും പ്രസിദ്ധിയാർജിക്കുകയും ആളുകൾ അസമയത്ത് അവിടെ നിന്ന് മാറി നിൽക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ആ സാഹചര്യം മറയാക്കി സാമൂഹിക വിരുദ്ധർ തങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് കളമൊരുക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, ഏതാണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും കേരളത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ ആളുകൾ കണ്ടതായി അവകാശപ്പെട്ട നീർ മല്ലൻ ഇന്ന് ഏതാനും ആളുകളുടെ ഓർമ്മകളിൽ മാത്രം അവശേഷിക്കുന്നു. ജനപ്പെരുപ്പം കൂടിയതും, കുളങ്ങൾ നികത്തി കെട്ടിടങ്ങൾ പണിതതും, കൂടുതൽ നദീതടങ്ങളും ജലസ്രോതസുകളും മനുഷ്യൻ കുടിയേറി പാർപ്പിടമാക്കിയതും നീർ മല്ലന്റെ വിഹാരത്തിന് തടസമായതായി ആളുകൾ കരുതുന്നു. പണ്ട് കാലത്ത് കുളങ്ങളിലും തോടിന്റെ കരയിലും നദീതടങ്ങളിലും മാത്രം ഉണ്ടായിരുന്ന കുളിയും, നനയും, കഴുക്കുമെല്ലാം ഇന്ന് മനുഷ്യർ വീടിനുള്ളിലെ സംരക്ഷണ വലയത്തിനുള്ളിലാണ് ചെയ്യുന്നത്. അങ്ങനെ, നീർ മല്ലനെ നേരിട്ട് കാണാനുള്ള ഒരു സാഹചര്യം ഇപ്പോൾ മനുഷ്യർക്ക് നിഷിധമായിരിക്കുന്നു. അത്കൊണ്ടാവാം ഇന്ന് നീർ മല്ലനെ കണ്ടതായുള്ള അവകാശവാദം ആരും ഉന്നയിക്കാത്തത്. ഒരു പക്ഷേ, ഉപേക്ഷിക്കപ്പെട്ട തോടുകളിലും നദികളിലും ഇന്നും ആ ജല മനുഷ്യൻ ഇരുളിന്റെ മറവിൽ സ്വൈര്യ വിഹാരം നടത്തുന്നുണ്ടാവാം! ശാസ്ത്രത്തിന്റെയും നിയമപാലകരുടെയും പ്രസ്താവനകൾ നീർ മല്ലന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുമ്പോളും ദൃക്സാക്ഷികളും അനുഭവസ്ഥരും അവരുടെ വാദങ്ങളിൽ ഉറച്ച് നിൽക്കുന്നു. സ്വന്തം ജീവിതത്തിൽ അവർ നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളിൽ അവർക്ക് പൂർണ ബോധ്യമുള്ളതിനാൽ നീർ മല്ലൻ ആളുകളുടെ കണ്ണെത്തിപ്പെടാത്ത പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ഇരുണ്ട കോണുകളിൽ ഇന്നും വിഹരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു.

എല്ലാ സംശയങ്ങളും ബാക്കി നിർത്തി, നീർ മല്ലൻ എന്ന ആ ജല മനുഷ്യൻ ചുരുളഴിയാത്ത രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് വീണ്ടും ഊളിയിടുന്നു…


Share