Hunter

Share

റാൾഫ് … അകത്തേക്ക് വരൂ ഡിന്നർ തയ്യാറായി .. മേഗൻ അൽപം ശബ്ദമുയർത്തി വിളിച്ചു. ആ വിളി കേൾക്കാത്ത വണ്ണം വരാന്തയിൽ നിന്ന് നെറ്റി ചുളിച്ച് സംശയത്തോട് കൂടി പുറത്തേക്ക് നോക്കി നിൽക്കുകയാണ് റാൾഫ്. നേരം നന്നായി ഇരുട്ടിയിരിക്കുന്നു. ഏതാണ്ട് പത്ത് ഏക്കറോളം വരുന്ന തൊടിയുടെ അപ്പുറത്തുള്ള മരക്കൂട്ടങ്ങളിലേക്കാണ് നോട്ടം ചെല്ലുന്നത്. അതിന് മുകളിൽ തെളിഞ്ഞ ആകാശം. സിറ്റിയുടേത് പോലെയുള്ള പ്രകാശ പ്രതിഫലനമൊന്നും ഇല്ലാത്തതിനാൽ നക്ഷത്രങ്ങളെല്ലാം അതിൻ്റെ യഥാർഥ ശോഭയിൽ തെളിഞ്ഞ് നിൽക്കുന്നത് അതി മനോഹരമായിരുന്നു. മേഗൻ റൂമിൽ നിന്ന് പുറത്തേക്ക് വന്ന് റാൾഫിനെ തട്ടി വിളിച്ചു. “എന്താണ് നോക്കുന്നത്? അകത്ത് വന്ന് ഭക്ഷണം കഴിക്കൂ. യാത്ര ചെയ്ത് ഒരു പാട് ക്ഷീണിച്ചതല്ലേ! സൗന്തര്യം ആസ്വദിക്കുകയാണെങ്കിൽ അതിന് ഇനി ഒരു പാട് സമയമുണ്ട്.” മേഗൻ ചിരിച്ചു കൊണ്ട് റാൾഫിൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു.

“എന്തോ എനിക്ക് ഇവിടം പിടിയ്ക്കുന്നില്ല. ഇപ്പോൾ ഇവിടെ വന്നത് മണ്ടത്തരമായത് പോലെ തോന്നുന്നു” റാൾഫ് യാന്ത്രികമായി സംസാരിച്ചു. അയാളുടെ നെറ്റി അപ്പൊളും ചുളിഞ്ഞ് തന്നെയിരുന്നു. മേഗൻ സന്തോഷം മങ്ങിയ മുഖത്തോടെ നെടുവീർപ്പിട്ട് നിന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അൽപം വികാരത്തോടെ സംസാരിച്ച് തുടങ്ങി. ” സിറ്റിയിലെ സൗകര്യങ്ങൾ ഇവിടെ പ്രതീക്ഷിക്കരുത് റാൾഫ്, ഇതെൻ്റെ അമ്മ ജനിച്ച് വളർന്ന സ്ഥലമാണ്, എൻ്റെ കുട്ടിക്കാലവും ഇവിടെത്തന്നെയായിരുന്നു. കാരണവന്മാർ പ്രതിസന്ധികളെ തരണം ചെയ്ത് ഇവിടെ നിലനിന്നത് കൊണ്ടാണ് എനിക്കിങ്ങനെയൊരു ജീവിതം തന്നെ കിട്ടിയത്. എനിക്കൊരുപാട് അടുപ്പമുള്ള സ്ഥലമാണെന്നറിഞ്ഞിട്ടും ഇങ്ങനെ പറയുന്നത് എനിക്ക് വിഷമമാകും എന്ന് നിങ്ങൾക്ക് അറിയില്ലേ? ”

“നിന്നെ വിഷമിപ്പിക്കാനല്ല നമ്മുടെ സുരക്ഷയെ കരുതിയാണ് പറഞ്ഞത്. ഈ സ്ഥലത്തെ പറ്റി ആളുകൾ പറയുന്നത് നിനക്കറിയാവുന്നതല്ലേ? ഇവിടെ നടന്ന സംഭവങ്ങളെ പറ്റി നീ കേട്ടിട്ടുള്ളതല്ലേ? കേവലം സെന്റിമെൻസിനു വേണ്ടി നമ്മുടെ സുരക്ഷയെ മാനിക്കാതിരിക്കുന്നത് മണ്ടത്തരമാണ് മേഗൻ ” റാൾഫ് തെല്ല് അരിശത്തോടെ പറഞ്ഞു.

” ഈ സ്ഥലം വിറ്റ് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഞാൻ സമ്മതിക്കില്ല റാൾഫ്. അതിന് വേണ്ടി മറ്റുള്ളവർ പറഞ്ഞ് പരത്തുന്ന കള്ളക്കഥകൾ നിങ്ങൾ എടുത്തിടരുത്. ഇത്രയും കാലം കഷ്ടപ്പെട്ടത് പോലെ ഇനിയും ഒന്നോ രണ്ടോ വർഷങ്ങൾ കൂടി നമ്മൾ ഒന്നിച്ച് ശ്രമിച്ചാൽ വേണമെന്ന് ആഗ്രഹിച്ച എല്ലാമുണ്ടാക്കാം. അതിന് വേണ്ടി എന്റെ അച്ഛനമ്മമാരുടെയും കാരണവന്മാരുടെയും ഓർമ്മകൾ ഉറങ്ങി കിടക്കുന്ന ഈ സ്ഥലം ബലി കൊടുക്കാൻ ഞാൻ തയ്യാറല്ല. നിങ്ങളുടെ സ്ഥലം വിൽക്കാൻ ഞാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ അതിന് സമ്മതിക്കുമായിരുന്നോ റാൾഫ് ?” മേഗൻ വിട്ട് കൊടുക്കാൻ കൂട്ടാക്കിയില്ല.

” മറ്റുള്ളവർ പറഞ്ഞ് പരത്തുന്ന കള്ളക്കഥകളോ? നിനക്കെങ്ങനെ ഇത് പറയാൻ കഴിയുന്നു? ഒരു കുടുംബത്തിലെ 3 പേരാണ് അവരുടെ തൊടിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സ്വന്തം വീടിന് പോലും സംരക്ഷണം തരാൻ പറ്റാത്ത ഒരിടമാണിത്. കൊലയാളിയുടെ ഒരു തുമ്പ് പോലും പോലീസിന് കിട്ടിയിട്ടില്ല. അത് മനുഷ്യൻ ചെയ്തതല്ല എന്നു വരെ പോലീസുകാർ പറയുന്നുണ്ട്. ഇങ്ങനെയൊരു സ്ഥലത്ത് എങ്ങനെ എന്റെ കുടുംബം സുരക്ഷിതമായിരിക്കും? പിന്നെ എന്റെ സ്ഥലം ഇത് പോലൊരു കാട്ടിലായിരുന്നെങ്കിൽ എന്നേ ഞാനത് വിറ്റേനേ! നിർഭാഗ്യവശാൽ അത് സിറ്റിയിലായി പോയി, മാത്രമല്ല അതിന് മറ്റ് 2 അവകാശികൾ കൂടിയുണ്ട് ” റാൾഫ് തെല്ല് നിരാശയോട് കൂടിയാണ് അത് പറഞ്ഞത്. അയാൾ പറയുന്നതൊന്നും ഭാര്യ മേഗൻ ഉൾക്കൊള്ളുന്നുണ്ടായിരുന്നില്ല.

“അവർ ആ മരണം അർഹിക്കുന്നു. അത്ര മാത്രം ക്രൂരതകൾ കാട്ടിക്കൂട്ടിയ തെമ്മാടികളാണവർ. അവർ ദ്രോഹിച്ച ഏതെങ്കിലും കുടുംബത്തിലുള്ള ചുണക്കുട്ടികൾ അവസരം നോക്കി വന്ന് കണക്ക് തീർത്തതാവും! അതു കൊണ്ടാണല്ലോ പോലീസുകാർ വരെ അതിനെ അമാനുഷികമാക്കി തീർത്ത് ഫയൽ ക്ലോസ് ചെയ്തത്!” മേഗൻറ മുഖത്ത് പുച്ഛ ഭാവം മുറ്റി നിന്നു.

“അങ്ങിനെയെങ്കിൽ വളർത്തു മൃഗങ്ങൾ കാണാതാവുന്നതിനെ പറ്റിയും, വനത്തിനുള്ളിൽ വേട്ടയാടാൻ പോയ മനുഷ്യർ അപ്രത്യക്ഷമാകുന്നതിനെ പറ്റിയും നിനക്കെന്താണ് പറയാനുള്ളത്? ” റാൾഫ് മേഗനെ തോളത്ത് പിടിച്ച് നിർത്തി കണ്ണിലേക്ക് തന്നെ തുറിച്ച് നോക്കി..

മേഗൻ കൈ തട്ടി മാറ്റി ഡൈനിംഗ് ടേബിളിന് ചുവട്ടിലെ കസേരയിൽ ചെന്നിരുന്നു. “റാൾഫ് , ഇത് കാടാണ്! ഇതിൽ എന്തൊക്കെ വന്യമൃഗങ്ങൾ ഉണ്ടാവാം എന്ന് ദൈവത്തിന് മാത്രമേ അറിയൂ ! ശരിയായി സംരക്ഷിച്ചല്ല മൃഗങ്ങളെ വളർത്തുന്നതെങ്കിൽ അവയെ വന്യമൃഗങ്ങൾ ഭക്ഷിക്കും. അത് നിർഭാഗ്യകരമാണ് എങ്കിലും ഇവിടെ ഇതൊക്കെ സാധാരണമാണ്.. പിന്നെ കാട്ടിൽ വേട്ടയ്ക്ക് പോകുന്നവരെ പറ്റി.. അവരെക്കാൾ മികച്ച വേട്ടക്കാർ ഉള്ള സ്ഥലമാണ് ഈ കാട് എന്നത് മറക്കരുത് റാൾഫ്.. വെറുതേ സ്വൈര്യ വിഹാരം നടത്തുന്ന ജന്തുക്കൾക്കിടയിൽ ചെന്ന് അവറ്റകളുടെ സമാധാനം കളയാതെ ഇവർക്ക് മറ്റെന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിച്ച് കൂടെ ? മനുഷ്യർക്കിടയിലേക്ക് വന്യമൃഗങ്ങളിറങ്ങിയാൽ അവയെ നമ്മൾ തുരത്താറില്ലേ.. അത് പോലെ മനുഷ്യർക്ക് അനുവദനീയമല്ലാത്ത വനാതിർത്തികളിലേക്ക് നാം പ്രവേശിച്ചാൽ അവിടുള്ള ജീവജാലങ്ങളും പ്രതികരിക്കും. നമ്മുടെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിക്കാതെയിരിക്കുകയാണെങ്കിൽ ഇവിടെ യാതൊന്നും സംഭവിക്കില്ല. ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്. നിങ്ങൾക്ക് കൂടാൻ താൽപര്യമുണ്ടെങ്കിൽ കൂടാം” മേഗൻ 2 പ്ലേറ്റെടുത്ത് നിരത്തി ഭക്ഷണം അതിലേക്ക് പകർത്തി. മറുപടിയൊന്നും പറയാതെ നിരാശനായി റാൾഫ് കസേരയിൽ അമർന്നിരുന്ന് പ്ലേറ്റിലെ ഭക്ഷണം തന്റെ അരികിലേക്ക് നീക്കി. നിശ്ശബ്ദരായിരുന്ന് ഇരുവരും ഭക്ഷണം കഴിച്ചു.

“അമ്മ മരിച്ചിട്ട് ഒരു മാസം പോലും ആയിട്ടില്ല റാൾഫ് , നമ്മൾ ഇവിടെ വന്നത് ഈ വീട് വൃത്തിയാക്കാനും സ്ഥലം ശരിയാക്കാനുമാണ്. അത് കഴിഞ്ഞ് എല്ലാം നോക്കി നടത്താൻ ആരെയെങ്കിലും ഏർപ്പാട് ചെയ്ത് നമുക്ക് തിരിയെ പോകാം. ഞാൻ ഉദ്ദേശിക്കും പോലെ കാര്യങ്ങൾ നടന്നാൽ ഈ സ്ഥലത്ത് നിന്ന് തന്നെ എല്ലാം നേടുവാനുള്ള വരുമാനം നമുക്കുണ്ടാവും. അത് നടന്നില്ലങ്കിൽ നമുക്ക് മറ്റ് വഴികൾ ആലോചിക്കാം” മേഗൻ പ്ലേറ്റ് പെറുക്കി കഴുകാൻ കൊണ്ട് പോകുന്നതിനിടയിൽ വിളിച്ച് പറഞ്ഞു.

ആ അഭിപ്രായത്തിൽ തൃപ്തനാവാത്തത് പോലെ റാൾഫ് എണീറ്റ് ചെന്ന് കൈ കഴുകി വാതിലുകളും ജനലുകളുമെല്ലാം അടച്ച് കുറ്റിയിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി ബെഡ് റൂമിലേക്ക് നടന്നു. 2 നിലകളിലായി പണിത വീടിന് ആറോളം ബെഡ് റൂമുകളുണ്ട്. അതിൽ മുകളിലത്തെ നിലയിലുള്ള 2 റൂമുകളിൽ ഒരെണ്ണമാണ് മേഗൻ പൊടി തൂത്ത് വൃത്തിയാക്കി വച്ചിരിക്കുന്നത്. ചെറുപ്പത്തിൽ മേഗൻ താമസിച്ചിരുന്ന റൂമാണത്. പ്രായപൂർത്തിയാവും മുന്നേ തന്നെ മേഗനെയും കൂട്ടി അവളുടെ അച്ഛനും അമ്മയും ജോലിയാവശ്യങ്ങൾക്കായി സിറ്റിയിലേക്ക് കുടിയേറി. അന്ന് ഈ വീട്ടിലുണ്ടായിരുന്നത് മേഗന്റെ പ്രായമായ മുത്തച്ഛനും അദ്ദേഹത്തിന്റെ ജോലിക്കാരുമാണ്. മികച്ച ഒരു കർഷകനായിരുന്ന അദ്ദേഹമാണ് പണ്ട് കാലത്ത് ഈ വിടും അതിരിക്കുന്ന നൂറേക്കറിന് മുകളിലുള്ള ഭൂമിയും സ്വന്തമാക്കിയത്. മുത്തച്ഛന്റെ മരണശേഷം ജോലിക്കാരാണ് വീടും കൃഷിയും നോക്കിയിരുന്നത്. അവർ വിശ്വസ്ഥരായിരുന്നതിനാൽ മേഗന്റെ അമ്മ ഇടയ്ക്കിടെ മാത്രം വന്ന് പോയിരുന്നു. ക്രമേണ രോഗങ്ങളും മറ്റ് അസ്വസ്ഥതകളും മൂലം അമ്മയുടെ വരവും കുറഞ്ഞു. ഇതിനിടെ വിവാഹബന്ധം വേർപെടുത്തി മേഗന്റെ അച്ഛൻ അകന്നു. അതോടെ എല്ലാറ്റിനോടുമുള്ള താൽപര്യം നശിച്ച് അമ്മ കിടപ്പിലായി. ജോലിക്കാർ പിരിഞ്ഞു പോയി. വീടും സ്ഥലവും കാട് കയറി അനാഥമായി. മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഏക മകളായ മേഗന്റെ പേരിലേക്ക് സ്ഥലവും വീടും എഴുതി നൽകിയത്. ഇതിനിടെ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിലൊന്നും അവർ ഈ സ്ഥലം കൈവിട്ട് കളഞ്ഞിരുന്നില്ല. അത് കൊണ്ടാണ് ഇവിടം വിൽക്കാൻ മേഗനും മടിക്കുന്നത്! റാൾഫ് ഭിത്തിയിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നതിനിടയിൽ കണ്ടും കേട്ടും അറിഞ്ഞതായ മേഗന്റെ ജീവിത കഥ ഓർത്തു. എരിഞ്ഞ് തീർന്ന സിഗരറ്റ് കുറ്റി ജനാലയുടെ പാളി തുറന്ന് താഴെക്കിട്ടു. വീടിന്റെ പിറക് വശത്തായുള്ള ആ ജനാലയിൽ നിന്ന് പുറത്തേക്കുള്ള കാഴ്ചയും മനോഹരമായിരുന്നു. വിശാലമായ ആകാശവും അവിടെ തെളിഞ്ഞ് നിൽക്കുന്ന നക്ഷത്രങ്ങളും മനസിന്റെ ഏത് വലിയ ഭാരത്തെയും അലിയിക്കുന്നതാണ്. ആകാശത്തിന് താഴെ അനന്തമായ വൃക്ഷക്കൂട്ടങ്ങൾ.. വീടിന്റെ പിൻ വശത്ത് നിന്നും പത്ത് മുപ്പത് വാര കഴിഞ്ഞാൽ പിന്നെ ഈ വൃക്ഷക്കൂട്ടങ്ങളാണ്. അവയുടെ തുടർച്ചയാണ് ഇവിടുത്തെ കാടിന്റെ ഒരു ഭാഗം. മരങ്ങൾക്കിടയിലൂടെ മിന്നാമിനുങ്ങുകൾ പറന്ന് നടക്കുന്നത് കണ്ടാൽ ആകാശത്ത് നിന്ന് നക്ഷത്രങ്ങൾ പൊഴിഞ്ഞ് താഴേക്ക് പതിക്കുന്നതായേ തോന്നൂ. പ്രകൃതിയുടെ ആ വന്യമായ വശ്യതയിലേക്ക് നോക്കി നിൽക്കുകയാണ് റാൾഫ് .

ഒരു നിമിഷം

മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിനെക്കാൾ വലിപ്പവും തിളക്കവുമുള്ള 2 പൊട്ടുകൾ താഴെ മരങ്ങളുടെ ഇടയിൽ തെളിഞ്ഞ് നിൽക്കുന്നു. ഇടയ്ക്ക് അണയുമ്പോൾ രണ്ടും ഒന്നിച്ച് അണയുന്നു.. തെളിയുമ്പോൾ ഒന്നിച്ച് തെളിയുന്നു. അവ അനങ്ങുന്നില്ലാത്തതിനാൽ മിന്നാമിനുങ്ങുകൾ അല്ല എന്നത് റാൾഫിന് ഉറപ്പായിരുന്നു. ജനൽ പാളി മലർക്കെ തുറന്ന് തല കുറച്ച് പുറത്തേക്കിട്ട് റാൾഫ് അതിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി നിന്നു.. ഏതോ കാട്ടുമൃഗത്തിന്റെ കണ്ണുകളാണോ എന്ന് സംശയിച്ച് നിൽക്കവേ പെട്ടന്ന് ഒരു കൈപ്പത്തി റാൾഫിന്റെ തോളത്ത് വന്ന് വീണു.

ഞെട്ടിത്തിരിഞ്ഞ റാൾഫ് കണ്ടത് പകച്ച് നിൽക്കുന്ന മേഗനെയാണ് “എന്ത് പറ്റി? എന്താണ് ഇങ്ങനെ പേടിച്ച് നോക്കുന്നത്? എന്നെ കൂടി പേടിപ്പിച്ച് കളഞ്ഞല്ലോ!” മേഗൻ റാൾഫിന്റെ മുഖത്ത് പൊടിഞ്ഞ് തുടങ്ങിയ വിയർപ്പ് തുള്ളികൾ തന്റെ കൈകൊണ്ട് തൂത്തെടുത്തു.

” അതാ താഴെ 2 കണ്ണുകൾ ” റാൾഫ് പേടിയോടെ, എന്നാൽ അൽപം ആവേശത്തോടെ തിരിഞ്ഞ് നിന്ന് ജനാലയിലൂടെ തലയിട്ട് മരങ്ങളുടെ ഇടയിൽ ആ വെളിച്ചം കണ്ടിടുത്തക്ക് ചൂണ്ടി! പിന്നാലെ വന്ന് ആ ഭാഗത്തേക്ക് നോക്കിയ മേഗൻ ഒന്നും കണ്ടില്ലല്ലോ എന്ന ഭാവത്തിൽ അവിടമാക്കെ നോക്കി! “ഇത് അൽഭുതമായിരിക്കുന്നല്ലോ! ഇപ്പോളത് കാണാനില്ല ” തല പുറത്തിട്ട് ചുറ്റും നോക്കിക്കൊണ്ട് റാൾഫ് പറഞ്ഞു. ” അത് മിന്നാമിനുങ്ങാവും .. ഇവിടെ ഒരു പാട് വലുപ്പമുള്ള മിന്നാമിനുങ്ങുകൾ ഉണ്ട്” റാൾഫിനെ പിന്നോട്ട് വലിച്ച് ജനലടച്ച് കുറ്റിയിട്ട് കൊണ്ട് മേഗൻ നിസാര ഭാവത്തിൽ പറഞ്ഞ് നിർത്തി. അല്ല, അത് കണ്ണുകൾ തന്നെയാണെന്ന് തറപ്പിച്ച് പറഞ്ഞ റാൾഫിനെ കളിയാക്കി കൊണ്ട് മേഗൻ കട്ടിലിലേക്ക് ചാഞ്ഞു. ഇവിടെ ഒരു പാട് മൃഗങ്ങൾ രാത്രികാലങ്ങളിൽ സഞ്ചരിക്കാറുണ്ടെന്നും ഇതൊക്കെ സാധാരണ കാഴ്ചകളാണെന്നും മെല്ലെ റാൾഫ് ഇതുമായി പൊരുത്തപ്പെടുമെന്നും പറഞ്ഞ് മേഗൻ സംഭവം നിസാരവൽക്കരിച്ചു. താൻ കണ്ടത് തോന്നലോ അതോ യാഥാർഥ്യമോ എന്ന സംശയം മനസിലിട്ട് റാൾഫ് മെല്ലെ കട്ടിലിലേക്ക് കയറി. തോന്നലായിരുന്നു എന്ന് സ്വയം വിശ്വസിപ്പിച്ച് ഭാര്യയുടെ കൂടെ കിടന്നു. ഒരു പാട് യാത്ര ചെയ്തതിനാൽ നന്നേ ക്ഷീണിതനാണ്. നാളെ കുറേയേറെ കാര്യങ്ങൾ ചെയ്യാനുമുണ്ട്, പ്രധാനമായും വീട് വൃത്തിയാക്കൽ. അത് എങ്ങനെ ആയിരിക്കണം എന്ന ചിന്തയിൽ റാൾഫ് മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. മേഗൻ ഇതിനോടകം നിന്ദ്രയിലാണ്ട് കഴിഞ്ഞിരുന്നു.

“ഇത് ഒരു പാട് സമയം എടുക്കും, നമുക്ക് സഹായത്തിന് ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കണോ?” മുഖത്തിന് നേരേ പറന്ന പൊടിപടലം കൈ വീശി തട്ടിയകറ്റി റാൾഫ് ചോദിച്ചു. സിറ്റിയിലെ വീട്ടിൽ നിന്ന് പുറപ്പെടാൻ താമസിച്ചത് കൊണ്ട് ഇന്നലെ വൈകിയാണ് ഇവിടേക്ക് വന്ന് കയറിയത്. അത് കൊണ്ടു തന്നെ ചുറ്റുപാടുകളൊന്നും ശ്രദ്ധിച്ച് കാണുവാനും പറ്റിയിട്ടുണ്ടായിരുന്നില്ല.

“വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടാണെങ്കിലും ഏതാനും മാസങ്ങൾക്ക് മുമ്പ് അമ്മ ആരെയോ പൈസ കൊടുത്ത് വൃത്തിയാക്കാൻ ഏർപ്പാടാക്കിയിരുന്നു. അവർ വാങ്ങിച്ച പൈസക്കുള്ള പണി എടുത്തിട്ടുണ്ട്, ഇല്ലങ്കിൽ ഇതൊന്നുമായിരിക്കില്ല അവസ്ഥ. ഇതിപ്പൊ നമ്മൾ രണ്ടും കൂടി മനസ് വച്ചാൽ ഒരു ദിവസം തികച്ച് വേണ്ട. ആദ്യം ആവശ്യമില്ലാത്തതെല്ലാം എടുത്ത് വീടിന് പിന്നിലെ തൊടിയിലിടണം. കത്തുന്നവയെല്ലാം തരം തിരിച്ച് വച്ച് നമുക്ക് പണി ഒക്കെ തീർത്ത് വൈകിട്ട് കത്തിക്കാം, എന്നിട്ട് വിസ്കിയും കുടിച്ച് പഴയ ക്യാംപ് ഫയറിന്റെ ഓർമ്മകൾ അയവിറക്കി അതിന് മുന്നിലിരിക്കാം.. ഒരു പാട് നേരം! എന്ത് പറയുന്നു!?” മേഗൻ ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി പണിക്ക് തയ്യാറായി വർധിച്ച ആവേശത്തിൽ നിൽക്കുകയാണ്. താഴെ പൊടി തൂത്തെടുക്കാൻ എവിടുന്നോ തപ്പിയെടുത്ത കീറത്തുണികൾ കൂട്ടി വച്ചിരിക്കുന്നു. കൂടെ വെള്ളം നിറച്ചു വച്ചിരിക്കുന്ന ഒരു ബക്കറ്റും.

രാവിലെ കഴിച്ച, റൊട്ടി മുട്ടയിൽ മുക്കി വറുത്തെടുത്ത പലഹാരം പണിയെടുക്കുവാനുള്ള ഊർജ്ജം റാൾഫിന് കൊടുത്തിട്ടുണ്ടായിരുന്നില്ല എങ്കിലും മേഗന്റെ ആവേശം കണ്ട് അയാളും മടിക്കാതെ ഒപ്പം കൂടി. തുടക്കത്തിൽ ആ പണി ഒരു മടുപ്പായി തോന്നി എങ്കിലും ഉടൻ തന്നെ റാൾഫ് അതിലൊരു താളം കണ്ടെത്തി. ഒന്ന് രണ്ട് മണിക്കൂർ കൊണ്ട് തന്നെ രണ്ട് നിലകളിലായി ഉണ്ടായിരുന്ന ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം തന്നെ റാൾഫ് വീടിന്റെ പിന്നാമ്പുറത്തെ വിശാലമായ മുറ്റത്ത് എത്തിച്ചു. അവയിൽ നിന്നും കത്താത്തതും കത്തുന്നതുമായ വസ്തുക്കൾ തരം തിരിച്ച് വച്ചു. കൂടുതലും തടി നിർമ്മിതമായ, ചിതൽ കയറി നശിച്ച ഫർണീച്ചറുകൾ ആയിരുന്നു. ഉച്ചഭക്ഷണത്തിന് മേഗൻ വിളിക്കുമ്പോളേക്കും അയാൾ അതെല്ലാം വെട്ടിക്കൂട്ടി വിറകു പരുവത്തിലാക്കിയിരുന്നു.

മേഗൻ അകത്ത് റൂമുകൾ വൃത്തിയാക്കുന്ന തിരക്കിലായതിനാൽ ഉച്ചയ്ക്ക് കാര്യമായിട്ടൊന്നും ഭക്ഷിക്കാൻ ഉണ്ടാക്കിയിരുന്നില്ല. തലേന്നത്തെ ഏതാനും വിഭവങ്ങളും റൊട്ടിയും കഴിച്ച് ഇരുവരും തൃപ്തിപ്പെട്ടു. റാൾഫ് ശരിക്കും അതിൽ സംതൃപ്തനായിരുന്നില്ല എങ്കിലും ജോലി ചെയ്ത് ക്ഷീണിച്ച മേഗന്റെ മുഖം അയാളുടെ പരാതികൾക്ക് കടിഞ്ഞാണിട്ടു. അവൾ ഈ വീടിന് വേണ്ടി ഒരു പാട് കഷ്ടപ്പെടുന്നുണ്ടെന്ന് റാൾഫ് മനസിലാക്കി. അത് കൊണ്ട് തന്നെ അവളുടെ ഇഷ്ടത്തിന് കൂട്ടുനിൽക്കാൻ അയാൾ അന്ന് ആത്മാർഥമായി പണിയെടുത്തു.

വൈകുന്നേരമയപ്പോളേക്കും പണികളെല്ലാം ഏറെക്കുറേ തീർന്നു എങ്കിലും മേഗൻ ക്ഷീണിച്ച് അവശയായിരുന്നു. റാൾഫ് ബാക്കി മിനുക്കു പണികൾ സ്വയം ഏറ്റെടുത്ത് മേഗനെ വിശ്രമത്തിനയച്ചു. അൽപനേരം ഹാളിലെ സോഫയിൽ ഇരുന്നുറങ്ങി ക്ഷീണം മാറ്റി മേഗൻ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം അത്ര നന്നായില്ലാത്തത് കൊണ്ട് വൈകിട്ട് കുറച്ച് ആർഭാടമാക്കാം എന്ന് പറഞ്ഞ് അടക്കളയിലേക്ക് കയറി. ശേഷിച്ച പണികളെല്ലാം തീർത്ത് കുളിയും കഴിഞ്ഞ് റാൾഫ് അടുക്കളയിൽ ചെന്നപ്പോഴും മേഗൻ പാചകത്തിലായിരുന്നു. പുതിയ ഭക്ഷണത്തിന്റെ കൊതി പിടിപ്പിക്കുന്ന മണം അവിടമാക്കെ നിറഞ്ഞ് നിന്നു.

” പന്നിയിറച്ചിയാണ്.. സ്റ്റാർട്ടറുകൾ എല്ലാം തയ്യാറായി. ഇത് കൂടി ആയാൽ കഴിഞ്ഞു. ഒരു 10 മിനിട്ട് ” മേഗൻ ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ച അഭിമാനത്തോടു കൂടി ചിരിച്ചു കൊണ്ട് റാൾഫിനെ നോക്കി. റാൾഫിന് മേഗന്റെ അധ്വാനത്തിൽ ആശ്ചര്യം തോന്നി. അവളോടുള്ള ബഹുമാനവും സ്നേഹവും വാൽസല്യവും തികട്ടി വന്ന റാൾഫ് പിറകിൽ നിന്ന് മേഗനെ കെട്ടിപ്പിടിച്ച് കഴുത്തിൽ ചുംബിച്ചു. ” ചുംബനമൊക്കെ ഇനി കുളി കഴിഞ്ഞിട്ട്.. ഇല്ലങ്കിൽ ഉപ്പും പൊടിയും തിന്ന് താങ്കളുടെ അത്താഴം മുടങ്ങും. രാവിലെ മുതൽ പൊടിയിലിരുന്ന് വിയർത്ത് പണിയെടുത്തിട്ട് നിൽക്കുകയാണ് ഞാൻ എന്ന് മറക്കരുത്” അയാളുടെ പിടുത്തത്തിൽ നിന്ന് വഴുതി മാറിയ മേഗൻ ചിരിച്ചു കൊണ്ട് പറഞ്ഞു ..

“എങ്കിൽ വേഗം പോയി കുളിച്ചിട്ട് വാ, അല്ലങ്കിലിന്ന് അത്താഴം കഴിഞ്ഞ് നിന്നെ സ്നേഹിക്കാൻ എനിക്ക് സമയം തികയില്ല. ഇപ്പോൾ തന്നെ നേരം ഒരു പാട് ഇരുട്ടി. നീ കുളിച്ച് വരുമ്പൊളേക്കും നമ്മുടെ ക്യാംപ് ഫയർ റെഡിയാക്കട്ടെ” ഒരു കുസൃതിച്ചിരിയോടെ റാൾഫ് ലൈറ്ററുമെടുത്ത് അടുക്കളയുടെ വശത്തെ വാതിലിലൂടെ പുറത്തേക്കിറങ്ങി. ഒരുക്കി മാറ്റിയിട്ട പാഴ് വസ്തുക്കൾക്ക് തീ കൊളുത്താൻ പോവുകയാണ്. തണുത്ത അന്തരീക്ഷമായതിനാൽ തീ കത്തിത്തുടങ്ങാൻ താമസിച്ചു എങ്കിലും എളുപ്പം കത്തുന്ന വസ്തുക്കളായിരുന്നതിനാൽ അത് പെട്ടന്ന് പടർന്ന് ഒരു തീക്കുണ്ഡമായി മാറി. അവിടമാകെ നിറഞ്ഞു നിന്ന പുകപടലം തീ നന്നായി കത്തിത്തുടങ്ങിയപ്പോളേക്കും ഇല്ലാതായി. ഏതാനും മണിക്കൂറുകൾ നിന്ന് എരിഞ്ഞ് കത്താൻ മതിയായത്ര തടിക്കഷ്ണങ്ങളുണ്ട് അതിൽ. അത് കൊണ്ട് തന്നെ ഇവിടെയിരുന്ന് അത്താഴം വിശാലമായി തന്നെ കഴിക്കാനുള്ള അവസരവുമുണ്ട്. മേഗൻ കുളിച്ചിറങ്ങും മുൻപേ ഡൈനിംഗിനുള്ള ഏർപ്പാട് ചെയ്യാൻ റാൾഫ് തീരുമാനിച്ചു. അയാൾ അകത്ത് ചെന്ന് രണ്ട് മടക്കു കസേരകളും അധികം വലുപ്പമില്ലാത്തതും എന്നാൽ തരക്കേടില്ലാത്ത അത്താഴത്തിന് പറ്റിയതുമായ ഒരു മേശയും താങ്ങിയെടുത്തു കൊണ്ട് വന്നു. മേശയ്ക്ക് ഇരുവശവും കസേര ഇട്ട് അതിന്റെ കാലുകൾക്ക് ഇളക്കമുണ്ടാകാത്ത രീതിയിൽ നിലത്തേക്ക് അമർത്തിയിരുത്തുന്നതിനിടയിലാണ് റാൾഫ് അത് ശ്രദ്ധിച്ചത്, അന്തരീക്ഷത്തിലാകെ ഒരു ദുഷിച്ച ഗന്ധം. എന്തെങ്കിലും വസ്തുക്കൾ തീയിൽ കിടന്ന് എരിയുന്നതാണോ എന്ന് ആദ്യം സംശയിച്ചു. പക്ഷേ അത് കരിയുന്ന ഗന്ധമല്ല, ഇറച്ചി പോലുള്ള എന്തോ ഭക്ഷണ പദാർഥങ്ങൾ ചീഞ്ഞത് പോലുള്ള ഗന്ധമാണെന്ന് മനസിലായി. വീട്ടിലെ അടുക്കള മാലിന്യം കൊണ്ടിടുന്ന സ്ഥലം ഇവിടെ അടുത്ത് തന്നെ ആയിരിക്കുമെന്ന് റാൾഫ് ഊഹിച്ചു. ഈ അസഹനീയമായ ഗന്ധം നല്ലൊരു അത്താഴം നശിപ്പിക്കുമോ എന്ന് അയാൾ ഭയന്നു. ആ ഗന്ധത്തിന്റെ ഉറവിടം തേടി വെളിച്ചമെത്തുന്നിടത്തെല്ലാം നോക്കിയെങ്കിലും അവിടെയെങ്ങും ഒന്നും കണ്ടെത്താനായില്ല. പിന്നാമ്പുറത്തിനപ്പുറമുള്ള, മരങ്ങളോട് ചേർന്ന് നിൽക്കുന്ന ഭാഗത്താവാനാണ് ഇനി സാധ്യത, കാരണം കാറ്റിന്റെ സഞ്ചാരപഥം അവിടെ നിന്ന് ഇങ്ങോട്ടാണ്. കാറ്റ് വീശുമ്പോൾ സ്വാഭാവികമായും അവിടെ നിന്ന് ഗന്ധം ഇവിടെയെത്തും. ഇതിലിപ്പോൾ ഒന്നും ചെയ്യാനില്ലന്ന് തിരിച്ചറിഞ്ഞ റാൾഫ് തന്റെ തിരച്ചിൽ അവസാനിപ്പിച്ച് മേഗന്റെ വരവും കാത്ത് കസേരയിൽ വന്നിരുന്നു. ഇതിനിടയ്ക്ക് കാറ്റിന്റെ സഞ്ചാരപഥം മാറിയത് കൊണ്ടോ എന്തോ ആ ഗന്ധത്തിന്റെ വരവും നിന്നിരുന്നു.

കുറേയേറെ സമയം കഴിഞ്ഞാണ് മേഗൻ വന്നത്. കുളിച്ച് ഒരുങ്ങി സുന്ദരിയായി റാൾഫിന് ഇഷ്ടപ്പെട്ട വസ്ത്രവും ധരിച്ചാണ് വരവ്. “ഇപ്പൊൾ നമ്മുടെ വീട് കണ്ടോ? എന്ത് ഭംഗിയായിരിക്കുന്നു. ഞാൻ പറഞ്ഞതല്ലേ നമ്മൾ ഒന്നിച്ച് നിന്നാൽ പണികൾ ഇന്ന് തന്നെ തീർക്കാമെന്ന്?” വന്നപാടെ അവൾ റാൾഫിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ട് പറഞ്ഞു.

“ഒരു വീടിനും എന്റെ ഭാര്യയുടെ അത്ര ഭംഗി വരില്ല.. നമ്മൾ ഒന്നിച്ച് നിന്നാൽ തീർക്കാൻ മാത്രമല്ല തുടങ്ങാനും പറ്റുന്ന പണികൾ ഒരുപാടുണ്ട്.” റാൾഫ് അവളെ ചേർത്ത് പിടിച്ച് ചെവിയിൽ മന്ത്രിച്ചു.

“എങ്കിൽ പിന്നെ തുടങ്ങാം?” മേഗൻ കണ്ണുകൾ പാതിയടച്ച് റാൾഫിന്റെ രണ്ട് കവിളിലും കൈകൾ ചേർത്ത് വച്ച് ചോദിച്ചു.

“ഇവിടെ വച്ചോ?” റാൾഫ് ആശ്ചര്യത്തോടെ കണ്ണുകൾ മിഴിച്ച് മേഗനെ നോക്കി!

“നമുക്ക് നമ്മുടെ ഡിന്നർ തുടങ്ങാം എന്നാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ വേറൊന്നുമല്ല” മേഗൻ റാൾഫിനെ തള്ളി മാറ്റി ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ട് ഭക്ഷണമെടുക്കാൻ അടുക്കളയിലേക്ക് നടന്നു. തനിക്ക് പറ്റിയ അമളിയോർത്ത് ഒരു ചിരിയോടെ റാൾഫും അവളെ അനുഗമിച്ചു. ഇരുവരും ചേർന്ന് കളിച്ചും ചിരിച്ചും ഭക്ഷണം എടുത്ത് മേശപ്പുറത്ത് നിരത്തി. കൂടെ കരുതിയ സ്കോച്ച് വിസ്കിയെടുത്ത് തുറന്ന് റാൾഫ് അത് ഗ്ലാസുകളിലേക്ക് പകർത്തി. കാരണവന്മാരുടെ ഓർമ്മകൾക്ക് ടോസ്റ്റ് വച്ച് ഇരുവരും അത് ഒറ്റ വലിക്ക് അകത്താക്കി. മേഗൻ ഭക്ഷണപ്പാത്രത്തിന്റെ മൂടി തുറന്നു. കൊതിപ്പിക്കുന്ന മണം ചുറ്റും പരന്നു. അതിയായ ആർത്തിയോടെ റാൾഫ് ഭക്ഷണം പ്ലേറ്റിൽ വാരി നിറച്ച് കഴിച്ചു തുടങ്ങി. അത് കണ്ട് സന്ദോഷത്തോടെ മേഗൻ അവളുടെ കസേരയെടുത്ത് റാൾഫിനടുത്ത് വന്നിരുന്നു. രണ്ട് പേരും ഒരേ പാത്രത്തിൽ നിന്ന് കഴിച്ചു തുടങ്ങി.

സമയം 10 മണി കഴിഞ്ഞിരുന്നു. നല്ല തണുപ്പുണ്ടായിരുന്നെകിലും തീക്കൂനയ്ക്ക് അരികിലായതിനാൽ അവർക്ക് അത് ബുദ്ധിമുട്ടായി തോന്നിയില്ല. തീ ഇപ്പോൾ മങ്ങിയാണ് കത്തുന്നതെങ്കിലും ചൂട് ആവശ്യത്തിനുണ്ടായിരുന്നു. തെളിഞ്ഞ ആകാശത്തിൽ ഒരു പാട് ഒരുപാട് നക്ഷത്രങ്ങൾ. തൊടിയ്ക്കപ്പുറം വന്മരങ്ങളുടെ കൂട്ടം. അതിനിടയിലൂടെ പറക്കുന്ന മിന്നാമിനുങ്ങുകൾ. കാടിനുള്ളിൽ നിന്ന് നിലാപ്പക്ഷികളുടെ ശബ്ദ കാഹളം. വശ്യമായ സൗന്തര്യത്തോട് കൂടിയുള്ള അന്തരീക്ഷം. “നോക്കൂ റാൾഫ്, ഇവിടം എത്ര സുന്ദരമാണെന്ന്.. ഈ സ്ഥലമാണ് സിറ്റിയിലെ ലക്ഷ്വറി വില്ലയ്ക്ക് വേണ്ടി നിങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നത്! ആർഭാടം നമുക്ക് ഇപ്പോൾ തന്നെ ആവശ്യത്തിൽ അധികമുണ്ട്. മറ്റു പ്രാരാബ്ധങ്ങൾ ഒന്നും ഇല്ലാത്ത നാം കുടുംബ സ്വത്തുക്കൾ വിൽക്കാൻ പാടുള്ളതല്ല. ഇത് നമുക്കും നമ്മുടെ പരമ്പരകൾക്കും ആസ്വദിക്കാൻ ഇങ്ങനെ തന്നെ നിലനിർത്തണം. കൈവിട്ട് പോയിക്കഴിഞ്ഞ് മാത്രമേ ഇതിന്റെ വില നമുക്ക് മനസിലാവൂ!” മേഗൻ വികാരാധീനയായി.

” മേഗൻ, ഞാനിത് വിൽക്കണമെന്ന് പറഞ്ഞത് നീ കരുതും പോലെ വില്ലയ്ക്ക് വേണ്ടിയോ സൊസൈറ്റിയുടെ മുന്നിൽ ആർഭാടം കാണിക്കാനോ അല്ല. അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നു, പണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് നിന്റെയും നമ്മുടെ മക്കളുടെയും സുരക്ഷ മാത്രമാണ് പ്രധാനം. ഇങ്ങനെയൊരു സ്ഥലത്ത് കൊച്ച് കുട്ടികളെ കൊണ്ടു വരാൻ പറ്റില്ല മേഗൻ, കാരണം നിനക്കറിയാമല്ലോ! ഞാൻ ഇപ്പോൾ തന്നെ അവരെ മിസ് ചെയ്യുന്നുണ്ട്. എന്റെ വീട്ടുകാർക്ക് അവരെ അധിക ദിവസം മാനേജ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. നമുക്ക് ഉടൻ തിരികെ പോണം. നമുക്കെല്ലാവർക്കും ഒന്നിച്ച് സുരക്ഷിതത്വത്തോട് കൂടി ജീവിക്കാൻ പറ്റുന്നയിടമാണ് എന്റെ ലക്ഷ്യം. അതിന് പറ്റിയത് സിറ്റിയാണ്. ഇത് മുറ്റന്മാർക്ക് പറഞ്ഞിട്ടുള്ള സ്ഥലമാണ്.. ഒന്നിനെയും പേടിയില്ലാത്ത അപാര ധൈര്യശാലികളായ ഇരട്ടച്ചങ്കന്മാർക്ക് പറ്റിയ സ്ഥലം, നിന്റെ മുത്തച്ഛനെ പോലെ! എനിക്ക് അങ്ങനെയുള്ള ഗുണങ്ങൾ ഒന്നുമില്ല. എന്തിനേയും പേടിയോടെയും സംശയത്തോടെയും നോക്കി കാണുന്ന ഒരു പാവം പിതാവാണ് ഞാൻ, ഭർത്താവും!” റാൾഫ് മേഗന് ഭക്ഷണം വാരിക്കൊടുത്തുകൊണ്ട് പറഞ്ഞു.

” അതിനർഥം ഒരിക്കൽ ഇവിടം വിൽക്കണം എന്ന് തന്നെയാണോ റാൾഫ് ?” മേഗൻ സങ്കടത്തോടെ തല തിരിച്ച് റാൾഫിന്റെ മുഖത്തേക്ക് നോക്കി.

“ഇല്ല. വിൽക്കുന്നില്ല. നമുക്കിത് ഇടയ്ക്ക് വല്ലപ്പോഴും വന്ന് നിൽക്കാൻ വേണ്ടി പരിപാലിക്കാം. ഒരു കാലത്ത് കൃഷി ചെയ്തിരുന്ന ഈ ഭൂമി വീണ്ടും കൃഷിയോഗ്യമാക്കി മാറ്റാൻ ശ്രമിക്കാം. അത് വഴി നമുക്ക് ഒരു വരുമാനവും അതിലുപരി കുറച്ച് പേർക്ക് ജോലിയും കൊടുക്കാനായാൽ അത്രയും നല്ലത്!” റാൾഫ് തന്റെ തീരുമാനം വെളിപ്പെടുത്തി.

ആ മറുപടി മേഗനെ ഒരു പാട് സന്തോഷിപ്പിച്ചു. അവൾ റാൾഫിന്റെ തോളിൽ പുഞ്ചിരിച്ചു കൊണ്ട് ചാരിക്കിടന്നു.

“പക്ഷേ അതിനൊക്കെ മുൻപ്, ഇത് പോലുള്ള അവസരങ്ങൾക്ക് ശല്യമാകാത്ത വിധം മാലിന്യം നിക്ഷേപിക്കാനുള്ള ഒരു ഏർപ്പാട് ഉണ്ടാക്കിയെടുക്കണം! നാശം പിടിക്കാൻ ആ വൃത്തികെട്ട ഗന്ധം വീണ്ടും.” റാൾഫ് കസേരയിൽ നിന്ന് എഴുന്നേറ്റ് നിന്നു. ആദ്യം അനുഭവിച്ചത് പോലുള്ള ആ ദുർഗന്ധം വീണ്ടും വീശിയടിച്ച ഇളം കാറ്റിൽ അവിടമാക്കെ നിറഞ്ഞു. റാൾഫിന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് മേഗൻ. “നീ ഇന്നലെ ഇവിടെയെങ്ങാനുമാണോ അടുക്കള മാലിന്യം കളഞ്ഞത്? എവിടെയാണ് നമ്മൾ സാധാരണ അത് കളയാറ്, ആ സ്ഥലമൊന്ന് കാണിക്കൂ” റാൾഫ് ആവശ്യപ്പെട്ടു.

“നിങ്ങൾ ഏത് മാലിന്യത്തിന്റെ കാര്യമാണ് പറഞ്ഞത്? എനിക്കൊന്നും മനസിലാവുന്നില്ല. നമ്മൾ ഇന്നലെ വന്നതല്ലേ ഉള്ളൂ. വേസ്റ്റ് എല്ലാം അടുക്കളയിലെ ബക്കറ്റിലാണ്. ഇന്ന് തിരക്കായത് കൊണ്ടും ബക്കറ്റ് നിറയാത്തത് കൊണ്ടും അത് കളയാനും പറ്റിയില്ല. മാത്രമല്ല നമ്മൾ സാധാരണ വേസ്റ്റ് ഇടുന്നത് ഇവിടെയല്ല വീടിന്റെ ഇടത് വശത്തെ പറമ്പിലാണ്. കൃഷിയുണ്ടായിരുന്നപ്പോൾ അതിന്റെ ചുവട്ടിൽ ഇടുമായിരുന്നു. പിന്നീട് പറമ്പിൽ കുടിയെടുത്ത് അതിലിടും, നിറയുമ്പോൾ കുഴി മൂടി വേറേ കുഴിക്കും. അങ്ങനെ!” മേഗൻ വിശദീകരിച്ചു.

” നീ പറയുന്നത് നമ്മൾ ഇറച്ചി മാലിന്യമൊന്നും കളഞ്ഞിട്ടില്ല എന്നാണോ? പിന്നെ ഈ ഗന്ധം എന്തിന്റെ താണ്?” റാൾഫ് അൽഭുതപ്പെട്ടു.

” എനിക്കറിയില്ല. അടുക്കളയിൽ ഉള്ളത് ഈ ഒരു ദിവസത്തെ മാലിന്യം മാത്രമാണ്. അതിൽ നിന്നും ദുർഗന്ധം വരാൻ ആയിട്ടില്ല. ഇതെന്താണെന്ന് എനിക്കറിയില്ല. ചിലപ്പോൾ കാടിനുള്ളിൽ വല്ല മൃഗങ്ങളും ചത്ത് കിടപ്പുണ്ടാവും” മേഗൻ പറഞ്ഞു നിർത്തി.

” എന്തായാലും ഇത് ശ്വസിച്ച് ഭക്ഷണം കഴിക്കണ്ട. അകത്ത് പോകാം.”റാൾഫ് കസേരകൾ രണ്ടും മടക്കിയെടുത്ത് അകത്തേക്ക് നടന്നു. മേഗൻ പാത്രങ്ങളുമായി പിന്നാലെയും. റാൾഫ് കസേര കൊണ്ട് പോയി അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ വച്ചു. മേഗൻ നേരേ ഡൈനിംഗ് റൂമിലെത്തി പാത്രങ്ങൾ അവിടെ മേശമേൽ നിരത്തി വച്ചു. തുടർന്ന് മേശയെടുക്കാൻ റാൾഫ് തിരിച്ച് പോയപ്പോൾ മേഗനും ബാക്കി വിഭവങ്ങൾ എടുക്കാൻ പിന്നാലെ ചെന്നു.

“ഇതെന്താണ് പന്നിക്കറി കാണാനില്ലല്ലോ?!” മേഗൻ മിച്ചമുള്ള പത്രങ്ങളും മറ്റും എടുക്കുന്നതിനിടയിൽ പിറുപിറുത്തു. “നീ അത് ആദ്യം കൊണ്ടുപോയിട്ടുണ്ടാവും” റാൾഫ് മേശ എടുക്കാൻ ധൃതി കൂട്ടി. ആ ഗന്ധം അപ്പോഴും അവിടമാകെ നിറഞ്ഞ് നിന്നിരുന്നു. അയാൾക്കത് അസഹനീയമായി തോന്നി. തീ ഏറെക്കുറേ അണഞ്ഞിരുന്നതിനാൽ വെളിച്ചം കുറഞ്ഞിരുന്നു. മിച്ചം വന്ന പാത്രങ്ങൾ പെറുക്കി മേഗൻ മുന്നിൽ നടന്നു. പിന്നാലെ റാൾഫും. അയാൾ അകത്ത് കയറി വാതിൽ അടച്ച് കുറ്റിയിടുന്നതിനിടയ്ക്ക് മേഗൻ ബഹളം തുടങ്ങി. പന്നിക്കറി കാണുന്നില്ല, അത് വഴിയിൽ വീണു പോയതാവും അതൊന്ന് നോക്കണം എന്ന്.

“ഇനി ഇപ്പൊ പോവണ്ട. അവിടെ വെളിച്ചമില്ല, തീ കെട്ടിരിക്കുകയാണ്. അല്ലങ്കിൽ തന്നെ താഴെ പോയത് ഇനി ഉപയോഗിക്കാൻ പറ്റില്ലല്ലോ, അത് നാളെ നോക്കാം. അടുക്കളയിൽ ആവശ്യത്തിന് കറി ഇരിക്കുന്നുണ്ട് ഒരു പാത്രത്തിൽ പോയി എടുത്തിട്ട് വരൂ” റാൾഫ് അൽപം കടുപ്പിച്ചാണ് പറഞ്ഞത്. അയാൾ ആവശ്യപ്പെട്ടത് പോലെ മേഗൻ പുതിയ പാത്രത്തിൽ കറിയുമായി വന്ന് വീണ്ടും ഇരുവരും ചേർന്ന് അത്താഴം കഴിപ്പ് തുടർന്നു.

പെട്ടന്ന്.. വീട്ടുമുറ്റത്ത് എന്തോ വീണുടയുന്ന ശബ്ദം! ഇരുവരും കഴിപ്പ് നിർത്തി ഞെട്ടിത്തിരിഞ്ഞ് പുറത്തേക്ക് നോക്കി. ആദ്യം ആർക്കും ഒന്നും മനസിലായില്ലങ്കിലും ജനാലയ്ക്കൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ആദ്യം പന്നിക്കറിയെടുത്ത് വച്ച വെളുത്ത പോർസലിൻ പാത്രം നൂറ് കഷ്ണങ്ങളായി ചിതറി കിടക്കുന്നതാണ്. രണ്ടു പേരുടെയുള്ളിലും ഭയം ഇരച്ചു കയറി. മേഗൻ റാൾഫിന്റെ വസ്ത്രത്തിൽ രണ്ട് കൈ കൊണ്ടും മുറുകിപ്പിടിച്ചു. കാണാതായ പാത്രം എങ്ങനെ അവിടെയെത്തി എന്നതിന് ഉത്തരമില്ലാതെ രണ്ട് പേരും പരസ്പരം അന്ധാളിച്ച് നോക്കി നിന്നു.

മേഗൻ കഴുത്തിലെ കുരിശുമാലയിൽ മുറുകെ പിടിച്ച് പിറുപിറുത്തു കൊണ്ടിരുന്നു. “ദൈവമേ ഇതിനി അമ്മയുടെ ആത്മാവ് ആയിരിക്കുമോ? അവർക്ക് പന്നിക്കറി ഒരുപാട് ഇഷ്ടമായിരുന്നു. അവർക്ക് മാറ്റി വയ്ക്കാതെ നമ്മൾ കഴിച്ചത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.. അത് കൊണ്ടോ മറ്റോ ആണോ..”

” മിണ്ടാതിരിക്ക് മണ്ടീ.. ഇത് ആത്മാവൊന്നുമല്ല. നമ്മളെ ആരോ നിരീക്ഷിക്കുന്നുണ്ട്. പുറത്ത് ആരുടെയോ അനക്കം കേൾക്കുന്നു.” റാൾഫ് ശബ്ദമടക്കി മേഗനെ ശാസിച്ചു. അയാൾ വേഗം ചെന്ന് എല്ലാ മുറികളുടെയും ജനലുകളും വാതിലുകളും പൂട്ടിയെന്ന് ഉറപ്പ് വരുത്തിയ ശേഷം അകത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. “തോക്കെടുക്കാതെ വന്നത് ശുദ്ധ മണ്ടത്തരമായി പോയി” അയാൾ പിറുപിറുത്തു. അകത്തെ വെളിച്ചം അണച്ചെങ്കിലും പുറത്ത് നിന്നുള്ളതിന്റെ പ്രതിഫലനം കൊണ്ട് വീടിനകം മങ്ങി കാണാമായിരുന്നു. മേഗനെ ഡൈനിംഗ് ടേബിളിന് അടിയിൽ ഇരുത്തി റാൾഫ് കൈയ്യിൽ ഇറച്ചി നുറുക്കുന്ന കത്തിയുമായി ഓരോ ജനലിന്റെയും ഓരത്ത് വന്ന് പുറത്തേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു. അടുക്കള വശത്തെ ജനലിലൂടെ നോക്കിയ റാൽഫ് ഒരു നിമിഷം സ്തംബ്ധനായി നിന്നു. പുറത്ത് തീ കൂട്ടി അത്താഴം കഴിക്കാനിരുന്ന സ്ഥലത്തോട് ചേർന്ന് മരക്കൂട്ടത്തിനടുത്ത് ഒരു രൂപം. അതിന്റെ കണ്ണുകൾ മഞ്ഞ നിറത്തിൽ പ്രതിഫലിക്കുന്നു. തീ കെട്ടു പോയിരുന്നു, കനലുകൾ മണ്ണിൽ തിളങ്ങി നിൽക്കുന്നതൊഴിച്ചാൽ പിന്നെ കാണുന്ന പ്രകാശമുള്ള വസ്തു ആ 2 മഞ്ഞ പൊട്ടുകളാണ്. അത് കണ്ടതിന്റെ വെപ്രാളത്തിൽ അറിയാതെ അയാളുടെ കൈയ്യിൽ നിന്ന് കത്തി താഴെ വീണു. ആ ശബ്ദം കേട്ടിട്ടെന്നവണ്ണം ആ കണ്ണുകൾ തന്റെ നേർക്ക് തുറിച്ച് നോക്കുന്നത് പോലെ റാൾഫിന് തോന്നി. അയാൾ ഭീതിയോടെ നോക്കി നിൽക്കേ ആ കണ്ണുകൾ പൊടുന്നനെ ഇരുട്ടിലൂടെ ഒഴുകി ആ മരക്കൂട്ടത്തിനിടയിൽ ചെന്ന് അപ്രത്യക്ഷമായി.

റാൾഫിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇന്നലെയും കണ്ടു ഇത് പോലൊന്ന്. ഇതൊക്കെ വെറുമൊരു തോന്നലാണോ അതോ യാഥാർഥ്യമാണോ എന്ന് പോലും തറപ്പിച്ച് പറയാൻ പറ്റാത്ത വിധം അയാൾ ആശയക്കുഴപ്പത്തിലായി. ഇതൊക്കെ കണ്ടതിന് മറ്റു സാക്ഷികൾ ഒട്ടില്ല താനും. ഏതായാലും നടന്ന സംഭവങ്ങൾ കോർത്തിണക്കി ഒരു സാധ്യത റാൾഫ് തന്റെ ഭാര്യയോട് പറഞ്ഞു.. “ഇന്നലെ മുതൽ ആരോ നമ്മളെ പിൻതുടരുന്നുണ്ട്. ഒന്നുകിൽ ലക്ഷ്യം കവർച്ചയാവണം, ഇല്ലങ്കിൽ പേടിപ്പിച്ച് നമ്മളെ ഇവിടുന്ന് മാറ്റി നിർത്തുക എന്നതും. അത് കൊണ്ട് ഇവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമായിരിക്കും”

മേഗൻ പേടിച്ചരണ്ടിരിക്കുകയാണ്. റാൾഫ് അവളെ മേശക്കിടയിൽ നിന്ന് പുറത്തേക്കെടുത്തു. അകത്തെ ലൈറ്റ് ഇട്ടപ്പോൾ മേഗന് മെല്ലെ സ്ഥലകാലബോധം വീണു. “ഇതെന്തായാലും വെറുതേ വിട്ടാൽ പറ്റില്ല, വേഗം പോലീസിനെ വിവരം അറിയിക്ക്, കാര്യത്തിന് തീരുമാനം ഉണ്ടാവട്ടെ.” റാൾഫ് മേഗനോട് ആവശ്യപ്പെട്ടു. അവൾ യാന്ത്രികമായി ടെലിഫോണെടുത്ത് പോലീസിൽ ഡയൽ ചെയ്ത് റാൾഫിന്റെ നേർക്ക് നീട്ടി. ഉണ്ടായ സംഭവങ്ങൾ ചുരുക്കിപ്പറഞ്ഞ റാൾഫ് തന്റെ നിഗമനങ്ങൾ അവരോട് വെളിപ്പെടുത്തിയില്ല. റാൾഫ് പറഞ്ഞത് അപ്പാടെ വിശ്വസിച്ചില്ലങ്കിലും ഉടനെയെത്താം എന്ന് പോലീസ് പറഞ്ഞാശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവർക്കും ശ്വാസം നേരേ വീണത് ! ഡൈനിംഗ് ടേബിളിന്റെ ചുവട്ടിലെ കസേരയിൽ അവർ പോലീസിന്റെ വരവിനായി കാത്തിരുന്നു!


Share