Shooting Stars

Share

ആകാശം – അതെന്നും എന്നെ വിസ്മയിപ്പിച്ച് കൊണ്ടേയിരുന്നു. കണ്ണുകൾ കുളിരുന്ന കാഴ്ചകളും, അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങളും, അനന്തമായ അഘാതതയും എന്നും ശാസ്ത്ര കുതുകികളെ വേറൊരു ലോകത്ത് എത്തിച്ചിരുന്നു. ആയുഷ്കാലമത്രയും എടുത്താലും ആസ്വദിച്ച് തീരാത്ത ഈ ആകാശവിസ്മയങ്ങൾ എന്നും ഒരു വിശിഷ്ട വരദാനമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കായി ഉള്ളതാണ് ഇനിയുള്ള എന്റെ വാക്കുകൾ.

ആകാശവിസ്മയങ്ങൾ എന്ന് പറയുമ്പോൾ, നമുക്ക് സാധാരണ കാണുവാൻ സാധിക്കുന്ന നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ആകാശത്ത് പാഞ്ഞ് നടക്കുന്ന കൊള്ളിമീനുകളും, ചാന്ദ്ര പ്രതിഭാസങ്ങളും, മാത്രമല്ല നമ്മൾ കാണുവാനിടയില്ലാത്ത / അത്ര ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത മറ്റ് അനേകം വിചിത്ര സംഭവങ്ങളും ഉൾപ്പെടുന്നതാണ്. ഉദാഹരണത്തിന് സൂപ്പർ നോവാ വിസ്ഫോടനങ്ങളും, സൂപ്പർ മൂണും പോലെ. ഇതൊന്നും അല്ലാതെ ഉത്തരമില്ലാത്ത പ്രതിഭാസങ്ങളും അനേകമാണ്. അവയുടെ മുന്നിലാണ് നാം ശരിക്കും അത്ഭുതപ്പെടുന്നതും. പക്ഷേ അവ വളരെ വളരെ വിരളമാണ് എന്ന് മാത്രം.
ഇത്തരത്തിലുള്ള ഏതാനും വിചിത്ര സംഭവങ്ങൾക്ക് സാക്ഷിയാവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അങ്ങനെ എന്നെ / ഞങ്ങളെ വിസ്മയിപ്പിച്ച ഏതാനും സംഭവ വികാസങ്ങളിൽ ചിലത് പങ്ക് വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു:

Date: September 19: 2002
Time: 7:00 pm – 7:45 pm
Place: Kaduthuruthy

കടുത്തുരുത്തി (കോട്ടയം ജില്ല) തത്തപ്പള്ളി എന്ന സ്ഥലത്തെ വാടക വീടിന്റെ ടെറസിൽ ഒരു പണിയും ഇല്ലാതെ ആകാശത്തേക്കും നോക്കി കിടക്കുകയാണ് ഞാനും എന്റെ മൂത്ത സഹോദരൻ ടോണിയും. ഞാൻ എട്ടാം ക്ലാസിലും ടോണി ഒമ്പതിലും ആണ് പഠിക്കുന്നത്. ഈ ആകാശ നിരീക്ഷണം ഒരു പാട് നാളുകൾക്ക് മുൻപേ തുടങ്ങിയ പരുപാടിയാണ്. വെറുതേ നേരമ്പോക്കിന് മാത്രമല്ല, മറിച്ച് ഞങ്ങളുടെ പ്രധാന ഹോബികളിൽ ഒന്നുമാണ് ഇത്. ആ ഇടക്ക് ഞങ്ങൾ ആകാശത്ത് പലതും കാണുക പതിവായിരുന്നു. അതിനാൽ നക്ഷത്രങ്ങളുടെ സ്ഥാനവും ഭൂമിയുടെ ദിശയും കണ്ടത്താൻ ഞങ്ങൾ ആകാശത്തുള്ള ചില നക്ഷത്രങ്ങളെ പേര് കൊടുത്ത് അടയാളപ്പെടുത്തി ഞങ്ങളുടേതായ ഒരു ഭൂപടവും ശരിയാക്കിയിരുന്നു. “S1” “S2” “T1” എന്നിങ്ങനെ ഞങ്ങൾ അതിൽ ഏറ്റവും തിളക്കമാർന്ന ചില നക്ഷത്രങ്ങളെ നാമകരണം ചെയ്തിരുന്നു. ( നാളുകൾക്ക് ശേഷമാണ് ആ നക്ഷത്രങ്ങൾ orion constellation നെറ ഭാഗമായ നക്ഷത്രങ്ങളാണന്ന് ഞങ്ങൾ മനസിലാക്കുന്നത്. )

ആകാശം നോക്കി എത്ര നേരം ഞങ്ങൾ അങ്ങനെ കിടന്നു എന്നറിയില്ല, ടോണിയാണ് അത് ആദ്യം കണ്ടത്: ഒറ്റ നോട്ടത്തിൽ നക്ഷത്രത്തെ പോലെ ഉള്ള എന്തോ ഒന്ന് മിന്നി തിളങ്ങി നീങ്ങുന്നു. ഈ ഭാഗം ഒരു വിമാന മാർഗ്ഗം ആയതിനാൽ ആദ്യം ഞങ്ങൾ കരുതിയത് ഇത് ഏതെങ്കിലും യാത്രാ വിമാനമോ ഹെലികോപ്റ്ററോ ആയിരിക്കും എന്നാണ്. എന്നാൽ ഏറെ നേരം ശ്രദ്ധിച്ചിട്ടും യാതൊരു ശബ്ദവും ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചില്ല. മലമ്പ്രദേശങ്ങൾ ആയതിനാൽ സാധാരണ ശബ്ദം മുഴങ്ങി കേൾക്കുന്നതും ആയിരുന്നു. മാത്രമല്ല ഇതിന്റെ വെളിച്ചം മഞ്ഞ മാത്രമായിരുന്നു. വെളിച്ചം മിന്നി മറയുന്ന ആവൃത്തി വ്യത്യാസപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്തു. ചിലപ്പോൾ പൊടുന്നനെ തെളിഞ്ഞ് അണയുകയും ചിലപ്പോൾ ഏറെ നേരം അണയാതിരിക്കുകയും ചെയ്തിരുന്നു. ചില സമയങ്ങളിൽ ആവട്ടെ അത് അണഞ്ഞ് തന്നെ ഇരിക്കുമായിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ പിന്നീട് ആകാശത്ത് അതിനെ തേടി കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.
അടുത്ത സംശയം അത് ഏതെങ്കിലും ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ആവാമെന്നാണ്. അത് സഞ്ചരിക്കുന്ന വേഗത്തിൽ നിന്നും, അത് പോലെ അതിന്റെ വെളിച്ചം അണഞ്ഞ് തെളിയുന്നതിൽ നിന്നും അതൊരു ഗ്രഹമല്ലെന്ന് ഞങ്ങൾക്ക് ആദ്യം തന്നെ അറിയാമായിരുന്നു. മനുഷ്യ നിർമ്മിതമായ ഉപഗ്രഹങ്ങൾ ഏറെക്കുറെ ഇത് പോലെ തന്നെ കാണാൻ സാധിക്കും എങ്കിലും അവ സാധാരണ ദിശയും വേഗവും പൊടുന്നനെ മാറ്റി സഞ്ചരിക്കുകയില്ല. അത് പോലെ തന്നെ അവയുടെ വെളിച്ചം സാധാരണയായി അണയാറുമില്ല. പിന്നെ ആ വസ്തുവിനെ കണ്ടതിൽ നിന്ന് അത് ഉപഗ്രഹങ്ങളുടെ സഞ്ചാര പാതയിലൂടെ അല്ല സഞ്ചരിക്കുന്നത് എന്നും മനസിലാക്കാമായിരുന്നു. ഇതിന്റെ സഞ്ചാരപാത ഒരു പാട് താഴെയാണ്.
ഏതാണ്ട് അര മണിക്കൂർ നേരത്തെ ആകാശ വിഹാരത്തിന് ശേഷം ഞങ്ങൾ നോക്കി നിൽക്കേ അത് Orion belt ലെ നക്ഷത്രങ്ങൾക്ക് ഇടയിൽ വച്ച് അപ്രത്യക്ഷമായി !? അത്രയും സമയം അത് ആകാശത്തുടനീളം സഞ്ചരിച്ചു.. പല ദിശകളിൽ, പല വേഗത്തിൽ. പിന്നീട് ഞങ്ങൾ ആ വസ്തുവിനെ ആകാശത്ത് വളരെയധികം തിരഞ്ഞു എങ്കിലും കണ്ട് കിട്ടിയില്ല.

ഞങ്ങൾ ഇതൊക്കെ കണ്ട് അൽഭുതപ്പെട്ട് നിന്ന് പോയി. ഇതിന് മുമ്പും സമാനമായ കാഴ്ചകൾ കണ്ടിട്ടുണ്ട് എങ്കിലും, ഇത്രയധികം സമയത്തേക്ക്, ഇത്ര വ്യക്തതയോടെ ഇത് ആദ്യം. ഈ കണ്ട അത്രയും ഞങ്ങൾ ഞങ്ങളുടെ അയൽപക്കക്കാരനായ: Mr Babu ചേട്ടനുമായും പങ്ക് വച്ചു. കമ്പ്യൂട്ടർ എഞ്ചിനീയറായ ബാബു ചേട്ടൻ (അന്ന് 32 years old) ഇത്തരം കാര്യങ്ങളിൽ അറിവുള്ള ഒരാളായിരുന്നു. അദ്ദേഹവും അത് മനുഷ്യ നിർമ്മിതമായ ഉപകരണങ്ങൾ ആണെന്നു സംശയം പ്രകടിപ്പിച്ചു. എങ്കിലും ഞാനും ടോണിയും ആ ആശയങ്ങളിൽ തൃപ്തരായിരുന്നില്ല. ഞങ്ങൾ കാത്തിരുന്നു, കൂടുതൽ തെളിവുകളും കാത്ത്. !

Date: 2002 September 21
Time: 7:10 pm – 7:25 pm
Place: Kadathuruthy

ആ സംഭവം നടന്ന് 2 ദിവസങ്ങൾക്ക് ശേഷം വീണ്ടും ഏകദേശം അതേ സ്ഥലത്ത് തന്നെ ഞങ്ങളത് വീണ്ടും കണ്ടു. ഇത്തവണ അത് അൽപം വേഗത്തിൽ ഒരു നേർ രേഖയിലാണ് സഞ്ചരിച്ചിരുന്നത്. വെളിച്ചം പഴയതിനെക്കാൾ അൽപം കൂടിയതായി കാണപ്പെട്ടു. നിർഭാഗ്യം എന്ന് പറയട്ടെ, ഇത്തവണ അത് വളരെ പെട്ടന്ന് തന്നെ അപ്രത്യക്ഷമായി. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് കൂടുതലൊന്നും മനസിലാക്കുവാനും സാധിച്ചില്ല.
ഈ സംഭവം ഞങ്ങൾ വീട്ടിൽ പറഞ്ഞു എങ്കിലും നിരാശ ആയിരുന്നു ഫലം. മമ്മിയുടെ കളിയാക്കലും ചില ഉപദേശങ്ങളും കേട്ടത് മിച്ചം. ഇനി എന്തെങ്കിലും കാണുമ്പോൾ വീട്ടുകാരെ കൂടി വിളിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഞങ്ങൾ ടെറസിൽ ഇരിക്കുമ്പോൾ പകൽ ഉണക്കാൻ ഇട്ടിരുന്ന തുണി എടുക്കാൻ മമ്മി മുകളിലേക്ക് വന്നു. തുണി ഒക്കെ എടുത്ത്‌ പോവാൻ ഇറങ്ങിയപ്പോൾ മമ്മി വെറുതെ ഞങ്ങളോട് കുശലം ചോദിച്ചു ഇന്നെന്താ നിങ്ങൾ കണ്ടതെന്ന്!? കളിയാക്കാൻ ആണ് മമ്മി അങ്ങനെ ചോദിച്ചത് എന്ന് ഞങ്ങൾക്ക് മനസിലായില്ല. ഒന്നും കണ്ടില്ല എന്ന് ഞങ്ങൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു. ഞങ്ങളെ ഒന്നു പ്രോത്സാഹിപ്പിക്കാൻ ആവണം മമ്മി കുറച്ചു നേരം ആകാശം നോക്കി നിന്നു. അൽപം കഴിഞ്ഞ് ആകാശത്തേക്ക് ചൂണ്ടി മമ്മി ചോദിച്ചു ഇതെന്ത് സാധനമാ എന്ന്! ഓടി വന്ന് മമ്മി ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയ ഞങ്ങൾക്ക് പെട്ടന്ന് തന്നെ അത് കണ്ണിൽ പെട്ടു. നക്ഷത്രം പോലെ തന്നെ എന്തോ ഒന്ന്, നല്ല വലിപ്പത്തിലും തിളക്കത്തിലും കാണപ്പെട്ടു. അൽപം മുമ്പ് ആ ഭാഗമൊക്കെ ഞങ്ങൾ നോക്കിയതാണ്, പക്ഷേ അപ്പോളൊന്നും ഇങ്ങനൊന്ന് കണ്ടിരുന്നില്ല. ഞങ്ങൾ സൂക്ഷിച്ച് നോക്കി നിന്നു അത് അനങ്ങുന്നുണ്ടോ എന്നറിയാൻ. പക്ഷേ യാതൊരു അനക്കവും ഇല്ലാതെ അത് അങ്ങനെ തുടർന്നു. പെട്ടന്ന്, ഞങ്ങൾ 3 പേരും നോക്കി നിൽക്കെ ആ സാധനത്തിന്റെ വലിപ്പവും തിളക്കവും കൂടി വന്നു. ആദ്യം കണ്ടതിന്റെ 2-3 ഇരട്ടി വലിപ്പത്തിൽ വലുതായി വന്ന് പൊടുന്നനെ അത് അണഞ്ഞ് പോയി. അകത്തേക്ക് വലിഞ്ഞ് ഇല്ലാതായത് പോലെ! ഞങ്ങൾ അൽഭുതപ്പെട്ട് നിന്നു. ഞങ്ങളെക്കാൾ ആകാംക്ഷയോട് കൂടി മമ്മിയും. സത്യം പറയട്ടെ, ഞങ്ങൾക്കന്ന് വളരെ സന്തോഷം തോന്നി. ഒരിക്കൽ കൂടി ഇങ്ങനൊന്ന് കാണാൻ സാധിച്ചതിൽ മാത്രമല്ല, ഒരു ദൃക്സാക്ഷി കൂടി ഉണ്ടായല്ലോ എന്ന് കരുതി. അതിന് ശേഷം മമ്മി ഞങ്ങളെ പ്രോൽസാഹിപ്പിച്ചു കൊണ്ടേയിരുന്നു. ആകാശത്ത് അസ്വാഭാവികമായി എന്ത് കണ്ടാലും മമ്മി ഞങ്ങളെ വിളിച്ച് എന്താണെന്ന് വന്ന് നോക്കാൻ പറയും. ഞങ്ങൾ തിരിച്ചും. അതിന്നും അങ്ങനെ തന്നെ!

ഇതിന് ശേഷം ഒരു പാട് തവണ ഞങ്ങൾ വിചിത്രങ്ങളായ പലതും കണ്ടു. പറ്റുന്നത് പോലെ അവയൊക്കെ റെക്കോഡു ചെയ്യാനും ഞങ്ങൾ ശ്രമിച്ചിരുന്നു. അതിനോടൊപ്പം കുറേ അറിവുകളും പലയിടത്ത് നിന്നായി ഞങ്ങൾ നേടി. അങ്ങനെ വെള്ളക്കുള്ളനും, അരുണ ഭീമനും, തമോഗർത്തവും, പൾസാറുകളും ഒക്കെ ഞങ്ങളുടെ അറിവിലേക്ക് വന്നു. ഈ അറിവുകളാണ് അന്ന് മമ്മിയും ഞങ്ങളും നക്ഷത്രം വലുതായി വന്ന് അപ്രത്യക്ഷമായി പോയത് കണ്ടത് മറ്റൊന്നുമല്ല ഒരു സൂപ്പർ നോവാ വിസ്ഫോടനമാവാം എന്ന ആശയം തന്നത്. ഏതാനും നിമിഷങ്ങൾ മുതൽ വർഷങ്ങൾ വരെ നീണ്ട് നിൽക്കുന്ന നക്ഷത്രങ്ങളുടെ ഒരു തരം മരണാവസ്ഥയാണ് സൂപ്പർനോവാ വിസ്ഫോടനം. ഇങ്ങനെ വളരെ ശാസ്ത്രീയമായി തന്നെ ഞങ്ങൾ ഈ ഹോബി മുന്നോട്ട് കൊണ്ട് പോയി. അങ്ങനെ പല പ്രതിഭാസങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തിയെങ്കിലും, പറക്കും നക്ഷത്രം മാത്രം പിടി തരാതെ ഒഴിഞ്ഞ് നിന്നു. അന്നൊന്നും അറിഞ്ഞിരുന്നില്ല ഇതിനെക്കാളൊക്കെ നിഗൂഢമായ ഒരു അനുഭവം ഞങ്ങളെയും കാത്തിരിക്കുന്നതേ ഉള്ളൂ എന്നത്.

ഇതിനിടെ ഞങ്ങൾ കടുത്തുരുത്തിയിൽ നിന്നും എന്റെ ജന്മ സ്ഥലമായ ഞീഴൂർലേക്ക് (കോട്ടയം ജില്ല) താമസം മാറി. അതൊരു ഗ്രാമമാണ്, മലകളുടെ നാട്. യാതൊരു തരത്തിലുമുള്ള ശബ്ദ, വായു മലിനീകരണങ്ങളും ഇല്ലാത്ത ഒരു നാട്. രാത്രി നഗരവെളിച്ചത്തിന്റെ ശല്യങ്ങളൊന്നും ഇല്ലാത്ത ആകാശവും അന്തരീക്ഷവും. ഞങ്ങൾ താമസിക്കുന്നതാവട്ടെ വലിയൊരു മലയുടെ ഏതാണ്ട് മുകളിലും. അവിടെ തൊട്ട് തൊട്ട് വീടുകൾ ഒന്നുമില്ല, ഒരു വീട് കഴിഞ്ഞാൽ അടുത്തത് കാണാൻ കുറച്ച് ദൂരം ചെല്ലണമായിരുന്നു. ഇവിടം എന്റെ മമ്മിയുടെ കുടുബസ്ഥലമാണ്. ഭൂരിഭാഗം ആളുകളും മമ്മിയുടെ അടുത്ത ബന്ധുക്കൾ. മലയുടെ താഴെ മമ്മിയുടെ ഏറ്റവും മൂത്ത ചേച്ചിയുടെ വീടുണ്ട്. അവിടെ ഞങ്ങളുടെ Cousin Vincent ചേട്ടനും (മമ്മിയുടെ ചേച്ചിയുടെ മകൻ). പുള്ളി ഞങ്ങളെ പോലെയാണ്, ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ താൽപര്യം ഉള്ള ഒരാൾ! ഞങ്ങളുടെ കഥകളൊക്കെ കേട്ട് ഞങ്ങളെ കളിയാക്കാത്ത ഒരേയൊരാൾ. അങ്ങനെ ഞങ്ങൾക്ക് പുതിയൊരു ശക്തനായ അംഗത്തെ ലഭിച്ചു. Vincent ചേട്ടൻ പുള്ളിയുടെ ബൈനോക്കുലർ ഞങ്ങളെ ഏൽപ്പിച്ചു. അങ്ങനെ ഞങ്ങളുടെ നിരീക്ഷണ രീതി കുറേ കൂടി മെച്ചപ്പെട്ടു.
നിർഭാഗ്യം എന്ന് പറയാം, അതിന് ശേഷം ആധികാരികമായി ഒന്നും തന്നെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല. വല്ലപ്പൊഴും ഒന്ന് മിന്നി മറയും പോലെ എന്തെങ്കിലും കണ്ടെങ്കിലായി. അതും എന്താണ് കണ്ടതെന്ന് തീർച്ചയാക്കാൻ പോലും പറ്റാത്ത വിധത്തിൽ. ഇതിനിടെ ആകസ്മികമായി ഞങ്ങൾ ഒരു കാര്യം കണ്ടെത്തി. നാട്ടുമ്പുറം ആയതിനാൽ ആളുകൾ എന്തെങ്കിലും കാര്യങ്ങൾക്ക് കൂവുക പതിവായിരുന്നു. രാത്രി കാലങ്ങളിൽ ആരും കൂവാറില്ല എങ്കിലും ഞങ്ങളുടെ കൂവൽ രാത്രിയിലും ഉണ്ടായിരുന്നു. ഇങ്ങനെ രാത്രി പുറത്ത് നിന്ന് ഉച്ചത്തിൽ കൂവിയ ഒന്ന് രണ്ട് തവണ ആകാശത്ത് അവിചാരിതമായി അനക്കങ്ങൾ ഉണ്ടായത് ഞങ്ങൾ ശ്രദ്ധിച്ചു. ക്രമേണ ഞങ്ങൾക്ക് ഇതിന് വേണ്ടി അധിക സമയം ചിലവാക്കാനില്ലാതെ വന്നു. അതിന് പല ശക്തമായ കാരണങ്ങളും ഉണ്ടായിരുന്നു. അതിനെ പറ്റി ഞാൻ ഇവിടെ പരാമർശിക്കുന്നില്ല. ടോണി പണ്ടേ ഇതിനോടുള്ള താൽപര്യം ഉപേക്ഷിച്ചിരുന്നു. പിന്നെ വല്ലപ്പോഴും മാത്രമായി ആകാശ നിരീക്ഷണം. അങ്ങനെ മെല്ലെ മെല്ലെ ഇത് സുഖമുള്ള ഏതാനും ഓർമ്മകൾ മാത്രമായി ചുരുങ്ങി.

2003 December:

ക്രിസ്മസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. ആലപ്പുഴയിൽ താമസിക്കുന്ന മമ്മിയുടെ വേറൊരു ചേച്ചിയുടെ മകൻ നാട്ടിൽ വിരുന്നിനെത്തി. തേജസ് (തേജു) എന്നാണ് പേര്. ശാസ്ത്ര കുതുകി ഒന്നും ആയിരുന്നില്ലങ്കിലും ഞങ്ങളോട് സംസാരിക്കാൻ തേജു ചേട്ടന് വല്യ ഇഷ്ടമായിരുന്നു. തറവാട്ടിൽ താമസിക്കുന്ന ഞങ്ങളുടെ grantmother നെ കാണാനാണ് ചേട്ടൻ വന്നിരിക്കുന്നത്. താമസവും അവിടെ തന്നെ. ഞങ്ങൾ താമസിക്കുന്ന മലയുടെ ഏറ്റവും മുകളിലായി ആണ് തറവാട്. വീട്ടിൽ നിന്ന് അധികം ദൂരമില്ല, നോക്കിയാൽ കാണാം. മമ്മിയുടെ അനിയത്തിയും കുടുംബവുമാണ് അവിടെ താമസിക്കുന്നത്.

അങ്ങനെ ഒരു വൈകുന്നേരം, ഞങ്ങൾ കസിൻ ബ്രദേഴ്സ് 4 പേരും കൂടി താഴെ വിൻസന്റ് ചേട്ടന്റെ വീട്ടിൽ കൂടി. ചായ കുടിയും കഥ പറച്ചിലുമൊക്കെയായി ഞങ്ങളിരുന്നു. പിന്നീട് സംസാരം രസകരമായ കാര്യങ്ങളിലേയ്ക്ക് കടന്നു. അങ്ങനെ കൊള്ളക്കാരും, വിചിത്ര ജീവികളും, പ്രേതങ്ങളും ഒക്കെ കഴിഞ്ഞ് ആകാശ വിസ്മയങ്ങളെ പറ്റിയായി സംസാരം. ഇതിനിടെ ഞങ്ങൾ ഉണ്ടായ അനുഭവങ്ങളെല്ലാം വിവരിച്ചു. തേജു ചേട്ടൻ ഞങ്ങൾ പുളു അടിക്കുകയാണന്നും പറഞ്ഞ് കുറേ കളിയാക്കി. ഞങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു.

വീടിനകത്ത് നിന്നുള്ള സംസാരം കഴിഞ്ഞ് ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി. നേരം സന്ധ്യ മയങ്ങി തുടങ്ങി. വീടിന്റെ അൽപം മാറി പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കനാൽ ഉണ്ടായിരുന്നു. അതിന്റെ അരികിലുള്ള ടാറിടാത്ത റോഡിലൂടെ ഞങ്ങൾ സംസാരിച്ച് നടന്നു. ഒരു വശം കനാലും അതിനപ്പുറം ചെങ്കുത്തായ വലിയൊരു മലയും, മറുവശം റബ്ബറിന്റെ ഒരു തോട്ടവും. എന്തോ സംസാരിച്ച് നിന്നതിനിടയിൽ ഞാൻ വെറുതേ ആകാശത്തേക്ക് നോക്കി. ഏതാനും നക്ഷത്രങ്ങൾ തെളിഞ്ഞിട്ടുണ്ട്. സൂര്യന്റെ വെളിച്ചം അത്യാവശ്യം ഉണ്ട് താനും. കൂടുതൽ നക്ഷത്രങ്ങൾ അങ്ങിങ്ങായി തെളിഞ്ഞ് വരുന്നതും കാണാം. ഞങ്ങൾ വർത്തമാനം നിർത്തി തിരിയെ നടന്നു. വീടിന് അടുത്തെത്താറായപ്പോൾ വീണ്ടും ടോണി പഴയ ഒരു സ്കൂൾ കഥ എടുത്തിട്ടു. ചേട്ടന്മാർ അതിന് അഭിപ്രായം എന്തോ പറഞ്ഞു കൊണ്ടിരുന്നു. കേട്ട് ബോറടിച്ച ഞാൻ ആകാശത്തേക്ക് നോക്കി അതി ശക്തമായി കൂവി… വെറുതേ ഒരു പരീക്ഷണം!

ഇനി നടന്ന സംഭവം വിശ്വസിക്കാൻ പ്രയാസമാവും. കാരണം, ഞാൻ തന്നെ അതിശയിച്ചു പോയ സംഭവമാണ് പിന്നീട് നടന്നത്! എന്റെ കൂവൽ പരീക്ഷണം വെറുതേ ആയില്ല.
ഞാൻ കൂവിയതിന് തൊട്ട് പിന്നാലെ അത് വരെ ആകാശത്ത് അനങ്ങാതെ നിന്നിരുന്ന ഒരു നക്ഷത്രം അനങ്ങിത്തുടങ്ങി, അതും ഞങ്ങളുടെ കൺമുന്നിൽ വച്ച്. ആ നക്ഷത്രം അതിന് മുന്നേ ഞങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്. അത് അനങ്ങാതെ തന്നെ നിൽക്കുകയായിരുന്നു. ഞങ്ങൾ നോക്കി നിൽക്കേ അത് മിന്നി മിന്നി സഞ്ചരിച്ച് ദിശ തിരിഞ്ഞ് പൊടുന്നന്നെ വെളിച്ചം അണഞ്ഞ് അപ്രത്യക്ഷമായി. ഏതാനും നിമിഷങ്ങൾ മാത്രമാണ് ഞങ്ങളത് കണ്ടത്. എന്ത് സംഭവിച്ചു എന്നറിയാതെ ഞങ്ങൾ പരസ്പരം മിഴിച്ച് നോക്കി നിന്നു. കസിൻസ് 2 പേരും ഒന്നും വിശ്വസിക്കാനാവാതെ അതിശയിച്ച് നിൽക്കുകയാണ്. എനിക്ക് സന്തോഷം കൊണ്ട് ആർത്ത് വിളിക്കാൻ തോന്നി, കാരണം ഇനി അവർ ഞങ്ങളെ അവിശ്വസിക്കില്ലല്ലോ! എന്നാൽ ആ സന്തോഷവും അമ്പരപ്പും ഒന്നും അധികം നീണ്ട് നിന്നില്ല. അതെന്ത് സാധനമാവും എന്നുള്ള ഞങ്ങളുടെ ചർച്ചക്ക് അറുതി വരുത്തിക്കൊണ്ട് ഒരു ഭയാനകമായ ശബ്ദം കേട്ടു. ഒരു ബർണറിൽ നിന്നും തീ കത്തും പോലെ ഉള്ള ശബ്ദത്തിന്റെ ഒരു വലിയ രൂപം. ആ ശബ്ദം ഉണ്ടാക്കിയ വസ്തു ഞങ്ങളുടെ തലയ്ക്ക് എതാനും അടി മുകളിലൂടെ റബ്ബർ തോട്ടത്തിലെ മരങ്ങളുടെ മേൾവശം തൊട്ട് ചേർന്ന് തെന്നിപ്പറന്ന് പോയി. ഒരു മിന്നായം പോലെ ഞാനത് കണ്ടു, ഒറ്റ നോട്ടത്തിൽ തീപ്പന്തം പോലൊരു സാധനം. വൃത്താകൃതി. മഞ്ഞ വെളിച്ചമാണോ തീയാണോ കണ്ടത് എന്ന് എനിക്ക് സംശയം. ടോണിയും ആ കാഴ്ച കണ്ടതായി അവകാശപ്പെട്ടു. ഏതാണ്ട് 2 – 3 സെക്കൻഡ് കൊണ്ട് ഇത്രയും കഴിഞ്ഞു.

അമ്പരപ്പിനേക്കാളേറെ ഭീതി എന്നെ പിടികൂടി. ഞാനത് പുറത്ത് കാണിച്ചില്ല. ആർക്കും ഒന്നും മിണ്ടാനില്ല. സൂര്യന്റെ വെളിച്ചം പൂർണമായി മങ്ങി. രാത്രിയായിരിക്കുന്നു. ഞങ്ങൾ Vincent ചേട്ടന്റെ വീട്ടിലേക്ക് കയറി. പിന്നീട് ഇതിനെ പറ്റി തന്നെയായി സംസാരം. ഉൽക്ക മുതൽ പറക്കും തളിക വരെ എത്തി നിഗമനങ്ങൾ. അതോടെ വിശ്വാസം ഇല്ലാതിരുന്ന അവർക്കെല്ലാം വിശ്വസിക്കാതെ തരമില്ല എന്നായി. ഒരു കണക്കിന് എനിക്ക് സന്തോഷം തോന്നി, ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിൽ.

സമയം വൈകി.. വീട്ടിൽ എത്തണം. ഏതാണ്ട് 7.30 ആയിട്ടുണ്ടാവണം. ഞങ്ങൾ Vincent ചേട്ടനോട് യാത്ര പറഞ്ഞിറങ്ങി. അവിടുന്ന് മല കയറി ഒരു 10-15 മിനിട്ടോളം നടക്കണം വീട്ടിലെത്താൻ. ഇടയ്ക്ക് തേജു ചേട്ടൻ പറയുന്നുണ്ടായിരുന്നു ഇന്നിനി തറവാട്ടിൽ കിടക്കുന്നില്ല ഞാൻ നിങ്ങളുടെ കൂടയെ കിടക്കുന്നുള്ളൂ എന്ന്. എനിക്ക് അത് കേട്ട് ചിരി വന്നു. ഞങ്ങൾ നടക്കുന്ന വഴിയിലെ രാത്രി കാഴ്ച അതി മനോഹരമാണ്. ചുറ്റും മലകൾ, നടക്കുന്ന വഴി നല്ല ഉയരത്തിൽ നിൽക്കുന്നതിനാൽ വിശാലമായ ആകാശം കാണാമായിരുന്നു. അതൊരു വല്ലാത്ത ഹരമാണ്, പ്രത്യേകിച്ച് ഇങ്ങനൊരു അവസ്ഥയിൽ. നടക്കുന്ന വഴിക്ക് ഞാൻ ഒരിക്കൽ കൂടി നോക്കി ആകാശത്തേക്ക്. ഒന്നുമില്ല. എന്റെ കണ്ണുകൾ അവിടമാകെ പരതി നടന്നു. കുറച്ച് നേരത്തിന് ശേഷം ഞാൻ യാദൃശ്ചികമായി അത് കണ്ടെത്തി… വീണ്ടും! പക്ഷേ ഇത്തവണ ഇത് വരെ കാണാത്ത ഒരു ഭാവത്തിൽ. അത് ഒരു നക്ഷത്രം പോലെ തെളിഞ്ഞ് തന്നെ സഞ്ചരിക്കുന്നു ആകാശത്തിന്റെ ഒരു വശത്ത് നിന്നും മറുവശത്തേക്ക്. ഞാൻ അതിൽ നിന്നും കണ്ണടുക്കാതെ ടോണിയെയും ചേട്ടനെയും വിളിച്ച് അത് നോക്കാൻ പറഞ്ഞു. എന്റെ സംസാരം അവസാനിക്കും മുന്നേ അതിന്റെ വേഗത കൂടി വന്നു. ഒടുവിൽ ഒരു മനുഷ്യന് സങ്കൽപ്പിക്കാൻ ആവുന്നതിലും വേഗത്തിൽ അതെന്റെ നിരീക്ഷണ വലയത്തിൽ നിന്ന് എങ്ങോട്ടോ അപ്രത്യക്ഷമായി.
ഒരേ ഒരു നിമിഷം.. ഞാൻ തരിച്ച് പോയി! അത് പോയ്ക്കളഞ്ഞു. ആ വസ്തു അന്ന് സഞ്ചരിച്ച Speed ഇന്നും എന്റെ അറിവുകൾക്ക് അപ്പുറമാണ്. യാതൊരു സെൻസും തരാത്ത ഒരു സംഭവം. മനസിലാകുന്നില്ല ഇന്നും. ഒരു നിമിഷം കൊണ്ട് ആ വസ്തു കൈവരിച്ച വേഗത, ഈ കാലമത്രയും മറ്റൊന്നിലും ഞാൻ കണ്ടിട്ടില്ല. അന്ന് ഞാൻ അറിഞ്ഞിരുന്നില്ല ഇനി ഒരിയ്ക്കലും കാണാൻ കഴിയാത്ത, അനുഭവിക്കാൻ കഴിയാത്ത ഒന്നാവും ഇതെന്ന്…! സത്യമാണ്, അതിന് ശേഷം പലതും കണ്ടു, പക്ഷേ ഒന്നും ഇത് പോലെ ആയിരുന്നില്ല. ആ കാഴ്ചകൾക്കെല്ലാം ഒരോ വിശദീകരണവും ഉണ്ടായിരുന്നു. അതിനെ ഒരിക്കൽ കൂടി കാണാൻ പിന്നീടുള്ള കാലങ്ങൾ ഞാൻ നടത്തിയ കാത്തിരിപ്പുകൾ എല്ലാം വെറുതെ ആയിരുന്നു. ഇന്ന് ആ സംഭവം നടന്ന് 15 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഉണ്ടായിട്ടില്ല ശേഷം അത് പോലൊന്ന്.

ജീവിതത്തിൽ രാത്രികൾ വീണ്ടും ഒരു പാട് വന്നു പോയി. നടക്കാനിറങ്ങിയ ഞാനും ടോണിയും അസാധാരണമായ ശബ്ദം കേട്ട് പേടിച്ചോടിയ രാത്രിയും, പ്രേതത്തെ കാണാൻ കൂട്ടുകാരുടെ കൂടെ ജൈത്രയാത്ര നടത്തിയ രാത്രിയും, പാക്കാൻ എന്ന വള്ളിപ്പുലിയെ നേരിട്ട് കണ്ട രാത്രിയും, ഒറ്റപ്പെടലുകൾ ഉറക്കം കളഞ്ഞ ആ വല്ലാത്ത രാത്രിയും അങ്ങനെ പലതും.. പക്ഷേ ആ 2003 ലെ തണുത്ത ഡിസംബർ രാത്രി പോലൊന്ന് ഉണ്ടായിട്ടില്ല. ഉണ്ടാവും എന്ന പ്രതീക്ഷ മാത്രം. ചില രാത്രികൾക്ക് പ്രത്യേക ഭംഗിയാണ്. അവ എന്നെ വലിച്ചടുപ്പിക്കുന്നു എവിടെയ്ക്കോ! ഞാനും കാത്തിരിക്കുന്നു, അത് പോലെ ഒരു രാത്രിക്കായി. ഇനിയും


Share