The Visitors

Part 1 – Signs

IT മേഘലയിൽ ആയതിനാൽ രാത്രിയിൽ ജോലി ചെയ്ത് ചെയ്ത് രാത്രിജീവിതം ഒരു ശീലമായി മാറിയിരുന്നു. ഇപ്പോൾ വർഷങ്ങളായി ഇങ്ങനെ തന്നെയാണ്. സ്വന്തം സ്ഥാപനം ആണെങ്കിലും ഞങ്ങളും സ്റ്റാഫും ഒക്കെ work from home ആണ് . ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ഞാൻ ഉറക്കം എണീക്കുന്നത്. എണീപ്പിക്കുന്നത് രണ്ട് വയസുള്ള എന്റെ മകൻ ഉണ്ണിക്കുട്ടനും. അവൻ ഉറങ്ങി കിടക്കുന്ന എന്റെ ദേഹത്ത് കയറി ചാടി മറിഞ്ഞ് ഉറക്കം കളയും എന്നതാണ് വാസ്തവം. ഒരു കണക്കിന് അത് നല്ലതാണ്. ഉണ്ണിക്കുട്ടൻ എണീപ്പിച്ചില്ല എങ്കിൽ ഞാൻ എണീക്കാൻ വീണ്ടും വൈകും. അങ്ങനെ എണീറ്റ് നട്ടുച്ചക്ക് ഒരു ചായയും കുടിച്ചതിന് ശേഷം കുറച്ചു നേരം വീട്ടിൽ അല്ലറ ചില്ലറ കാര്യങ്ങൾ ചെയ്യും. ഈ സമയമൊക്കെ വീട്ടിലെ TV ൽ വാർത്ത ചാനൽ ഏതെങ്കിലും വച്ചിട്ടുണ്ടായിരിക്കും. ( Fun Fact: വീട്ടിൽ പപ്പ എണീക്കുന്ന പകൽ 8 മണി മുതൽ മമ്മി കിടക്കുന്ന രാത്രി 2 മണി വരെ TV ഓൺ ആയിരിക്കും ) അത് കുറച്ച് നേരം കാണും. അതിനിടയ്ക്ക് ഉണ്ണിക്കുട്ടന്റെ കൂടെ കുറച്ച് സമയം കളിക്കും. ഒരു മണി കഴിയുമ്പോൾ ഞങ്ങളുടെ കസിൻ ചേട്ടന്റെ മകൻ Abin Shoji വീട്ടിൽ വരും. അവൻ കുറേ നാളുകളായി ഞങ്ങളോടൊപ്പമുണ്ട്. കേരളാ കോൺഗ്രസ് M ന്റെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ യൂത്തിന്റെ വൈസ് പ്രസിഡന്റ് ആണ് Abin Shoji. എന്റെ സഹോദരൻ Tony ടെ കൂടെയാണ് അവൻ IT ജോലി ചെയ്യുന്നത്. അവർ രണ്ട് പേരും ഒന്നിച്ച് പണിയെടുക്കും, ഇടക്ക്ക്ക് നേരമ്പോക്കിന് രണ്ടു പേരും കൂടി ഏതോ ഒരു ആപ്പിൽ bet വച്ച് കളിക്കും. ജയിച്ചാൽ കിട്ടുന്ന കാശ് ഷെയർ ഇട്ട് എടുക്കും. Abin ന് സ്വന്തമായി മറ്റ് ചില പണികളുമുണ്ട്. നഴ്സിംഗ് അഡ്മിഷനും സ്ഥലമിടപാടുകളുമൊക്കെ. ഇടയ്ക്ക് അവരുടെ കൂടെ കൂടുമെങ്കിലും ഞാൻ കൂടുതൽ സമയവും എന്റെ റൂമിലായിരിക്കും. ഉച്ച കഴിഞ്ഞ് ഒരു 2 – 3 മണിക്കൂർ ഞാൻ ജോലി ചെയ്യും. അധികം സമയം ചെയ്യാൻ സാധിക്കില്ല, ഇരുന്നിരുന്ന് മടുക്കും. കൂടാതെ കണ്ണിനോ നടുവിനോ ഒക്കെ വേദനയും എടുക്കും. അത് കൊണ്ട് തന്നെ കുറച്ച് സമയം ഞങ്ങൾ ഒരു break ഉം എടുക്കാറുണ്ട്. എന്റെ Wife ശരണ്യയും രാവിലെ മുതൽ ഉണ്ണിക്കുട്ടനെ നോക്കിയും വീട്ടിലെ പണികളിൽ വീട്ടുകാരെ സഹായിച്ചും ആകെ ക്ഷീണിച്ച് ബോറടിച്ചിരിക്കുകയാവും. അങ്ങനെ ഒരു ചെയ്ഞ്ചിന് വേണ്ടി ഞങ്ങൾ എല്ലാവരും കൂടി വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയിൽ കാറുമെടുത്ത് പുറത്ത് കറങ്ങാൻ പോകും. അടുത്തുള്ള സ്ഥലങ്ങളിലാണ് പോകാറ്. പെരുവ , ഇലഞ്ഞി, കടുത്തുരുത്തി, കുറവിലങ്ങാട്, കുറുപ്പന്തറ , മാഞ്ഞൂർ , തലയോലപ്പറമ്പ് പോലുള്ള അര മണിക്കൂർ കൊണ്ട് എത്താൻ പറ്റുന്ന സ്ഥലങ്ങളിൽ. ചെല്ലുന്ന സ്ഥലത്ത് എല്ലാവരും അവരോർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും. ചിലർ നടക്കും, ഉണ്ണിക്കുട്ടന്റെ കൂടെ ഓടി കളിക്കും, ചിലർ ഫോട്ടോ എടുക്കും, Youtube ൽ ഇടാൻ വീഡിയോ പിടിക്കും, അങ്ങനെ അങ്ങനെ .. ലാപ് ടോപ്പ് മിക്കവാറും ഞങ്ങളുടെ കയ്യിൽ ഉണ്ടാവും , അത് കൊണ്ട് തന്നെ എമർജെൻസി വർക്ക് എന്തെങ്കിലും വന്നാലും കൈകാര്യം ചെയ്യാൻ പറ്റും. അങ്ങനെ ഒന്നോ രണ്ടോ മണിക്കൂർ ഞങ്ങൾ പുറത്ത് ചിലവാക്കും. തിരികെ വരുന്ന വഴിക്ക് ചായക്കടയിലോ ഹോട്ടലിലോ കയറി എന്തെങ്കിലും കഴിക്കും. ഇതാണ് ഈ യാത്രയിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും. കഴിച്ച് കഴിഞ്ഞ് നേരേ ഞീഴൂർ ടൗണിലുള്ള പറ്റ് കടയിൽ പോയി സാധനങ്ങൾ വാങ്ങി 7 നും 8 നും ഇടയിൽ വീട്ടിലെത്തും. വൈകിട്ട് വന്ന് കുളി കഴിഞ്ഞ് ക്രിക്കറ്റോ ഫുട്ബോളോ സിനിമയോ എന്തെങ്കിലും ഒക്കെ കാണും. അതൊന്നും ഇല്ലങ്കിൽ ഇഷ്ടപ്പെട്ട മറ്റ് എന്തെങ്കിലും ഒക്കെ കാര്യങ്ങൾ ചെയ്ത്, ഉണ്ണിക്കുട്ടന്റെ കൂടെ കളിച്ച്, അവൻ ഉറങ്ങിക്കഴിഞ്ഞ് രാത്രി 12 മണിയോട് കൂടി വീണ്ടും തിരിച്ച് ജോലിക്ക് കയറും.

ജോലി തുടങ്ങിയാൽ പിന്നെ ഒരൊറ്റയിരുപ്പാണ്. എത്ര നേരം വേണമെങ്കിലും കമ്പ്യൂട്ടറിന് മുന്നിൽ കുത്തിയിരിക്കും. മനസിൽ കണക്ക് കൂട്ടിയ അന്നത്തെ Task തീർക്കുന്നത് വരെ. സമയം ചിലപ്പോൾ 5 മണിയാവാം 6 മണിയാവാം അതിന് ശേഷവുമാവാം. പപ്പ എണീക്കുന്നത് 8 മണി കഴിഞ്ഞിട്ടുണ്. ചില ദിവസങ്ങളിൽ പപ്പ എണീറ്റതിന് ശേഷമാണ് ഞാനും Tony ഉം ഉറങ്ങാൻ പോവാറ്. ഞായറായ്ചകളിൽ വർക്ക് ചെയ്യാറില്ല എങ്കിലും clients ന് അത്യാവശ്യം ഉണ്ടെങ്കിൽ ഞങ്ങൾ അത് കൈകാര്യം ചെയ്യാറുണ്ട്. ഇതാണ് ഞങ്ങളുടെ സിമ്പിൾ ദിനചര്യ. അത്യാവശ്യ ഘട്ടങ്ങളിൽ ഈ റുട്ടീൻ മാറ്റിപ്പിടിക്കാനും ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ദൂരയാത്രകൾക്ക് വേണ്ടി നേരത്തേ എണീക്കുവാനോ, ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് പോകുവാനോ, സുഹൃത്തുക്കളുടെ കൂടെ കമ്പനി കൂടാനോ, വീട്ടിലെ അത്യാവശ്യങ്ങൾക്ക് വേണ്ടിയോ ഒക്കെ ഈ ചര്യകൾക്ക് മാറ്റം വരുത്തി സമയം കണ്ടെത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. അങ്ങനെ ബാലൻസ് ചെയ്ത് വല്യ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പൊയ്ക്കൊണ്ടിരുന്നു.

04 April 2025 വെള്ളിയാഴ്ച : പതിവിലും വൈകിയാണ് ഞാൻ ഉറക്കം എണീറ്റത്. വൈകി എന്ന് പറഞ്ഞാൽ ഉച്ചയ്ക്ക് ഏതാണ്ട് 2:30 കഴിഞ്ഞിരുന്നു. തലേന്ന് രാത്രി ഉറങ്ങിയത് പുലർച്ചെ 6 മണി കഴിഞ്ഞിട്ടാണ്. എന്നത്തെയും പോലെ ഉണ്ണിക്കുട്ടൻ എന്നെ ചവിട്ടി മെതിച്ച് എണീപ്പിച്ചതാണ്. ഞാൻ എണീറ്റു എന്ന് കണ്ടാൽ ആ നിമിഷം പപ്പ എനിക്ക് വേണ്ടി പുതിയ ചായ തിളപ്പിക്കും. അങ്ങനെ കിട്ടിയ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ Tony മമ്മിയെ ഫോൺ കാണിച്ച് എന്തോക്കെയോ പറയുന്നത് കേട്ടു. മമ്മി അത് കേട്ട് പേടിക്കുകയാണ്.. തിരിച്ച് അവനോട് എന്നൊക്കെയോ ചോദിക്കുന്നുമുണ്ട്. എനിക്കൊന്നും മനസിലായില്ല. ഞാൻ മമ്മിയോട് ” Breakfast ” എടുത്ത് തരാൻ പറഞ്ഞ് അവിടുന്ന് മാറ്റി അടുക്കളയിലേക്ക് വിട്ടു. ഞൊടിയിടയിൽ പ്ലേറ്റിൽ ഭക്ഷണം കൊണ്ട് തന്നിട്ട് മമ്മി എങ്ങോട്ടോ പോയി. പ്രാതൽ കഴിച്ചു കൊണ്ടിരുന്നതിനിടയിൽ Tony എന്റടുത്ത് വന്നു പറഞ്ഞു ഞീഴൂരിൽ ഏതോ അജ്ഞത്ത ജീവി ഇറങ്ങിയെന്ന്. ഈ വാർത്ത എല്ലാ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ പരക്കുകയാണെന്നും സംഗതി സത്യമാണെന്നും പറഞ്ഞു. അത് കേട്ട് ഒരു നിമിഷം കഴിപ്പ് നിർത്തി ഞാൻ ടോണിയെ തല ഉയർത്തി നോക്കി.. കൃത്രിമമായ അൽഭുതം മുഖത്ത് കാണിച്ച് ഒരു പ്രത്യേക തരം ചിരിയും ചുണ്ടിൽ വരുത്തി Tony വാർത്ത വായിച്ച് വിശദീകരിച്ച് തരികയാണ്.

ഞങ്ങളുടെ 13 ആം വാർഡ് മെമ്പർ ശരത് ശശി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത വാർത്തയാണ് Tony വിശദീകരിക്കുന്നത്. വാർത്ത പ്രകാരം കഴിഞ്ഞ ഏതോ ദിവസം രാത്രി 11 മണിയോട് കൂടി ഞീഴൂരിലെ കാപ്പംതല എന്ന സ്ഥലത്ത് (10 ആം വാർഡ്) പള്ളിക്ക് സമീപം പുലിയോട് സാദൃശ്യമുള്ള ഒരു ജീവിയെ ഒരാൾ കണ്ടുവെന്നും, ആ ജീവിയുടെ ആക്രമണത്തിൽ നിന്നും അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. കൂടാതെ 10 ആം വാർഡ് മെമ്പറായ ശ്രീ തോമസ് പനയ്ക്കൻ ഫോറസ്റ്റുകാരെ അറിയിച്ച പ്രകാരം അവർ വന്ന് അന്വേഷണം നടത്തിയതായും , വന്യജീവിയുടെ സാന്നിധ്യം ഉള്ളതായി അവർ സംശയിക്കുന്നു എന്നും ജനങ്ങളോട് ജാകരൂകരായിരിക്കുവാൻ നിർദേശിച്ചതായും പറയുന്നു.

എന്ത്? ഞീഴൂരിൽ അജ്ഞാത ജീവിയോ? നല്ല തമാശ. ഏതായാലും വന്യ ജീവികൾ ഒന്നും ആയിരിക്കാൻ വഴിയില്ല. കാരണം ഇവിടെ വന്യജീവികൾ ഇറങ്ങിയ ചരിത്രം ഉണ്ടായിട്ടില്ല. At least കഴിഞ്ഞ 75 വർഷമായിട്ട് ഒന്നുമില്ല. ഞാൻ 75 വയസുള്ള എന്റെ പപ്പയോട് ചോദിച്ചറിഞ്ഞതാണ്. മാത്രമല്ല, ഇവിടെ അതിന് ഒരു സാധ്യതയുമില്ല. ചുറ്റും ടൗണുകളാണ്. അതിനിടയിലൂടെയൊന്നും ഒരു വന്യ ജീവിക്കും ഇവിടെയെത്താൻ കഴിയില്ല. തന്നെയുമല്ല, ഈ കേട്ട വാർത്തക്ക് യാതൊരു ആധികാരികറ്റയും ഇല്ലല്ലോ! ഇതൊരു വാട്സ് ആപ്പ് ഗ്രൂപിൽ വന്ന വാർത്തയല്ലേ!

പെട്ടന്നാണ് ഞാൻ വേറൊരു കാര്യം ഓർത്തത്. ഈ വാർത്ത വരുന്നതിന് അൽപ ദിവസം മുന്നേ April Fool ആയിരുന്നല്ലോ എന്നുള്ളത് ! അപ്പോൾ അതാണ് സംഗതി! ആരെയോ ഫൂളാക്കാൻ ഏതോ അലവലാതികൾ പടച്ചുവിട്ട April Fool മെസേജ് ആണിത്. ഇപ്പോളാണ് അത് നമ്മുടെ ഗ്രൂപ്പിൽ എത്തിപ്പെട്ടത് എന്ന് മാത്രം. ഏതായാലും സംഗതി ഏറ്റു. ചിലരെങ്കിലും പേടിച്ച് കാണണം. Tony മമ്മിയെ വീണ്ടും പറഞ്ഞ് പേടിപ്പിക്കുകയാണ് , അവൻ കൂടെ കൂടെ ചിരിക്കുന്നും ഉണ്ട്. ഞാൻ ടോണിയെ നോക്കി എല്ലാം മനസിലായി എന്ന രൂപേണ തലയാട്ടി ചിരിച്ചു. എന്തായാലും എന്നെ ഫൂളക്കാൻ ഇതൊന്നും പോര എന്ന് പറഞ്ഞ് ഞാൻ റൂമിൽ ചെന്ന് വർക്ക് തുടങ്ങി.

ഒരു 10 മിനിട്ടിന് ശേഷം എന്റെ വാട്സാപ്പിലേക്ക് Abin ന്റെ ഒരു മെസേജ് വന്നു. ഇതാണ് ആ മെസേജ് :

“*ഞീഴൂർ പഞ്ചായത്ത് 10ആം വാർഡിൽ കാപ്പുതല പള്ളിക്ക് സമീപം ഇന്നലെ രാത്രി 10.30 ഓടെ പുലിയോട് സാമ്യമുള്ള ഒരു ജീവി ശ്രീ ജോമോൻ മാപ്പിള പറമ്പിൽ എന്ന വ്യക്തിയെ ആക്രമിക്കാൻ ശ്രെമിച്ചു. കഴ്ട്ടിച്ചാണ് രക്ഷപ്പെട്ടത് എന്ന് ശ്രീ ജോമോൻ പറഞ്ഞു. ആഴ്ച്ചകൾക്ക് മുൻപ് തൊട്ടുകണ്ടത്തിൽ അഭിലാഷ് എന്ന ആളും ഇതുപോലൊരു ജീവി റോഡ് ക്രോസ്സ് ചെയ്യുന്നതായി കണ്ടു എന്ന് അറിയിച്ചു. വാർഡ് മെമ്പർ തോമസ് പനക്കൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി സംഭവ സ്ഥലം പരിശോധിച്ചു. CCTV പരിശോധിക്കാനും, വളർത്ത് മൃഗങ്ങളെ ആക്രമിക്കുന്നുണ്ടോ എന്ന് ജനങ്ങൾ ശ്രെദ്ധിക്കണം എന്നും ജാഗ്രത പാലിക്കണം എന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് വാർഡ് മെമ്പർ ശ്രീ,തോമസ് പനക്കൻ അറിയിച്ചു.*”

കുറച്ച് മുന്നേ Tony ഞങ്ങൾക്ക് വിശദീകരിച്ച് തന്ന വാർത്ത തന്നെ. Abin എനിക്ക് അത് personal ആയി അയച്ചിരിക്കുകയാണ്. എനിക്കതിന്റെ സത്യാവസ്ഥ മനസിലായി എന്നും അത് April Fool ന്റെ പറ്റീര് മെസേജ് ആണെന്നും Abin ന് ഞാൻ voice message അയച്ചു. പക്ഷേ സംഗതി സത്യമാണ് എന്ന് അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഒരു സംശയം. ഞാൻ ഉടനെ ഞങ്ങളുടെ വാർഡ് മെമ്പർ ശരത് ശശിയെ വിളിച്ചു. ശരത് പറഞ്ഞപ്പോൾ മാത്രമാണ് കേട്ട കാര്യം ഗൗരവമുള്ളതാണ് എന്ന് മനസിലായത്. 3 ആം തീയതി രാത്രി 11 മണിക്ക് മാപ്പിള പറമ്പിൽ ജോമോൻ എന്നയാളും അതിന് മുമ്പ് തോട്ടുകണ്ടത്തിൽ അഭിലാഷ് എന്നയാളും പുലിക്ക് സമാനമായ ഏതോ ജീവിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവിടമാകെ പരിശോധിക്കുകയും ചെയ്തിരിക്കുന്നു.. സാഹചര്യ തെളിവുകൾ വച്ച് ജീവിയെ തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല എങ്കിലും ജനങ്ങൾ ജാകരൂകരായിരിക്കുവാൻ അവർ പറഞ്ഞിരിക്കുകയാണ്. വളർത്തു മൃഗങ്ങളെ കാണാതായാൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ അവർ ജനങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്.

ഇതെല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. ഒരു കാര്യവും ഇല്ലാതെ, ഒരു സ്ഥിതീകരണവും ഇല്ലാതെ ആ ഉദ്യോഗസ്ഥർ ഇങ്ങനെയൊരു മുന്നറിയിപ്പ് ജനങ്ങൾക്ക് കൊടുക്കുമോ? അവർ ഇത് പോലെ എത്രയോ കേസുകൾ കണ്ടിരിക്കുന്നു. അവർക്ക് എന്തോ സൂചന കിട്ടിയിട്ടുണ്ട്. ജനങ്ങൾ ഭയപ്പെടാതിരിക്കുവാൻ വേണ്ടി ഒന്നും വിട്ട് പറയാതെ ഒരു മുന്നറിയിപ്പിൽ ഒതുക്കിയതാവാനാണ് സാധ്യത. അല്ലങ്കിൽ ജനങ്ങൾ പ്രശ്നമുണ്ടാക്കും, മീഡിയ വരും, ഉദ്യോഗസ്ഥർക്ക് സമ്പർദ്ദം കുടും… അത് ചിലപ്പോൾ അവർ താൽപര്യപ്പെടുന്നുണ്ടാവില്ല. എന്തിരുന്നാലും, ഇത് അത്ര നിസാര സംഭവം അല്ല. നല്ല ഗൗരവ സ്വഭാവമുള്ളത് തന്നെയാണ്. പുലിയോട് സാദൃശ്യമുള്ള വലിയ ഒരു ജീവി എന്നത് ഒരു പക്ഷേ പുലി ആയിക്കൂടാ എന്നില്ലല്ലോ ! നമ്മുടെ നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന കാട്ടുമാക്കാൻ , പാക്കാൻ, വളളിപ്പുലി എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടുപൂച്ച ആണ് ഇവിടെയുള്ള വലിയ പൂച്ച വർഗ്ഗം. അതിനെ നാട്ടിലെ ഒട്ടുമിക്ക ആളുകളും ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളിൽ കണ്ടിട്ടുള്ളതാകയാൽ അതിനെ വീണ്ടും കണ്ടാൽ അവർക്ക് തിരിച്ചറിയാൻ സാധിക്കും. എന്നാൽ ഇവിടെ കണ്ടത് കാട്ടുപൂച്ചയെ അല്ല എന്ന് അവർ ഉറപ്പിച്ച് പറയുന്നത് ഭീതിയുളവാക്കുന്നു.

ഞാൻ അക്ഷരാർഥത്തിൽ പേടിച്ചിരിക്കുകയാണ്. പുലിയുടെ ആകാരവും , അവന്റെ കഴിവുകളും, ആക്രമണ രീതിയും എല്ലാം ഇന്റർനെറ്റിൽ കണ്ട് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ആകെ പരിഭ്രമിച്ചു. 50 കിലോക്ക് മുകളിൽ ഭാരമുള്ള മാനിനെ പതിയിരുന്ന് പിടിച്ച് കടിച്ചെടുത്ത് മരത്തിന് മുകളിൽ നിഷ്പ്രയാസം ചാടിക്കയറുന്ന പുലിയുടെ വീഡിയോകൾ എത്രയോ കണ്ടിരിക്കുന്നു. കടുവയുടെ അത്ര വരില്ലങ്കിലും കാട്ട് മൃഗങ്ങളുടെ പേടി സ്വപ്നമാണ് പുലി. പക്ഷേ നാട്ടിലിറങ്ങിൽ പുലിയുടെ രീതിയേ മാറും. അവൻ ആദ്യം തന്നെ തമ്പടിച്ചിരിക്കുന്ന കുറ്റിക്കാടുകളിലെ ചെറു ജീവികളെ മുഴുവൻ ഭക്ഷിച്ചു തീർക്കും. ശേഷം നാട്ടിലെ തെരുവു നായ്ക്കളെ കടിച്ചെടുത്ത് കൊണ്ട് പോയി അവന്റെ താവളത്തിൽ ഇരുന്ന് തിന്നും. പുലിയെ സംബന്ധിച്ചിടത്തോളം അവന് നിഷ്പ്രയാസം കീഴടക്കാൻ സാധിക്കുന്ന ജീവിയാണ് നായ / പട്ടി. അങ്ങനെ എളുപ്പത്തിൽ തീർക്കാൻ സാധിക്കുന്ന തെരുവു പട്ടികൾ ഏതാണ്ട് ഇല്ലാതാവുമ്പോളാണ് അവൻ വളർത്ത് മൃഗങ്ങളുടെ നേർക്ക് തിരിയുന്നത്. ആടിനെയും , കോഴിയെയും , ചെറിയ കന്നു കാലികളെയും , വളർത്തു നായ്ക്കളെയും ഒക്കെ പുലി കടിച്ചെടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അത് വളരെ ഭീകരമായ അവസ്ഥയാണ്. അതിലും ഭീകരമാണ് വേണ്ടി വന്നാൽ പുലി മനുഷ്യനെയും ആക്രമിക്കും എന്ന് തിരിച്ചറിയുമ്പോൾ. മനുഷ്യരെ കാണുന്നത് അവർക് ഭയമാണ് എങ്കിലും കുട്ടികളെ പുലി പിടിച്ച വാർത്തകൾ എത്രയോ വട്ടം നമ്മൾ കേട്ടിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി മാസം പോലും തമിഴ് നാട്ടിൽ അത്തരം ഒരു ഭീകര സംഭവം നമ്മൾ കണ്ടതാണ്. ഭക്ഷണത്തിന് വേണ്ടിയല്ലെങ്കിലും സ്വയരക്ഷക്ക് വേണ്ടി പുലി മുതിർന്ന മനുഷ്യനെ പോലും ആക്രമിക്കും എന്നതിൽ ഒരു സംശയവും വേണ്ട.

ഈ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. എന്റെ വീട്ടിൽ ഒരു കുട്ടിയുണ്ട് , പ്രായമായ അപ്പനമ്മമാരുണ്ട് , സ്നേഹിച്ച് വളർത്തുന്ന ഒരു മിടുക്കൻ പട്ടിയുണ്ട്. തീരെ കുഞ്ഞായിരുന്നപ്പോൾ കഴുത്തിൽ ഒരു ചെറിയ ബെൽറ്റുമായി വന്നു കയറിയതാണ് അവൻ. പിന്നീട് അവൻ ഞങ്ങളിൽ ഒരാളായി. പേരൊന്നും ഇട്ടിട്ടില്ലെങ്കിലും അവന്റെ ജോലി വളരെ കൃത്യമായി തന്നെ അവൻ ചെയ്യുന്നുണ്ട്. ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല. ഇവിടെ ഇറങ്ങിയിരിക്കുന്നത് എന്ത് ജീവിയാണെന്ന് എനിക്കും അറിയില്ല. എങ്കിലും ഇറങ്ങിയത് പുലി തന്നെ എന്ന് ഞാൻ സ്വയം വിശ്വസിച്ചു. ആ ജീവിയെ കണ്ടു എന്ന് പറയുന്ന സ്ഥലം ഞങ്ങൾ താമസിക്കുന്നതിന് 2 കിലോമീറ്ററോളം മാറിയാണ്. എങ്കിലും പുലിയെ പോലുള്ള ഒരു ജീവിയെ സംബദ്ധിച്ച് 5 മിനിട്ടിന്റെ കാര്യമേ ഉള്ളൂ അവിടെ നിന്ന് ഇവിടെ എത്താൻ . മാത്രമല്ല അതൊരു പുലിയാണെങ്കിൽ അതിന് ഈ നാട്ടിൽ ജീവിക്കാൻ ഏറ്റവും പറ്റിയ സ്ഥലം ഞങ്ങളുടെ ഏരിയയാണ്. വിദേശ പൗരത്വം നേടി ഇവിടെ നിന്ന് പോയ അനവധി ആളുകൾ ഉപേക്ഷിച്ചിട്ടിരിക്കുന്ന, ആയിരക്കണക്കിന് ഏക്കർ വരുന്ന, കാടു കയറിക്കിടക്കുന്ന തോട്ടങ്ങളും പറമ്പുകളുമാണിവിടെ കൂടുതലും. ഒളിച്ചിരിക്കാൻ വലിയ മരങ്ങളും , താമസിക്കുവാൻ ചെറിയ ഗുഹകളും , ദാഹമകറ്റാൻ ഉറവ ചാലുകൾ കെട്ടിക്കിടന്ന് ഉണ്ടായ ഓലികളും , എന്ന് വേണ്ട ഭക്ഷിക്കാൻ ഇഷ്ടം പോലെ മരപ്പട്ടിയും, കാട്ടുമുയലും , അണ്ണാനും , ഉടുമ്പും, മറ്റനേകം ജന്തുക്കളുമുള്ള ഒന്നാം തരം ആവാസവ്യൂഹമാണ് ഇവിടം. ഒരിക്കൽ എത്തിപ്പെട്ടാൽ പുലി ജീവിതത്തിൽ ഇവിടം വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവില്ല എന്ന് ചുരുക്കം.ഇതറിഞ്ഞതിന് ശേഷം ഉള്ളിൽ ഒരു തരം വ്യത്യസ്തമായ അനുഭൂതി ആയിരുന്നു. ദൂര നാടുകളിൽ മനുഷ്യർ വന്യജീവികൾ മൂലം അനുഭവിച്ച ബുദ്ധിമുട്ടുകളുടെയും , കഷ്ടപ്പാടിന്റെയും , നഷ്ടപ്പെടലുകളുടെയും കഥകൾ നമ്മൾ എന്നും കേൾക്കുന്നതാണ് എങ്കിലും അവറ്റകൾ ഭീതി കോരിയിട്ട മനുഷ്യ മനസുകളുടെ ആ വികാരം ചെറിയ അളവിൽ ജീവിതത്തിൽ ആദ്യമായി ഞാൻ ഇപ്പോൾ അനുഭവിച്ചു. TV ലെ ന്യൂസ് ചാനലുകളിൽ നാം കാണുന്ന ഇത്തരം വാർത്തകളിലെ ഇരകളോട് നമുക്ക് തോന്നുന്ന സഹാനുഭൂതി അല്ല അത്.. ഇതാണ് ഒന്നാം തരം പേടി അഥവാ ഭയം. നമ്മുടെ നിസ്സഹായ അവസ്ഥയിൽ നമ്മുടെ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും വരുമോ എന്നുള്ള ഭയം. മുറ്റത്തിറങ്ങി ചുറ്റും നോക്കുമ്പോൾ കാണുന്ന കാടുകയറിയ , ആരും വെട്ടാനില്ലാത്ത റബ്ബർ തോട്ടങ്ങളിലെ ഇരുട്ട് എന്നെ വല്ലാണ്ട് സ്വൈര്യം കെടുത്തി. എവിടെയോ എന്തോക്കെയോ പ്രശ്നമുള്ളത് പോലെ . അങ്ങനെ കരുതാൻ ഒരു കാരണവും ഉണ്ട്. നിലവിൽ ഇവിടെ കുറുനരി കൂട്ടത്തിന്റെ ശല്യമുണ്ട്. വർഷങ്ങളായി ഇത് തുടങ്ങിയിട്ട്. എവിടെ നിന്ന് വന്നു എന്നറിയില്ല , ഏറ്റവും കുറഞ്ഞത് മൂന്ന് കുറുനരി കൂട്ടങ്ങൾ എങ്കിലും ഞങ്ങളുടെ ഈ പരിസര പ്രദേശത്ത് ഉണ്ട്. ഈ ഇടയായി അവറ്റകളെ കാണുന്നില്ലങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങൾ മുൻപ് വരെ അവർ ഇതിലേ വിഹരിക്കുകയായിരുന്നു. എട്ടോ പത്തോ പേരുടെ കൂട്ടമായി വൈകുന്നേരങ്ങളിൽ അടുത്തുള്ള പറമ്പിലൂടെ അവർ സഞ്ചരിക്കുന്നതും രാത്രിയിൽ എന്തോ വികൃതമായ ശബ്ദത്തിൽ ഓരിയിടുന്നതും പതിവായിരുന്നു. കാട്ടിൽ കിടന്നിരുന്ന കുറുനരി കൂട്ടത്തിന് ഇവിടെ എത്താൻ പറ്റുമെങ്കിൽ എന്തുകൊണ്ട് ഒരു പുലിക്ക് ആയിക്കൂടാ?! ആ ചിന്തയാണ് എന്നെ ഭയപ്പെടുന്നതും. രാത്രിയിൽ കതകുകൾ എല്ലാം നേരത്തേ കുറ്റിയിട്ട് പൂട്ടി, കൊതുകുവലയിട്ട് മറച്ച ജനലുകളിലൂടെ പുറത്തെ മരക്കൂട്ടത്തിലേക്ക് ഞാൻ വീണ്ടും വീണ്ടും തുറിച്ച് നോക്കി കൊണ്ടിരുന്നു. അടുത്തെവിടെയെങ്കിലും ഒരു ഇലയനക്കമോ മുരൾച്ചയോ കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർക്കും. പട്ടിയുടെ ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ടാൽ ഉടൻ ഞാൻ പുറത്തിറങ്ങി അവന്റെ നേരേ നോക്കും. അവിടെ ഒന്നുമില്ല എന്നറിയാമെങ്കിലും എന്തോ ഒരു വിശ്വാസക്കുറവ്. അങ്ങനെ ഒരു രാത്രി കടന്നു പോയി.

പിറ്റേന്ന് ഞാൻ വാർത്തകളുടെ പുറകേ പോയില്ല. ഭയപ്പാടല്ല , മുൻകരുതലാണ് വേണ്ടത് എന്ന് ഞാൻ തിരിച്ചറിഞ്ഞു.”ഏറ്റവും മോശം അവസ്ഥയെ നേരിടാൻ നമ്മൾ മനസു കൊണ്ട് തയ്യാറായാൽ പിന്നീട് എന്ത് സംഭവിച്ചാലും അതിനെ നമ്മൾ ചെറുത്തു തോൽപ്പിക്കും എന്നതാണ് സത്യം. സ്വയം ഉരുത്തിരിച്ചെടുത്ത ആ സത്യത്തെ സ്വീകരിച്ചു കൊണ്ട് ആ ജീവി നാളെ ഇവിടെയുമെത്തും എന്ന ബോധ്യത്തോടെ കാര്യങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചു. നമ്മുടെ വേണ്ടപ്പെട്ടവരെയും, നമുക്ക് ചുറ്റുമുള്ളവരെയും , നമ്മളെ ആശ്രയിക്കുന്ന ജീവികളെയും സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. അതുകൊണ്ട് തന്നെ വളരെ കർശനമായ ചില തീരുമാനങ്ങളും ഞാനെടുത്തു. – ഒരു കാരണവശാലും വീടിന്റെ വാതിലുകൾ തുറന്നിടില്ല, കാര്യത്തിന് തീരുമാനം ഉണ്ടാവും വരെ ഉണ്ണിക്കുട്ടനെ പുറത്തിറക്കില്ല , ഇറങ്ങിയാൽ എല്ലാവരം ഒന്നിച്ച് ഇറങ്ങും, കയ്യിൽ എന്തെങ്കിലും ആയുധങ്ങളും കരുതും, ഇരുട്ടായിൽ പുറത്തോ മുറ്റത്തോ ഒരു പരിപാടിയും നടത്തില്ല, പട്ടിയെ തുറന്ന് വിടില്ല എന്നിങ്ങനെ പലതും. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ വീട്ടിലുള്ളവർക്ക് ആദ്യം വീഴ്ചകൾ സംഭവിച്ചെങ്കിലും എന്റെ വഴക്ക് പറച്ചിൽ കേട്ട് സഹി കെട്ട് എല്ലാവരും അത് അനുസരിച്ച് തുടങ്ങി. കൊച്ചു കുട്ടികളുള്ള അയൽപക്കത്തുള്ള ചേട്ടന്മാരെ വിളിച്ച് കുട്ടികളെ ഒറ്റയ്ക്ക് പുറത്തിറക്കരുത് എന്ന് അറിയിച്ചു. ഒരു ആക്രമണം ഉണ്ടായാൽ ആ ജീവിയെ ചെറുക്കാൻ പ്രാപ്തമായ ഏതാനും ചില ആയുധങ്ങൾ എപ്പോളും കൈയെത്തുന്ന അകലത്ത് സൂക്ഷിച്ചിരുന്നു. കൈയ്യിലൊതുങ്ങുന്ന ഒരു അറക്കവാളും, മുകളിൽ ഷീറ്റിട്ടതിന്റെ പണി കഴിഞ്ഞപ്പോൾ മിച്ചം വന്ന കൂർത്ത് നീളമുള്ള ഇരുമ്പ് പൈപ്പിന്റെ കഷ്ണങ്ങളും , ഗ്യാസുള്ള പഴയ പെർഫ്യും ബോട്ടിലും അത് കത്തിക്കാൻ ഉള്ള ലൈറ്ററും തുടങ്ങി പലതും ഞാൻ കരുതിവച്ചു. അത് കണ്ടവരും, ഇത് വായിക്കുന്നവരും, ഞാൻ ഈ പറയുന്നതൊക്കെ കേൾക്കുന്നവരും എന്നെ ഭ്രാന്തൻ എന്ന് വിളിക്കും എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല , എങ്കിലും ഈ ചെയ്യുന്നതിലൊക്കെ എന്തോ ഒരു ശരിയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ശാരീരികവും മാനസികവുമായി തയ്യാറെടുത്ത് , ഞീഴൂരിലെത്തിയ ആ അജ്ഞാത സന്ദർശകനെ പറ്റിയുള്ള പുതിയ വാർത്തകൾക്കായി ഞാൻ കാത്തിരുന്നു.

06 April 2025 – ഞായറാഴ്ച : വീണ്ടുമൊരു രാത്രി കൂടി കടന്നു പോയിരിക്കുന്നു. എണീറ്റത് എപ്പോളാണന്ന് കൃത്യമായി ഓർമ്മയില്ല. അജ്ഞാത ജീവിയോടുള്ള പേടി ഏതാണ്ട് കുറഞ്ഞിരിക്കുന്നു. പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതോ, ആ ജീവിയെപ്പറ്റിയുള്ള വാർത്തകൾ പിന്നീട് കേൾക്കാത്തതോ ഒക്കെ കൊണ്ടാവാം. ഒരു പക്ഷേ ആ ജീവി ഇതിനോടകം ഇവിടം വിട്ട് മറ്റെവിടേക്കെങ്കിലും പോയിട്ടുമുണ്ടാകും. പോയിട്ടില്ല എങ്കിൽ അധികം താമസിയാതെ അവൻ വേരൊരാളുടെ മുന്നിൽ പ്രത്യക്ഷപ്പെടും എന്നത് ഉറപ്പാണ്. അജ്ഞാത ജീവിയുടെ പിന്നാലെ ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്യാൻ ബാക്കി വച്ച വർക്കുകൾ കുറേ ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ ഞായറാഴ്ച ആയിട്ടും വർക്കിന് കയറി. അപ്പോളതാ വീണ്ടും Abin Shoji യുടെ Whatsapp മെസേജ്. ഞായറാഴ്ച ആയതിനാൽ Abin ലീവാണ്. ഞാൻ ആകാംക്ഷയോടെ ആ മെസേജ് തുറന്ന് നോക്കി. ഒരു ഫോട്ടോയും , ഒരു വീഡിയോയും…!! ഫോട്ടോയിൽ ഏതോ ഒരു ജീവിയുടെ വലിയ കാൽപാട്. വീഡിയോയിൽ ഫോറസ്റ്റുകാർ ആ കാൽപാട് മാർക്ക് ചെയ്യ്ത് പരിശോധിക്കുന്ന കാഴ്ചയും.. !! സ്ഥലം കാപ്പുംതല പള്ളിയുടെ സമീപത്തുള്ള ഏതോ ഒരു വീടിന്റെ പരിസരം. ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. ഇപ്പോൾ തന്നെ അവിടേക്ക് പോകണമെന്ന് തീരുമാനിക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഉടനെ Abin നെ വിളിച്ച് വരുത്തി തെളിവെടുപ്പിനായി Camera എല്ലാം റെഡിയാക്കി വച്ചു. ഞാനും ടോണിയും എബിനും കൂടിയാണ് പോവാൻ പ്ലാൻ ചെയ്തത്. ഇറങ്ങിയപ്പോൾ ശരണ്യയും ഉണ്ണിക്കുട്ടനും കൂടി വണ്ടിയിൽ കയറി. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി കാലടയാളം കണ്ട സ്ഥലം ലക്ഷ്യമാക്കി യാത്ര തിരിച്ചു.